കൊവിഡ് മഹാമാരിക്കാലത്ത് രാജ്യം മുഴുവൻ ലോക്ക് ഡൗണിൽ പൂട്ടിയിടലിലേക്ക് പോയ സമയത്ത് ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടിയായിരുന്നു കേരളസർക്കാർ നൽകിയ സൗജന്യ ഭക്ഷ്യകിറ്റുകൾ. കിറ്റ് വിതരണം കാര്യക്ഷമമാക്കാനും എല്ലാ വിഭാഗം ആളുകൾക്കും കൃത്യമായി ലഭിക്കുന്നതിനും വേണ്ടി സംസ്ഥാനത്തെ റേഷൻ കടകൾ വഴിയാണ് കിറ്റ് വിതരണം ചെയ്‌തിരുന്നത്. കൊവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്‌ടപ്പെട്ടവർക്കും വിവിധ തരത്തിലുള്ള സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്കും ആശ്വാസകരം ആയിരുന്നു ഈ നടപടി എന്നത് പറയാതെ വയ്യ. സമൂഹത്തിലെ താഴെത്തട്ടിലുള്ള ഓരോ കുടുംബങ്ങളിലും പ്രത്യേകിച്ച് വീട്ടമ്മമാർക്ക് ഇടയിൽ വലിയ തോതിലുള്ള സുരക്ഷിതത്വബോധം ഉണ്ടാക്കാനായി ഈ നടപടി സഹായിച്ചു.
സംസ്ഥാനത്ത് ഒരാൾപോലും പട്ടിണി കിടക്കരുത് എന്നതാണ് സർക്കാരിന്റെ നയം എന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ദൈനംദിന പത്രസമ്മേളനങ്ങളിൽ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്‌തു. ആവശ്യക്കാർക്ക് ഭക്ഷണം സൗജന്യമായി എത്തിച്ചുനൽകാൻ സംസ്ഥാനത്ത് നിരവധി കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തനമാരംഭിച്ചു. എന്തൊരു കരുതലാണ് ഈ മനുഷ്യന് എന്ന രീതിയിൽ പിണറായി വിജയനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള ട്രോളുകളും സൈബർ ഇടങ്ങളിൽ നിറഞ്ഞു. പക്ഷേ എന്തൊക്കെ തന്നെയായാലും സർക്കാരിന് അനുകൂലമായ ഒരു ജനമനസ് രൂപപ്പെടുത്തുന്നതിൽ
ഈ ഭക്ഷ്യ കിറ്റ് വിതരണം വലിയ പങ്കുവഹിച്ചു എന്നത് സത്യമാണ്. ക്ഷേമപെൻഷനുകൾ കൃത്യമായി കുടിശിക ഇല്ലാതെ എത്തിക്കാൻ ആയതും നേട്ടമായി. ക്ഷേമപെൻഷനുകൾ പടിപടിയായി ഉയർത്തിയതും അത് കൃത്യമായി ഗുണഭോക്താക്കളിൽ എത്തിക്കാൻ സാധിച്ചതും നേട്ടമായി ഇടതുമുന്നണി പ്രചരിപ്പിക്കുകയും ചെയ്‌തു. ഇത്തരം ക്ഷേമപ്രവർത്തനങ്ങളുടെ പ്രതിഫലനം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വ്യാപകമായി പ്രതിഫലിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രം ഒതുങ്ങിയ ഇടതുമുന്നണി വൻ നേട്ടമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കരസ്ഥമാക്കിയത്. ഭരണത്തിന് അനുകൂലമായ ഒരു ജനവികാരം സംസ്ഥാനത്ത് ഉണ്ട് എന്ന് ഇടതുമുന്നണി പ്രചരിപ്പിച്ചു. വിവിധ വിവാദ വിഷയങ്ങളിൽ പെട്ട സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കവും മാദ്ധ്യമ വിചാരണ നേരിടുന്ന സമയത്ത് നേടിയ ഈ വിജയം ഇടതുമുന്നണിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വൻ വിജയം നേടുമെന്ന് സർവ്വേകൾക്കും ആധാരം ഇത്തരം ജനക്ഷേമനടപടികൾ തന്നെയാണ്. ഇതിനിടയിലാണ് വിഷു ഈസ്റ്റർ പ്രമാണിച്ച് ഏപ്രിൽ-മെയ് മാസങ്ങളിൽ വിതരണംചെയ്യാൻ വെച്ചിരുന്ന സ്‌പെഷ്യൽ അരി, സൗജന്യ കിറ്റുകൾ, പെൻഷനുകൾ എന്നിവ മുൻകൂറായി വിതരണം ചെയ്യുമെന്ന് സർക്കാർ തീരുമാനം വന്നത്. ഇത് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഉള്ളതാണ് എന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചു. ഇത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായിരുന്നു എന്നാണ് പ്രതിപക്ഷനേതാവിന്റെ വാദം. എന്നാൽ അരി വിതരണം ചെയ്യുന്നത് സംസ്ഥാനത്ത് നടന്നുവന്നിരുന്ന നടപടികളുടെ തുടർച്ച മാത്രമാണെന്നും സ്‌പെഷ്യൽ അരി വിതരണം ചെയ്യാനുള്ള തീരുമാനം പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് തന്നെ സർക്കാർ എടുത്തിരുന്നത് ആണെന്നും സർക്കാർ വ്യക്തമാക്കി.
സ്‌പെഷ്യൽ അരി, പെൻഷൻ വിതരണം തിരഞ്ഞെടുപ്പ് കഴിയും വരെ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അരി വിതരണം നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. അരിവിതരണം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞതോടെ പ്രതിപക്ഷനേതാവിനെ അന്നം മുടക്കി എന്ന് ചിത്രീകരിക്കാൻ ഇടതുമുന്നണി ശ്രമിച്ചു. പാവങ്ങളുടെ അരിയിൽ മണ്ണ് വാരി ഇടുന്ന ആളായി ട്രോളുകളിൽ ചെന്നിത്തല നിറഞ്ഞു.
വലിയ വിഭാഗം ജനങ്ങൾക്കിടയിൽ ചർച്ചയാകുന്ന ഈ അരിപ്രശ്‌നം അങ്ങനെ പ്രതിപക്ഷത്തിന് തിരിച്ചടിയായേക്കാവുന്ന അവസ്ഥ വന്നു.
അതിന് എരിവ് പകരുന്ന രീതിയിൽ സൈബർ ഇടങ്ങളിലും പുറത്തും ഇടതുമുന്നണി പ്രവർത്തകർ നടത്തിയ കഞ്ഞിവെപ്പ് സമരങ്ങൾ അടക്കമുള്ള പ്രചരണ മാർഗങ്ങളെ വേണ്ടരീതിയിൽ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന് ആയതുമില്ല. സ്‌കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള അരി എട്ടുമാസം പൂഴ്‌ത്തിവെച്ച് തെരഞ്ഞെടുപ്പ് ആയപ്പോൾ ഒരുമിച്ച് വിതരണം ചെയ്യുകയാണ് സർക്കാർ ചെയ്യുന്നത് അതുകൊണ്ട് പിണറായി വിജയൻ ആണ് അന്നം മുടക്കി എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. ഇങ്ങനെ മറ്റുവിഷയങ്ങൾക്ക് ഒപ്പമോ ഒരു പടിമുന്നിലോ ആയി ഭക്ഷ്യക്കിറ്റ് എന്നത് ഒരു തിരഞ്ഞെടുപ്പ് വിഷയമായി മാറുകയായിരുന്നു. പ്രതിപക്ഷനേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ അരിവിതരണം നിർത്തിവയ്‌ക്കാനുള്ള ഉത്തരവ് കാർട്ടൂണിലും സ്വാഭാവികമായും കടന്നുവന്നു. അന്നം വിളമ്പാൻ സമ്മതിക്കാതെ ഇലയിൽ കയറി നിൽക്കുന്ന ചെന്നിത്തലയായിരുന്നു കേരളകൗമുദിയുടെ ഒന്നാം പുറത്ത് വരച്ച കാർട്ടൂണിലെ കഥാപാത്രം. ഈ കാർട്ടൂൺ വ്യാപകമായി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് കമന്റുകളും അഭിപ്രായങ്ങളും ചർച്ചകളും വന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട കാർട്ടൂണുകളിൽ ഒന്നായി ഇത് മാറി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം സ്റ്റേ ചെയ്‌തുകൊണ്ട് കേരള ഹൈക്കോടതി ഉത്തരവ് ഇറക്കി. അരിവിതരണം സർക്കാരിന് തുടരാം എന്നായിരുന്നു ഹൈക്കോടതി വിധി. എന്നാൽ ഇത് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം ആക്കാൻ പാടില്ല. സ്‌പെഷ്യൽ അരി വിതരണം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് സർക്കാർ എടുത്തതാണെന്ന വിശദീകരണം ശരിവച്ചാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.