വിശ്വാസവും ശാന്തി നിറഞ്ഞുതുളുമ്പുന്നയിടമെന്ന് വിശേഷിപ്പിക്കാവുന്നതാണ് വേളാങ്കണ്ണി. ഏറെ പേര് കേട്ട ക്രൈസ്തവ തീർത്ഥാടനകേന്ദ്രമാണ് ഇവിടം. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ ഈ ദേവാലയം കിഴക്കിന്റെ ലൂർദെന്നും അറിയപ്പെടുന്നു. ദിവസവും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. 16ാം നൂറ്റാണ്ടിൽ ഇപ്പോൾ പള്ളി നിൽക്കുന്ന സ്ഥലത്തും സമീപദേശങ്ങളിലും ആരോഗ്യമാതാവെന്നറിയപ്പെടുന്ന വിശുദ്ധ മറിയത്തിന്റെ വിശേഷ ദർശനങ്ങളും അത്ഭുത പ്രവർത്തനങ്ങളും അനുഭവപ്പെട്ടുവെന്നാണ് വിശ്വാസം. ഇതേത്തുടർന്നാണ് റോമൻ കത്തോലിക്കാസഭയുടെ കീഴിലുള്ള വേളാങ്കണ്ണി പള്ളി സ്ഥാപിക്കപ്പെട്ടത്. ഉണ്ണിയേശുവിനെ കൈയിലേന്തിയുള്ള വേളാങ്കണ്ണി മാതാവിന്റെ രൂപം കാണാനും പ്രാർത്ഥിക്കാനുമായി എല്ലാ ജാതിമതക്കാരും ഇവിടേക്ക് എത്തുന്നുണ്ട്. പ്രതിവർഷം 20 ദശലക്ഷത്തോളം പേർ ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വേളാങ്കണ്ണിയിലെത്തുന്നുവെന്നാണ് കണക്ക്. സെപ്തംബർ മാസത്തിലെ എട്ടുനോമ്പ് പെരുന്നാളിനാണ് ഏറ്റവുമധികം തിരക്ക്. രാവിലെ അഞ്ചുമുതൽ വൈകീട്ട് ഒമ്പതുവരെ തുറന്നിരിക്കുന്ന പള്ളിയിൽ 5.45 മുതൽ രണ്ടുമണിക്കൂർ ഇടവിട്ട് തമിഴ്, ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ആരാധനക്കെത്തുന്ന മുഴുവൻ പേർക്കും സൗജന്യനിരക്കിൽ ഭക്ഷണം നൽകാൻ രാവിലെ ആറ് മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന പള്ളിവക കാന്റീനും സജ്ജമാണ്.
എത്തിച്ചേരാൻ
ബംഗാൾ സമുദ്ര തീരത്താണ് വേളാങ്കണ്ണി. ചെന്നൈയിൽ നിന്ന് 350 കിലോമീറ്റർ. നാഗപട്ടണത്ത് നിന്ന് 12 കിലോമീറ്റർ ദൂരമുണ്ട്. തിരുവനന്തപുരത്ത് നിന്ന് ബസ് ലഭ്യമാണ്.