സൂര്യകാന്തിപ്പൂക്കൾ വിടർന്നുനിൽക്കുന്ന പാടം ആരെയാണ് ആകർഷിക്കാത്തത്. നല്ല വരുമാനം തരുന്നതു കൊണ്ട് തന്നെ സൂര്യകാന്തി കൃഷി ചെയ്യുന്നവരുടെ എണ്ണമിപ്പോൾ കൂടി വരികയാണ്. ആദ്യമായി കൃഷിയിലേക്ക് തിരിയുന്നവർ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതിനായി ആദ്യം വേണ്ടത് കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലം ഒരുക്കുക എന്നതാണ്. അതിനായി നന്നായി പാടം ഉഴുത് പരുവപ്പെടുത്തിയ ശേഷം ജൈവവളം ചേർത്ത് നിലമൊരുക്കണം. ശേഷം വാരകളെടുത്ത് വിത്ത് നടാം. ദിവസവും വെള്ളമൊഴിക്കുന്നത് നന്നായി പൂവിടാൻ സഹായിക്കും. വരണ്ട മണ്ണിൽ ചെടികൾ പുഷ്പിക്കാനുള്ള സാദ്ധ്യതയില്ല. കളകൾ പറിച്ചു നീക്കണം. മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ പുതയിടൽ നല്ലതാണ്. പൂക്കാലമായാൽ ചെടികൾക്ക് താങ്ങുകൊടുക്കുന്നത് നല്ലതാണ്. മഴയിലും ശക്തമായ കാറ്റിലും താഴെ വീണു പോകാതിരിക്കാൻ ഇത് നല്ലതാണ്. നട്ടു കഴിഞ്ഞാൽ രണ്ട് മാസം പിന്നിടുമ്പോൾ പൂവിടും. ജനുവരി, ഫെബ്രുവരി മാസങ്ങളാണ് കൃഷിക്ക് അനുയോജ്യം. ഒരു ചെടിയിൽ നിന്ന് ഏതാണ്ട് പത്ത് പൂക്കൾ വരെ ലഭ്യമാകും.
പക്ഷികളും മറ്റ് മൃഗങ്ങളും സൂര്യകാന്തിയുടെ തൈകൾ നശിപ്പിക്കുമെന്നതിനാൽ സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധ വേണം. നല്ല നീർവാർച്ചയുള്ള മണ്ണാണ് സൂര്യകാന്തി വളരാൻ ആവശ്യം. വളരെ പെട്ടെന്ന് വളരുന്നവയാണ് ഈ ചെടികൾ. ഇടയ്ക്ക് ഫോസ്ഫറസും പൊട്ടാസ്യവും ചെടികൾക്ക് ചേർത്ത് കൊടുക്കുന്നതും വളർച്ച ത്വരിതപ്പെടുത്തും. പൂക്കളോടുള്ള ഇഷ്ടം കൊണ്ട് ഗ്രോബാഗുകളിൽ വളർത്തുന്നവരുമുണ്ട്.