'കെഞ്ചിര" സിനിമയിലൂടെ ദേശീയ അവാർഡ് നേടിയ മനോജ് കാന ജീവിതവും സിനിമയും പറയുന്നു
ആറു വർഷം കെഞ്ചിരക്ക് വേണ്ടി അലഞ്ഞു. സ്ക്രിപ്ട് മലയാളത്തിൽ എഴുതി ആദിവാസി ഭാഷയിലേക്ക് മാറ്റുകയായിരുന്നു. ആദിവാസികളുമായി നിരന്തരം സമ്പർക്കം പുലർത്തേണ്ടി വന്നു. പല ഘട്ടം കഴിഞ്ഞാണ് ഷൂട്ടിംഗിലേക്ക് കടന്നത്. ഇവരുമായുള്ള അനുഭവത്തിൽ നിന്നാണ് കെഞ്ചിരയുടെ സ്ക്രിപ്റ്റ് രൂപപ്പെടുന്നത്. കഥാപാത്രങ്ങളെ കണ്ടെത്താൻ ഏറെ യാത്ര ചെയ്തു. കുറേ കഷ്ടപ്പെട്ടു. സിനിമ ചിത്രീകരിച്ചത് ജനകീയ കമ്മറ്റി ഉണ്ടാക്കിയാണ്. തുടക്കത്തിൽ സാമ്പത്തികമായി നന്നേ ബുദ്ധിമുട്ട് അനുഭവിച്ചു. ജീവിതത്തിൽ ഉണ്ടാകുന്ന ദുരന്തങ്ങളും പ്രശ്നങ്ങളുമാണ് വിഷയം. കുടകിൽ ഇഞ്ചിപ്പണിക്ക് പോകുന്ന നായിക ഗർഭിണിയാകുന്ന സാമൂഹികാവസ്ഥ.
അമീബയും ചായില്യവും ചെയ്തത് വഴി വലിയൊരു സാമ്പത്തിക ബാദ്ധ്യത ഉണ്ടായിട്ടുണ്ട്. വീടും പറമ്പും ജപ്തിയുടെ ഘട്ടത്തിലാണ്. ദേശീയ അവാർഡുകൾ ലഭിച്ചത് വഴി ചിത്രം മാർക്കറ്റ് ചെയ്യണം. തീയേറ്ററുകളിൽ പടം കളിച്ചാലേ പ്രതിസന്ധികൾ മറികടക്കാൻ കഴിയൂ. അവാർഡുകൾ സാമ്പത്തിക ബാദ്ധ്യതയെന്ന കടമ്പ കടക്കാൻ സഹായിക്കുമെന്ന് വിചാരിക്കുന്നു. മികച്ച പ്രാദേശിക ചിത്രം എന്ന നിലയിൽ കെഞ്ചിരക്ക് ഇതോടെ കൂടുതൽ റീച്ച് കിട്ടി. കൂടുതൽ പേർ ശ്രദ്ധിച്ചു. കൂടുതൽ പേർ കാണാൻ തയ്യാറാകും. സിനിമ പറയുന്ന വിഷയം ചർച്ച ചെയ്യും.
സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ ചിത്രം എന്ന നിലയിൽ അവാർഡ് ലഭിച്ചിട്ടുണ്ട്, മികച്ച കാമറ, വസ്ത്രാലങ്കാരം എന്നിവക്ക്. ഇന്ത്യൻ പനോരമയിലേക്ക് സെലക്ഷനും കിട്ടി. കൊവിഡ് പശ്ചാത്തലത്തിൽ സിനിമകളൊന്നും ഇറങ്ങാത്തത് കൊണ്ട് കെഞ്ചിര ആരും കണ്ടില്ല. ഇനി എല്ലാവരും കാണും. ഞാൻ ഒരു തെരുവ് നാടകക്കാരനാണ്. അതിൽ അഭിമാനിക്കുന്നു. വയനാട്ടിലെ ആദിവാസി ഊരുകളിൽ ചെന്ന് അവരുടെ ഇടയിൽ പ്രവർത്തിച്ചു. അവരുടെ വിശ്വാസം പിടിച്ചെടുത്തു. അവരെ മുഖ്യകഥാപാത്രങ്ങളാക്കി. അവരുടെ കഥ പറഞ്ഞു. അഭിനയിക്കാൻ അവർക്ക് കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ജീവിതം തന്നെ ധാരാളം.