രാമനെത്തേടി വന്ന മാരീചൻ മായാസ്വരത്തിൽ വിലപിച്ചതുകേട്ട് ആശ്രമത്തിൽ ആകാംക്ഷാഭരിതയായിരിക്കുന്ന സീതാദേവി അസ്വസ്ഥയായി. എന്തോ സംഭവിച്ചിരിക്കുന്നു. ഉത്കണ്ഠയോടെ വൈദേഹി ലക്ഷ്മണനോടായി പറഞ്ഞു: അനുജാ ലക്ഷ്മണാ! എന്റെ മനസും പ്രാണനും അശാന്തമാകുന്നു. അതി വേഗം പുറപ്പെട്ട് ആര്യപുത്രനെ അന്വേഷിച്ച് കണ്ടെത്തുക. ദീനസ്വരത്തിൽ അദ്ദേഹം നിലവിളിക്കുന്നത് ഞാൻ വ്യക്തമായികേട്ടു. കൊടുംകാട്ടിൽ ആപത്തെന്തെങ്കിലും പിണഞ്ഞതാണോ? നിലവിളിക്കുന്ന ശബ്ദം അദ്ദേഹത്തിന്റേതാകണം. രക്ഷതേടി അലയുകയാകാം. സിംഹത്തിന്റെ മുന്നിൽപെട്ട കാളയെപ്പോലെ രാക്ഷസപ്പടയുടെ കൈയിൽ അകപ്പെട്ടിരിക്കുകയാകാം.
മനസിളകി വൈദേഹി ഇപ്രകാരം പറഞ്ഞെങ്കിലും ലക്ഷ്മണന് അല്പം പോലും കുലുക്കമുണ്ടായില്ല. സീതയെ സംരക്ഷിക്കണമെന്ന് കല്പിച്ചാണ് ജ്യേഷ്ഠൻ പോയത്. ആ വാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. ജ്യേഷ്ഠന് ഒന്നും സംഭവിക്കില്ല. വെറുതെ ആശങ്കപ്പെടുന്നതെന്തിന്? ഒരു ഭാവഭേദവുമില്ലാതെ ലക്ഷ്മണൻ നിൽക്കുന്നത് കണ്ടപ്പോൾ സീതയ്ക്ക് കോപം വന്നു. കഠിനമായ വാക്കുകൾ ദേവിയിൽ നിന്ന് പുറപ്പെടാൻ തുടങ്ങി: അല്ലയോ ലക്ഷ്മണാ, നീ ബന്ധുഭാവത്തിൽ നിൽക്കുകയാണെങ്കിലും ജ്യേഷ്ഠന്റെ ശത്രുവാണ്. ആപത്തിൽ പെട്ടിരിക്കുന്ന അദ്ദേഹത്തെ രക്ഷിക്കണമെന്ന് തോന്നാത്തത് കഷ്ടമാണ്. എന്നെ നീ മോഹിക്കുന്നുണ്ടാകാം. അതുകൊണ്ടാവാം ജ്യേഷ്ഠനെ രക്ഷിക്കാൻ തോന്നാത്തത് നിനക്ക് സഹോദരസ്നേഹമില്ല. ജ്യേഷ്ഠന്റെ നാശം നീ ആഗ്രഹിക്കുന്നുണ്ടാകാം. നീയും ഞാനും ഇവിടെയെത്തിയത് ശ്രീരാമസഹായം കൊണ്ടാണ്. ആ ദിവ്യസോദരനെ രക്ഷിക്കുവാൻ നിനക്ക് തോന്നാത്തത് ക്രൂരതയാണ്. രാമന്റെ പ്രാണൻ ആപത്തിലാകുമ്പോൾ എന്നെക്കൊണ്ട് എന്ത് കാര്യം?
ഭയന്നുവിറച്ച ഒരു മാൻപേടയുടെ സ്വരമായിരുന്നു സീതയുടേത്. കണ്ണീർവാർത്ത് ഗദ്ഗദകണ്ഠയായ സീതയെകണ്ട് ഏറ്റവും വിനയത്തോടെ ലക്ഷ്മണൻ പറഞ്ഞു: ദേവി എന്തിനാണ് ഈ ആശങ്കകൾ? സർപ്പങ്ങൾക്കോ അസുരന്മാർക്കോ ദേവന്മാർക്കോ മനുഷ്യർക്കോ ജ്യേഷ്ഠനെ ജയിക്കാനാകില്ല. പിശാചുക്കളോ രാക്ഷസരോ മൃഗങ്ങളോ ദുഷ്ടരായ അസുരന്മാരോ ഒന്നിച്ചു വന്നാലും ജ്യേഷ്ഠനോട് പിടിച്ചുനിൽക്കാനാകില്ല. ദേവിക്കും അതറിയാമല്ലോ. എന്നിട്ടും എന്താണ് ഇങ്ങനെ ഉത്കണ്ഠപ്പെടുന്നത്. അമിതബലശാലികൾ പോലും ജ്യേഷ്ഠനോട് അടിയറവ് പറഞ്ഞുപോകും. രാക്ഷസന്മാർ വിഹരിക്കുന്ന ഈ കാനനമദ്ധ്യത്തിൽ ദേവിയെ തനിച്ചാക്കി പോകുന്നതും ശരിയല്ല.
ദേവേന്ദ്രനെ മുന്നിൽനിറുത്തി മൂന്നുലോകത്തുള്ളവർ സംയുക്തമായി വന്നാലും ജ്യേഷ്ഠനോട് എതിരിടാനാകില്ല. അജയ്യനായ ജ്യേഷ്ഠനെ കീഴ്പ്പെടുത്താൻ ഒരു ശക്തിക്കും ആകില്ല. അനാവശ്യമായ വിചാരവും വ്യസനവും ഉപേക്ഷിക്കുക. മായാമൃഗത്തെ നിഗ്രഹിച്ച് ഉടൻ തന്നെ ജ്യേഷ്ഠനെത്തും. കേട്ടത് ജ്യേഷ്ഠന്റെ ശബ്ദമല്ല. മായാസ്വരമാണ്. ഗന്ധർവനഗരം പോലെയുള്ള മായയാണ് മാരീചൻ കാട്ടിയത്.
ദേവിയുടെ സംരക്ഷണം എന്നെ ഏല്പിച്ചാണ് ജ്യേഷ്ഠൻ പോയത്. അതിൽ നിന്ന് വ്യതിചലിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഖരദൂഷണാദികളെ നിഗ്രഹിച്ചതിൽ രാക്ഷസർക്ക് ശത്രുതയുണ്ടാകും. അവർ പലതരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കും. അതുകേട്ട് ദേവി ചഞ്ചല ചിത്തയാകരുത്. സീതയെ ആശ്വസിപ്പിക്കാനാണ് ലക്ഷ്മണൻ ശ്രമിച്ചതെങ്കിലും അത് ഫലിച്ചില്ല. സീതയുടെ കോപം ഇരട്ടിച്ചു. കണ്ണുകൾ ചുവന്നു. പുരികങ്ങൾ ചുളിഞ്ഞു. പരുഷമായ വാക്കുകൾ പിന്നെയും പുറത്തുവന്നു.
ദയയില്ലാത്തവനും അധമരിൽ അധമനുമാണ് നീ. വംശത്തിന്റെ നാശകനും ദുഷ്ടനുമാണ്. ശ്രീരാമന് ദുഃഖമുണ്ടാകുന്നത് നീ ഇഷ്ടപ്പെടുന്നു. ആപത്തരികിലെത്തിയിട്ടും വെറുതെ ന്യായങ്ങൾ പറഞ്ഞുനിൽക്കുന്നത് അതുകൊണ്ടാണ്. നീ ഗൂഢശത്രുവാണ്. അങ്ങനെയുള്ളവരിൽ പാപകർമ്മതാത്പര്യം ഉണ്ടാകാം. കാട്ടിൽ ഏകനായി കഴിയുന്ന ജ്യേഷ്ഠനെ നീ പിന്തുടരുന്നത് നല്ല ഉദ്ദേശം കൊണ്ടാവില്ല. ഭരതൻ നിന്നെ അയച്ചതിനും മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടാകാം. നീ രാമനെ അനുഗമിക്കുന്നത് എന്നിലുള്ള മോഹം കൊണ്ടാകാം. പക്ഷേ നിനക്കോ ഭരതനോ നല്ല ഉദ്ദേശമാകില്ല. പക്ഷേ നിങ്ങളുടെ മോഹങ്ങൾ സഫലമാകില്ല.
ശ്യാമസുന്ദരമായ ശ്രീരാമന്റെ ധർമ്മപത്നി നിന്നെപ്പോലെയുള്ള ദുഷ്ടമനസ്കരെ ഒരിക്കലും ആഗ്രഹിക്കുകയില്ല. നീ ഒരുകാര്യം മനസിലാക്കുക. രാമനില്ലാതെ സീതയില്ല. നിന്റെ മുന്നിൽവച്ച് ഞാനിതാ പ്രാണത്യാഗം ചെയ്യും.
സീതാദേവിയുടെ അപ്രതീക്ഷിതവും കോപാകുലവുമായ വാക്കുകൾ ലക്ഷ്മണ ചിത്തത്തെ മുറിപ്പെടുത്തി. ശിരസിൽ കൈവച്ചുകൊണ്ട് വിഷാദസ്വരത്തിൽ ലക്ഷ്മണൻ പറഞ്ഞു: ദേവീ അവിടുന്ന് എനിക്ക് അമ്മയും ഈശ്വരിയുമാണ്. ഇതിൽ മറുപടി പറയാൻ എനിക്ക് ത്രാണിയില്ല. ഇത്തരം വാക്കുകൾ ഒരു സ്ത്രീയിൽ നിന്ന് ഉണ്ടായേക്കാം. അവർ ധർമ്മാധർമ്മങ്ങളറിയാത്തവരും ചഞ്ചലചിത്തരുമായിരിക്കാം. പക്ഷേ ദേവി അങ്ങനെയല്ലല്ലോ. വൈദേഹിയുടെ വചനങ്ങൾ ചെവികൾക്ക് പഴുപ്പിച്ച അമ്പുകൾ പോലെ. ഞാൻ അന്യായമായി ഒന്നും പറഞ്ഞില്ല. നാരികൾ സ്വതവേ ദുഷ്ടസ്വഭാവമുള്ളവരായിരിക്കാം. ദേവിയിൽ ഭക്തിയും ആദരവുമുള്ളയാളാണ് ഞാൻ. ഗുരുവചനങ്ങൾ ഒരിക്കലും ഞാൻ തെറ്റിക്കാറില്ല. എന്നെ സംശയിച്ചത് ക്രൂരമായിപ്പോയി. ഞാൻ ജ്യേഷ്ഠന്റെ അടുത്തേക്ക് പോകുന്നു. ദേവിക്ക് ശാന്തിഭവിക്കട്ടെ. വനദേവതമാർ ദേവിയെ കാത്തുരക്ഷിക്കട്ടെ. ദുർനിമിത്തങ്ങളാണ് ഞാൻ കാണുന്നത്. ജ്യേഷ്ഠനോടൊപ്പം മടങ്ങിയെത്തുമ്പോൾ നല്ലതുകാണാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അതീവദുഃഖത്തോടെ വിനയപൂർവ്വം ലക്ഷ്മണൻ ഇപ്രകാരം പറഞ്ഞെങ്കിലും സീത കണ്ണീരോടെ കടുത്തവാക്കുകൾ തുടർന്നു: ശ്രീരാമനെ പിരിഞ്ഞാൽ ഒന്നുകിൽ ഞാൻ ഗോദാവരിയിലേക്ക് ചാടും. അല്ലെങ്കിൽ കയറിലൊടുങ്ങും. അതുമല്ലെങ്കിൽ വിഷം കുടിക്കുകയോ യാഗാഗ്നിയിൽ ചാടുകയോ ചെയ്യും. ശ്രീരാമനെയല്ലാതെ മറ്റൊരു പുരുഷനെപാദം കൊണ്ടുപോലും ഞാൻ സ്പർശിക്കില്ല. മനസിൽ ചിന്തിക്കുകയുമില്ല. ലക്ഷ്മണനെ നിന്ദിച്ചു കൊണ്ടുള്ള വാക്കുകൾ സീത വീണ്ടും പുലമ്പിക്കൊണ്ടിരുന്നു.
അതുവകവയ്ക്കാതെ ലക്ഷ്മണൻ വീണ്ടും നല്ല വാക്കുകൾ ഓതിയെങ്കിലും സീത ഒന്നുംപറഞ്ഞില്ല. ദുഃഖിതയായികണ്ണീരൊഴുക്കുന്ന സീതയെ അരികിലെത്തി പ്രണമിച്ചു കൊണ്ട് അവിടം വിട്ടുപോകാൻ മനസുവരാതെ പലവട്ടം പിന്തിരിഞ്ഞു നോക്കികൊണ്ട് ലക്ഷ്മണൻ ശ്രീരാമനെ അന്വേഷിച്ചിറങ്ങി.
(ഫോൺ: 9946108220)