ഇന്ത്യ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞപ്പോൾ സ്വാതന്ത്ര്യസമരത്തിൽ വ്യാപൃതരായിരുന്ന പല മഹാത്മാക്കളും ചിന്തിച്ചത് ജനങ്ങളുടെ സ്വയംപര്യാപ്തതയെക്കുറിച്ചും സദാചാരജീവിതത്തെക്കുറിച്ചും ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുമൊക്കെയാണ്. ഈ രംഗത്ത് സേവനം നടത്തിക്കൊണ്ടിരുന്ന പല സംഘടനകളിലൊന്നാണ് ആര്യ ധർമ്മ സേവാസംഘം. അതിന്റെ പ്രവർത്തകരിലൊരാൾ ആലിൻചുവട്ടിലും വന്ന് പ്രവർത്തനം തുടങ്ങി. സാധുശീലൻ എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്.
ചർക്കയിൽ നൂൽനൂൽപ്പ് , ഹിന്ദി പഠനം, വയോജനവിദ്യാഭ്യാസം, ഗീതാക്ലാസ് എന്നിവയൊക്കെയായിരുന്നു പ്രവർത്തനമേഖലകൾ.
ഈവക പ്രവർത്തനങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന ഗോവിന്ദൻ നായർ കളിയൽ വീടിന്റെ ചാവടി തന്നെ സംഘത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കാൻ വിട്ടുകൊടുത്തു. അവിടെത്തന്നെ സാധുശീലന്‍ താമസസൗകര്യവും ചെയ്തു. അന്ന് ഗോവിന്ദൻ നായർ വിവാഹം കഴിച്ചിരുന്നില്ല.അദ്ദേഹവും അമ്മയും മാത്രമായിരുന്നു ആ വീട്ടിൽ താമസം.പരമസാത്വീകയായിരുന്നു 'അമ്മ. തീർത്തും വ്യത്യസ്തമായ സ്വഭാവമായിരുന്നു അച്ഛന്റേത്.
അകാരണമായി മനുഷ്യരെ ദ്രോഹിക്കാൻ വലിയ കൗതുകമായിരുന്നു അയാൾക്ക്.വലിയൊരു കുടിയനായിരുന്നു.ഭാര്യയെ തല്ലുന്നതിലും അയാൾ ആനന്ദം കണ്ടെത്തിയിരുന്നു.കുത്തഴിഞ്ഞ ജീവിതം നയിച്ച അയാൾ കുടുംബത്തിന്റെ സ്വത്തുക്കളൊക്കെ വിറ്റുതുലച്ചു.ഒരിക്കൽ ഒരുത്സവപ്പറമ്പിൽ വച്ച് കത്തിക്കുത്തിൽ അയാൾ മരിച്ചു. മൃതശരീരം കളിയലിലേക്കു കൊണ്ടുവരുമ്പോൾ നാട് മുഴുവൻ പിറുപിറുത്തത് ഒരു കാര്യമായിരുന്നു അയാളുടെ ഭാര്യക്കിനി സമാധാനമായി ജീവിക്കാം.
അച്ഛൻ മരിക്കുമ്പോൾ ഗോവിന്ദൻ നായർക്ക് പത്തോ പതിനൊന്നോ ആയിരുന്നു പ്രായം. ഏകമകൻ. കുടുംബത്തിന്റെ ഭാരം മുഴുവൻ അയാളുടെ ചുമലിലായി. സാമാന്യം വലിയ ഒരു വീട് അവശേഷിച്ചിരുന്നുവെങ്കിലും മറ്റു വസ്തുക്കളൊക്കെ അന്യാധീനപ്പെട്ടുപോയിരുന്നു. അതിൽ കുറെയെങ്കിലും തിരിച്ചുപിടിക്കാൻ കിണഞ്ഞു ശ്രമിക്കേണ്ടിവന്നു ഗോവിന്ദൻ നായർക്ക്. ഈ ശ്രമങ്ങൾക്കിടയിലാണ് സേവാസംഘത്തിന്റെ സന്നദ്ധപ്രവർത്തനങ്ങൾക്ക് അയാൾ സമയം കണ്ടെത്തിയത്. നീലകണ്ഠൻ ഒരിക്കൽ അയാളെ സമീപിച്ചു ഒരു ചായക്കട തുടങ്ങാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു. സംഘത്തിന്റെ ഹരിജനോദ്ധാരണപരിപാടിയിൽ എന്തെങ്കിലും സഹായിക്കാൻ പറ്റുമോ എന്നാണയാൾക്കറിയേണ്ടിയിരുന്നത്.
ഗോവിന്ദൻ നായർ സാധുശീലനുമായി ആലോചിച്ചു. അദ്ദേഹത്തിന് വളരെ സന്തോഷമായി.സാമ്പത്തികമായും മറ്റു വിധത്തിലും പിന്തുണ നൽകിയപ്പോൾ ചായക്കട യാഥാർഥ്യമായി. എന്നാൽ, ദളിതന്റെ ചായക്കടയിൽ കയറി ചായ കുടിക്കാൻ ആരും തയാറായില്ല.അടുത്ത ദിവസം രാവിലെ ഗോവിന്ദൻ നായർ ചായക്കടയിലെത്തി.സാധാരണ പുറത്ത് ഭക്ഷണശാലകളിൽ പോയി ഭക്ഷണം കഴിക്കുന്ന സ്വഭാവമില്ലാതിരുന്ന അയാൾ ആ ചായക്കടയിൽ നിന്ന് ചായ കുടിച്ചു.നീലകണ്ഠനോടും സഹായികളോടും കുശലം പറഞ്ഞിരുന്നു.
പിന്നെ രണ്ടു ദോശ കഴിച്ചു. വീണ്ടും ചായ. വൈകുന്നേരം വരെ ഗോവിന്ദൻ നായർ അവിടെത്തന്നെയുണ്ടായിരുന്നു. ഗോവിന്ദൻ നായരെക്കണ്ട ചിലരൊക്കെ ചായക്കടയിലേക്ക് കയറി. അവർക്കൊക്കെ അയാൾ സ്വന്തം കാശ് മുടക്കി ചായ വാങ്ങിക്കൊടുത്തു. അങ്ങനെ മൂന്നു ദിവസം നീലകണ്ഠന്റെ ചായക്കടയിലെ സ്ഥിരസാന്നിദ്ധ്യമായി ഗോവിന്ദൻ നായരുണ്ടായിരുന്നു. നാലാം ദിവസം മുതൽ നീലകണ്ഠന്റെ കടയിൽ ആൾക്ഷാമമുണ്ടായില്ല. കച്ചവടം ഒരു തടസവുമില്ലാതെ വർഷങ്ങളായി തുടർന്നുപോരുന്നു.
ആലിൻചുവടിന് ഇപ്പോൾ കുറേ വികസനമൊക്കെയുണ്ടായിട്ടുണ്ട്.ഹോട്ടലുകൾ ഒന്ന് രണ്ടെണ്ണം വേറെയും വന്നു. ആലിൻകടവിലെ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്ക് ഇപ്പോൾ പുറത്തുനിന്നും ഭക്തന്മാർ വരുന്നുണ്ട്. സാധുശീലൻ തുടങ്ങിവച്ച ഗ്രന്ഥശാല ഇപ്പോൾ സജീവമാണ്. തന്റെ നിലനിൽപ്പിന് ആരോടെങ്കിലും കടപ്പാടുണ്ടെങ്കിൽ അത് ഗോവിന്ദൻ നായരോടാണെന്ന് നീലകണ്ഠൻ എപ്പോഴും ഓർക്കുന്നു. അതുകൊണ്ടുതന്നെ ആരെങ്കിലും ഗോവിന്ദൻ നായർക്കെതിരായി പറഞ്ഞാൽ അയാൾക്കത് പ്രയാസമാവും. അദ്ദേഹത്തിന്റെ ഇളയ മകൻ വന്ന് ഓരോന്ന് ചോദിക്കുമ്പോൾ കൊടുക്കാതിരിക്കാൻ കഴിയാഞ്ഞതും മറ്റൊന്നുകൊണ്ടുമല്ല.
ലക്ഷ്മണന്റെ പോക്ക് ശരിയല്ലെന്ന് നീലകണ്ഠന് മുൻപേ തോന്നിയിട്ടുണ്ട്. ഗോവിന്ദൻ നായരുടെ മൂത്ത മകൻ അദ്ദേഹത്തിന്റെ തത്സ്വരൂപമാണ്. എന്നാൽ, ഈ ഇളയ പുത്രന്റെ കൂട്ടുകെട്ടുകൾ അത്ര ശരിയല്ല. കൂട്ടുകാരെയും വിളിച്ചുകൊണ്ടുവന്നാണ് ചായക്കടയിൽ നിന്നും ഭക്ഷണം കഴിക്കാറ്. പൈസ പിന്നെ തരാം എന്ന് പറഞ്ഞു ഇറങ്ങിപ്പോകും. ഗോവിന്ദൻ നായരോട് പറഞ്ഞാലോ എന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന് അത് വിഷമമാവുമല്ലോ എന്ന് ചിന്തിച്ചു വേണ്ടെന്നു വയ്ക്കും. അപ്പോഴാണ് ഒരിക്കൽ രാമഭദ്രനെ വഴിക്കു വച്ച് കണ്ടത്.
' മോനിപ്പോ പത്തിലല്ലേ ?"
നീലകണ്ഠൻ ചോദിച്ചു.അതേ എന്ന് രാമഭദ്രൻ മറുപടി പറഞ്ഞു.
' അനിയനോ ?"
' ഒൻപതില്‍ ."
' പക്ഷേല് അവന് ഒരുപാട് കൂട്ടുകാരാണല്ലോ."
രാമഭദ്രൻ ചിരിച്ചതേയുള്ളൂ.
' എല്ലാവരും കൂടെ വന്ന് ചായക്കടേന്ന് കഴിച്ചോണ്ടുപോവും.ആരും പൈസ തരില്ല. അച്ഛൻ ഇതുവല്ലതും അറിയുന്നുണ്ടോ എന്തോ?"
രാമഭദ്രൻ അമ്പരന്നു നിന്നു.' ഞാൻ അച്ഛനോട് പറയാം."
' അദ്ദേഹത്തിന് വിഷമം വരാത്ത രീതിയിൽ വേണം പറയാൻ."
രാമഭദ്രൻ നടന്നകന്നപ്പോൾ കുട്ടിയോടതു പറയേണ്ടിയിരുന്നില്ലെന്നു നീലകണ്ഠന് തോന്നി.
**************
അടുത്ത ദിവസം തന്നെ ഗോവിന്ദൻ നായർ ചായക്കടയിലെത്തി. ലക്ഷ്മണന്റെ പറ്റെത്രയെന്നു ചോദിച്ചു മുഴുവൻ പണവും കൊടുത്തു.
' നീലകണ്ഠാ, നീയെന്നോട് എന്താ നേരത്തെ പറയാഞ്ഞത്?"
നീലകണ്ഠൻ മറുപടി പറയ)നാവാതെ പരുങ്ങിനിന്നു.
' ഇനിയവൻ വരുമ്പോ എന്തുകഴിച്ചാലും പണം വാങ്ങിക്കൊള്ളണം.പണം വാങ്ങീട്ടേ വിടാവൂ.അല്ലെങ്കി വലുതാവുമ്പോ കണ്ടവന്റെ കയ്യീന്ന് അടി വാങ്ങിപ്പിടിക്കും."
അപ്പോൾ അവിടെക്കയറിവന്ന കുഞ്ഞിരാമൻ പറഞ്ഞു:
' ങാ, ഗോവിന്ദൻ നായരദ്ദേഹം ഇവിടെ നിക്കയാണോ?"
' എന്താ കുഞ്ഞിരാമാ?"
'അറിഞ്ഞില്ലായിരുന്നോ? സ്കൂളീന്ന് വരുന്ന വഴി ഇദ്ദേഹത്തിന്റെ മക്കള്‍ തമ്മില്‍ പൊരിഞ്ഞ അടി."
ഗോവിന്ദൻ നായർ ചാടിയെഴുന്നേറ്റു.' എവിടെ വച്ച് ? എന്തിന്?"
' കോവിലിന്റെ മുമ്പില്‍ വച്ച് .മൂത്ത പയ്യൻ നടന്നു പോവുമ്പം ആ രണ്ടാമത്തെ പയ്യൻ പുറകേ ചെന്ന് ഒറ്റയടി.തിരിഞ്ഞു കാര്യം ചോദിക്കാൻ മൂത്തവൻ ചെന്നപ്പോ മറ്റവന്റെ കൂട്ടുകാരന്മാരൊക്കെ ചേർന്നങ്ങു വളഞ്ഞു. അടി തൊടങ്ങിയപ്പം തന്നെ നമ്മുടെ സദാശിവനും തങ്കപ്പനുമൊക്കെ ചേർന്ന് പിടിച്ചുമാറ്റി.ഇല്ലായിരുന്നെങ്കി മൂത്ത പയ്യന്റെ കാര്യം ഇന്ന് തീരുമാനമായേനെ."
'എന്തിനാണ് രണ്ടാമത്തവൻ അടിക്കാൻ ചെന്നതെന്ന് അറിയാമോ?" ഉൽകണ്ഠയോടെ നീലകണ്ഠൻ അന്വേഷിച്ചു.
' അച്ഛനോട് എന്തരോ പറഞ്ഞുകൊടുത്തെന്ന് പറഞ്ഞിട്ടായിരുന്നു."
നീലകണ്ഠൻ കുറ്റബോധത്തോടെ തല കുനിച്ചു.
' അങ്ങുന്ന് അതു ചോദിക്കണ്ടായിരുന്നു."
അയാൾ പിറുപിറുത്തു.
' ചോദിച്ചില്ലെങ്കിൽ അവൻ നശിക്കില്ലേ നീലകണ്ഠാ ?"
ചായക്കടയിലുണ്ടായിരുന്ന ഒരുവൻ തക്കം നോക്കി ഇടപെട്ടു.
' കളത്തിലദ്ദേഹത്തിന് പറയുമ്പം ഒന്നും തോന്നരുത്.നിങ്ങടെ മൂത്ത പയ്യൻ ഒരു പാവമാണേ .പക്ഷെ അതിനും കൂടി വീര്യം മറ്റെയാക്കു കിട്ടിയിട്ടുണ്ട്.രണ്ടും തമ്മില്‍ നേർക്കുനേരെ കണ്ടാ പ്രശ്നമാണ്."
'അങ്ങുന്ന് പേരിട്ടത് തെറ്റിപ്പോയി."കേട്ടുകൊണ്ടിരുന്ന മറ്റൊരാൾ പറഞ്ഞു:
' ഇവര്‍ രാമനും ലക്ഷ്മണനുമല്ല. ബാലിയും സുഗ്രീവനുമാണ്.പക്ഷേ ഒരു കാര്യം. മൂത്തത് സുഗ്രീവനും ഇളയത് ബാലിയുമായിപ്പോയി."
'അതുകേട്ട് പലരും ചിരിച്ചു. നീലകണ്ഠൻ അപ്പോഴും തലതാഴ്ത്തി.
**************
പിറ്റേന്ന് വൈകുന്നേരം ലക്ഷ്മണനും രണ്ടു കൂട്ടുകാരും നീലകണ്ഠന്റെ ചായക്കടയിൽ കയറിവന്നു.അവർ അധികാരഭാവത്തിൽ ഒരു ബഞ്ചിൽകയറിയിരുന്നു.
'മൂന്നു ചായ വേണം. നല്ല കടുപ്പത്തിൽ."
ലക്ഷ്മണൻ കനത്ത ശബ്ദത്തിൽ പറഞ്ഞു.
'പൈസ തരാനൊണ്ടോ കൈയില്‍ ?"
ശങ്കയോടെയാണെങ്കിലും അങ്ങനെ ചോദിക്കാൻ നീലകണ്ഠൻ ധൈര്യപ്പെട്ടു.
' പൈസയൊണ്ടെങ്കിലേ ഇയാള്‍ ചായ തരുള്ളോ ?"
' അങ്ങനെയാണ് ഗോവിന്ദൻ നായരദ്ദേഹം പറഞ്ഞിരിക്കുന്നത്."
' പൈസയൊണ്ടെങ്കി തന്റെ ചായ തന്നെ വേണമെന്നില്ല.ആലിൻചുവട്ടില് വേറേം ചായക്കടകളൊണ്ട് .
' ലക്ഷ്മണൻ എഴുന്നേറ്റു. കൂട്ടുകാരെ നോക്കി അവൻ ആജ്ഞാപിച്ചു: ' വരിനെടാ..."
ലക്ഷ്മണൻ പുറത്തേക്കു നടന്നു. കൂട്ടുകാർ അവനെ അനുഗമിച്ചു.
(തുടരും)