
പ്രായമെത്രയായാലും സൗന്ദര്യം വേണമെന്ന് ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. പതിനാറുകാരിയായാലും മുപ്പതുകാരിയായാലും നാൽപ്പതിലെത്തിയാലും ഓരോരുത്തരുടെയും ആഗ്രഹം പോലെ മനസ് വച്ചാൽ തിളങ്ങാവുന്നതേയുള്ളൂ. ഓരോ പ്രായത്തിനും അനുസരിച്ച് കൃത്യമായി അണിഞ്ഞൊരുങ്ങിയാൽ ആർക്കും സുന്ദരിയും സുന്ദരനുമാകാം. ഇരുപത് വയസ് വരെയുള്ളവർ അധികം മേക്കപ്പ് ഉപയോഗിക്കേണ്ട ആവശ്യമില്ല. 20 വയസിനു മുകളിലുള്ളവർ അത്യാവശ്യം മേക്കപ്പ് ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ, അത് അധികമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 30 വയസിനു മുകളിലുള്ളവർ മേക്കപ്പിൽ വളരെയധികം ശ്രദ്ധിക്കണം. ഏറ്റവും കൂടുതലായി മേക്കപ്പ് തെളിഞ്ഞു കാണുന്നത് ഈ പ്രായക്കാർക്കിടയിലാണ്. ഏതെങ്കിലും പാർട്ടികളിൽ പങ്കെടുക്കുന്നതിനോ മറ്റോ ആണെങ്കിൽ അല്പം ഒരുങ്ങുന്നതിൽ തെറ്റില്ല. അല്ലാത്ത പക്ഷം, ആവശ്യത്തിന് മാത്രം മേക്കപ്പിടുക. ഓഫീസിൽ പോകുമ്പോൾ ലൈറ്റ് മേക്കപ്പ് മാത്രമേ ചെയ്യാവൂ. എന്നും ഓഫീസിലെത്തുമ്പോൾ ഒരുപോലെ മേക്കപ്പിടാനും ശ്രദ്ധിക്കണം. സ്ത്രീ സൗന്ദര്യത്തിൽ പണ്ടു മുതലേ കണ്ണുകൾക്ക് വലിയ പ്രാധാന്യമുണ്ട്. കണ്ണുകളെ ഭംഗിയായി ഒരുക്കിയെടുക്കുവാൻ അതുകൊണ്ടു തന്നെ ശ്രദ്ധിക്കണം. കണ്ണുകളെ മനോഹരമായി അണിയിച്ചൊരുക്കുന്നതിലൂടെ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറാനും നിങ്ങൾക്ക് കഴിയും. കണ്ണിൽ നോക്കി വ്യക്തിത്വം അളക്കാൻ വരെ സാധിക്കുമെന്ന് പറയുന്നതിൽ നിന്നും കണ്ണിന്റെ പ്രാധാന്യം മനസിലാക്കാവുന്നതേയുള്ളു. സൗന്ദര്യത്തിന്റെ മറ്റൊരു ഏകകമാണ് ചിരി. നന്നായി മനസു തുറന്നു ചിരിക്കുന്നതിലൂടെ നിങ്ങൾക്ക് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകാം. മുഖം തിളങ്ങുന്നതോടെ നിങ്ങളുടെ മനസിലെ പ്രസന്നതയും മറ്റുള്ളവരിലേക്ക് പകരാൻ സാധിക്കും. പല്ലിന് എന്തെങ്കിലും കേടോ പല്ല് പൊങ്ങിയിട്ടോ ഒക്കെയുള്ളവർ പലപ്പോഴും തുറന്നു ചിരിക്കാൻ മടിക്കും. എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും അതൊക്കെ മറന്ന് ധൈര്യമായി ചിരിക്കുക. അത് തന്നെയാകും നിങ്ങൾക്ക് ഏറ്റവും വലിയ സൗന്ദര്യം നൽകുന്നതും.