ഇംഗ്ളണ്ടിനെ ടെസ്റ്റ്,ട്വന്റി-20,ഏകദിന പരമ്പരകളിൽ കീഴടക്കി ഇന്ത്യ
ഫെബ്രുവരി ഒൻപതാം തീയതി ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 227 റൺസിന്റെ വമ്പൻ പരാജയമേറ്റുവാങ്ങി കൊഹ്‌ലിയും കൂട്ടരും മടങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മുന്നിൽ വലിയൊരു ആശങ്ക ഉയർന്നിരുന്നു. ആസ്ട്രേലിയയിൽ വിശ്വ വിജയം നേടി തിരികെയെത്തിയ ഇന്ത്യൻ സംഘം സ്വന്തം മണ്ണിൽ സോപ്പുകുമിളയാകുമോ എന്നായിരുന്നു ആ പേടി. എന്നാൽ കഴിഞ്ഞ രാത്രി പൂനെയിൽ ഏകദിനപരമ്പരയും നേടി വിരാട് കൊഹ്‌ലിയും കൂട്ടരും നെഞ്ചും വിരിച്ച് നിന്നപ്പോൾ ആശങ്കകളൊക്കെയും അലിഞ്ഞലിഞ്ഞ് ഇല്ലാതാവുകയായിരുന്നു.
ടെസ്റ്റ്,ട്വന്റി-20,ഏകദിനം എന്നിങ്ങനെ മൂന്ന് ഫോർമാറ്റുകളിലും പരമ്പര നേടിയാണ് ഇന്ത്യ തങ്ങളുടെ അഭിമാനം വാനോളമുയർത്തിയത്. ആദ്യം നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ദയനീയമായി തോറ്റെങ്കിൽ തുടർന്നുള്ള മൂന്ന് മത്സരങ്ങളിലും അഭിമാനാർഹമായ വിജയം നേടി.227 റൺസിന് തോറ്റ അതേ ചെപ്പോക്കിൽ രണ്ടാം ടെസ്റ്റ് ജയിച്ചത് 317 റൺസിനാണ്. മൊട്ടേറയിലെ മോദി സ്റ്റേഡിയത്തിൽ പരമ്പരയിലെ ഏക പിങ്ക് ടെസ്റ്റ് പത്തുവിക്കറ്റിനും അവസാന ടെസ്റ്റ് ഇന്നിംഗ്സിനും ഇന്ത്യ തൂത്തുവാരി.ഇന്ത്യയ്ക്ക് ജയിക്കാൻ മൂന്ന് മത്സരങ്ങളിലും അഞ്ചുദിവസം തികച്ചുവേണ്ടായിരുന്നു. രണ്ടേ രണ്ടു ദിവസംകാെണ്ടാണ് പിങ്ക് ടെസ്റ്റിൽ വിജയം കണ്ടത്.
മൊട്ടേറയിലാണ് അഞ്ച് ട്വന്റി-20കളുടെ പരമ്പരയും അരങ്ങേറിയത്.ഇതിലും ആദ്യ വിജയം നേടാനുള്ള അവസരം ഇംഗ്ളണ്ടിന് കൊടുത്തു. രണ്ടാം മത്സരത്തിൽ ഇന്ത്യയും മൂന്നാം മത്സരത്തിൽ ഇംഗ്ളണ്ടും ജയിച്ചു. പിന്നെയുള്ള രണ്ട് മത്സരങ്ങളിലും ജയം ഇന്ത്യയ്ക്ക്. 3-2ന് പരമ്പരയും. ഈ വർഷം ഇന്ത്യയിൽ ട്വന്റി-20 ലോകകപ്പ് നടക്കാനിരിക്കേ അതുമുൻനിറുത്തിയുള്ള ഓപ്പണിംഗ് പരീക്ഷണമാണ് മൊട്ടേറയിൽ കണ്ടത്. ശിഖർ ധവാൻ-കെ.എൽ രാഹുൽ , കെ.എൽ രാഹുൽ -ഇശാൻ കിഷൻ,കെ.എൽ രാഹുൽ -രോഹിത് ശർമ്മ എന്നിങ്ങനെ പരീക്ഷിച്ച് അവസാന മത്സരത്തിൽ അത് രോഹിത് ശർമ്മ - വിരാട് കൊഹ്‌ലി സഖ്യത്തിൽ എത്തിനിന്നു.
ഏകദിനമത്സരങ്ങളിൽ അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. പതിവ് തെറ്റിച്ച് ആദ്യ മത്സരത്തിൽ വിജയിച്ചത് ഇന്ത്യ. രണ്ടാം മത്സരത്തിൽ വിജയം സന്ദർശകരുടേത്. അവസാന മത്സരത്തിൽ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് ഇന്ത്യൻ ആരാധകർ വിജയനിമിഷത്തിലേക്കെത്തിയത്. 330 റൺസിന്റെ ലക്ഷ്യം മറികടക്കാൻ എട്ടാം നമ്പരിലിറങ്ങിയ സാം കറാൻ 95 റൺസുമായി ഒറ്റയ്ക്ക് പൊരുതിയതാണ് മത്സരത്തിന്റെ ആവേശം വർദ്ധിപ്പിച്ചത്.