ജോർജുകുട്ടിയുടെ വക്കീലായും 'ഗാനഗന്ധർവനി" ൽ കലാസദൻ ഉല്ലാസിന്റെയും തീപ്പൊരി വക്കീലായികൈയടി നേടിയ അഡ്വ. ശാന്തിപ്രിയ ഹൈക്കോടതിയിലെ തിരക്കുള്ള വക്കീലാണ്. രണ്ടുസൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച, കരിയറിൽ സ്വന്തം പേര് അടയാളപ്പെടുത്തിയ ശാന്തിപ്രിയയോടൊപ്പം...
''വക്കീലേ, വക്കീൽ ശരിക്കും വക്കീലാണല്ലേ..."" ഈ ചോദ്യം ഇപ്പോഴും ശാന്തിപ്രിയ കേട്ടുകൊണ്ടിരിക്കുന്നു. ദൃശ്യം-2 സിനിമയുടെ റിലീസ് ഓളത്തിൽ കേട്ടു തുടങ്ങിയ ചോദ്യത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. രണ്ടേ രണ്ടുചിത്രങ്ങൾ, അതും സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അവരുടെ വക്കീലായി കൈയടി നേടിയ പ്രകടനം കാഴ്ചവച്ച ശാന്തിപ്രിയ യഥാർത്ഥ ജീവിതത്തിലും തിരക്കുപിടിച്ച വക്കീലാണ്. സ്വന്തം കരിയർ തന്നെ സിനിമയിലെ കഥാപാത്രമായി അവതരിപ്പിക്കാനുള്ള അവസരം മുന്നിലെത്തിയപ്പോൾ ആദ്യം ഒന്നമ്പരന്നു, എങ്കിലും എന്നും കൂടെയുള്ള ആത്മവിശ്വാസവും സ്വയം ബോദ്ധ്യപ്പെടലും തന്നെയാണ് അഭിനയിക്കാമെന്ന തീരുമാനത്തിലേക്ക് ശാന്തിപ്രിയയെ കൊണ്ടുപോയത്. ആ കണക്കുക്കൂട്ടൽ ഒട്ടും തെറ്റിയിട്ടില്ലെന്ന് പ്രേക്ഷകരും അടയാളപ്പെടുത്തുന്നു. എന്നും മുഖത്ത് സൂക്ഷിക്കുന്ന പുഞ്ചിരിയും പോസിറ്റീവായ കാഴ്ചപ്പാടുകളും മനോഭാവവുമാണ് അഡ്വ. ശാന്തി പ്രിയയുടെ കരുത്ത്. അവതരിപ്പിച്ച രണ്ടുകഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്നതും ശാന്തിയുടെ ഊർജ്ജസ്വലതയാണ്. ശാന്തിപ്രിയയുടെ വിശേഷങ്ങൾ...
ആഗ്രഹിച്ചു തന്നെ സിനിമയിലെത്തിയതാണോ?
ആകസ്മികമായിട്ടാണ് അഭിനയത്തിലെത്തിയതെന്നാണ് പറയേണ്ടത്. രമേഷ് പിഷാരടിയും തിരക്കഥാകൃത്ത് ഹരി പി. നായരും സുഹൃത്തുക്കളായിരുന്നു. നേരത്തെ ഏഷ്യാനെറ്റ് പ്ളസിലെ അവതാരകയായിരുന്നു. ആ സമയത്തെ പരിചയമാണ് രണ്ടുപേരുമായുള്ളത്. പിഷാരടിയുടെ 'ഗാനഗന്ധർവൻ" സിനിമയിൽ കുറേ ഓഡീഷൻ നടത്തിയിട്ടും കഥയിൽ ഏറെ പ്രാധാന്യമുള്ള വക്കീൽ വേഷത്തിലേക്ക് ആളെ കണ്ടെത്തിയിരുന്നില്ല. അപ്പോഴാണ് പിഷാരടിക്ക് എന്നെ ഓർമ്മ വന്നതും ഒന്നു വന്നു ചെയ്തു നോക്കാൻ. അങ്ങനെയാണ് ജീവിതത്തിൽ അഡ്വ. അനാമികയായി സിനിമ സംഭവിച്ചത്. ആങ്കറിംഗ് മേഖലയിൽ കുറച്ചുകാലം പ്രവർത്തിച്ചിരുന്ന കാലത്ത് എല്ലാവരെയും പോലെ സിനിമയൊക്കെ മനസിൽ വന്നു പോയിട്ടുണ്ടാകാം. പഠനശേഷം നന്നായി പരിശ്രമിച്ചാണ് ഈ കരിയറിൽ ഇപ്പോഴുള്ള നിലയിലെത്തിയത്. ഔദ്യോഗികജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സിനിമ ചെയ്യണോ, അതു ചെയ്താൽ നന്നാകുമോ എന്നൊക്കെ ആലോചിച്ചിരുന്നു. അങ്ങനെയാണ് സെറ്റിലെത്തുന്നതും ഒരു സീൻ ചെയ്തു നോക്കിയതും. പിന്നെ കുറേ ദിവസത്തേക്ക് വിവരമൊന്നുമില്ലായിരുന്നു. അതിനുശേഷമാണ് സെലക്ട് ചെയ്തെന്ന് അറിയിച്ചത്. എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമായിരുന്നു, ആദ്യസിനിമയിൽ തന്നെ മമ്മൂട്ടി എന്ന വലിയ നടനൊപ്പം ഒന്നിച്ചു കുറേ രംഗങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്നെ ഒരു അനുഗ്രഹമായി കാണുന്നു. നല്ല കഥാപാത്രമായിരുന്നു, അതിനെല്ലാമപ്പുറത്ത് ഒരു കംഫർട്ട് സോണുണ്ടായിരുന്നു അവിടെ. ദൃശ്യം-2 വിലെ അഡ്വ. രേണുകയും ഓർക്കാപ്പുറത്ത് തേടിയെത്തിയ വേഷമാണ്.
രണ്ടുസിനിമകളിലും നീണ്ടു നീണ്ടു പോകുന്ന സംഭാഷണങ്ങളുണ്ട്, സ്വന്തം ശബ്ദമാണോ പ്രേക്ഷകർ കേട്ടത്?
അതേ രണ്ടു സിനിമകളിലും എന്റെ ശബ്ദത്തിൽ തന്നെ എന്റെ കഥാപാത്രങ്ങളും സംസാരിച്ചു, അതും ഒരു ഭാഗ്യമാണ്. ശബ്ദം കൂടി ചേർന്നു വരുമ്പോഴാണല്ലോ അഭിനയം പൂർത്തിയാകുന്നത്. 'ഗാനഗന്ധർവനി" ൽ സിങ്ക് സൗണ്ട് ആയിരുന്നു. എന്റെ ജോലി തന്നെയാണല്ലോ രണ്ടു സിനിമകളിലും എനിക്ക് അഭിനയിക്കാനുണ്ടായിരുന്നത്. അത് പ്ളസ് ആയിട്ടുണ്ടാകാം. കോടതിയിൽ ഇത്രയധികം കാര്യങ്ങൾ പഠിച്ചു പറയേണ്ടതില്ല എന്നു മാത്രം. ദൃശ്യം-2ലെ ഡബിംഗ് ഇത്തിരി പ്രയാസമായിരുന്നു. സിങ്ക് സൗണ്ട് രീതിയാണെങ്കിൽ നമ്മൾ അങ്ങ് പറഞ്ഞു പോകുകയാണല്ലോ. സ്റ്റുഡിയോയിൽ മറ്റൊരു അന്തരീക്ഷത്തിലാണല്ലോ ഡബ്ബിംഗ്. ലിപ് മൂവ്മെന്റ് ഒക്കെ കുഴപ്പിച്ചു. ജീത്തു സാർ പറയുകയും ചെയ്തു, ഇനി അഭിനയിക്കുമ്പോൾ ഡയലോഗ് പറയുന്നത് കുത്തും കോമയുമൊക്കെ നോക്കി വേണമെന്ന്.
അഭിനയം ഉള്ളിലുണ്ടായിരുന്നു എന്ന് പറയാമോ?
അങ്ങനെ പറയാൻ കഴിയില്ല. എല്ലാവർക്കും സിനിമയോടൊരു താത്പര്യമൊക്കെ തോന്നുന്ന കാലത്ത് എല്ലാവർക്കും തോന്നുന്ന ഇഷ്ടം എനിക്കുമുണ്ടായിരുന്നു. ആങ്കറിംഗൊക്കെ ഇഷ്ടപ്പെട്ടു തന്നെയാണ് ചെയ്തത്. എൽ.എൽ.ബിക്ക് പഠിക്കുമ്പോഴും ആങ്കറിംഗ് ചെയ്തിരുന്നു. പിന്നീട് ശ്രദ്ധ പഠനത്തിലായി, പഠനശേഷം ജോലിയുടെ തിരക്കിലുമായി. ഏതു പ്രൊഫഷനാണെങ്കിലും അത് മനസിലാക്കിയെടുക്കനുള്ള സമയമുണ്ട്. എന്റെ ജോലിയെ കുറിച്ച് പറയുകയാണെങ്കിൽ ഒരിക്കലും പഠനം അവസാനിക്കാത്ത മേഖലയാണത്. ദിവസമെന്നോണം പഠിച്ചു കൊണ്ടിരിക്കുകയാണ്. അത് ഇത്രയും കാലം നീതിബോധത്തോടു കൂടിയാണ് ചെയ്തത്. ഏറ്റവും പ്രിയപ്പെട്ടത് ഈ ജോലി തന്നെയാണ്, അതിനോടു ചേർന്നു വരുന്ന താത്പര്യങ്ങളിൽപ്പെടും അഭിനയം.
സിനിമയിലാണെങ്കിലും രണ്ടു സൂപ്പർ താരങ്ങളെ രക്ഷിക്കാനെത്തുന്ന വക്കീലാണ്?
ഇപ്പോഴും മമ്മൂക്കയോടൊപ്പവും ലാലേട്ടനോടൊപ്പവും അഭിനയിച്ചതിന്റെ അത്ഭുതവും അമ്പരപ്പും മാറിയിട്ടില്ല. കൂടെ അഭിനയിക്കുന്നവരോടായാലും ജോലി ചെയ്യുന്നവരോടായാലും അത്ര നന്നായാണ് മമ്മൂക്കയും ലാലേട്ടനും പെരുമാറുന്നത്. അതു കണ്ടു പഠിക്കേണ്ടതു തന്നെയാണ്. രണ്ടുപേരും ഡൗൺ ടു എർത്താണ്. ഇത്രയും വലിയ താരങ്ങളെ കാണുമ്പോൾ സ്വാഭാവികമായും എങ്ങനെ പെരുമാറണം എന്തു സംസാരിക്കാം എന്നൊക്കെ നമുക്കും സംശയം തോന്നും. നമ്മുടെ മനസിൽ ഇങ്ങനെ ഒരു ചിന്തയുണ്ടെന്ന് അറിഞ്ഞു തന്നെയാണ് അവർ അത്ര കംഫർട്ടബിളാക്കി പെരുമാറിയത്. രണ്ടു സിനിമകളിൽ ഇത്രയും വലിയ താരങ്ങളുടെ കൂടെ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് അനുഗ്രഹമായി തന്നെ വിശ്വസിക്കാനാണ് ഇഷ്ടം. എന്റെ കഥാപാത്രം ഭംഗിയായതിന് പിന്നിൽ അവരുടെ പിന്തുണയും കൂടെയുണ്ട്. ഞാൻ കംഫർട്ടബിളായല്ല അഭിനയിക്കുന്നതെങ്കിൽ അതിന്റെ അഭംഗിയും കണ്ടേനെ. എനിക്കു കിട്ടുന്ന അഭിനന്ദനങ്ങളിൽ അവരുടെ പങ്കും എടുത്തുപറയണം.
ഇപ്പോൾ ചെയ്തിരിക്കുന്ന രണ്ടുസിനിമകളിലും വക്കീലായാണ്, മറ്റേതെങ്കിലും വേഷം മനസിലുണ്ടോ?
അങ്ങനെ ഒന്നും മനസിലില്ല. ഒന്നും പ്ളാൻ ചെയ്തല്ല ഞാൻ ഇവിടെ വരെയെത്തിയത്. എനിക്ക് അവസരം ലഭിക്കുമ്പോൾ ആ കഥാപാത്രത്തോട് എത്രത്തോളം ചേർന്നു പോകാമെന്ന് നോക്കിയാവും ചെയ്യണോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. പുതിയ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളാണെങ്കിൽ പോലും പ്രത്യക്ഷപ്പെടുന്ന കലാകാരൻമാർ അത്രയധികം ശ്രദ്ധ നേടുന്ന കാലമാണല്ലോ ഇത്. ഇന്ന വേഷം എന്നതല്ല, എനിക്ക് ചെയ്യാൻ കഴിയും എന്ന എന്റെ ബോദ്ധ്യത്തിൽ നിന്നാവും തീരുമാനം. സിനിമയിൽ ചില ചർച്ചകൾ നടക്കുന്നുണ്ട്, ജിത്തു ജോസഫ് സാറിന്റെ മോഹൻലാൽ ചിത്രമായ 'റാമി"ൽ അഭിനയിച്ചിട്ടുണ്ട്. ഒന്നുരണ്ടു സീനിൽ വരുന്ന കഥാപാത്രമാണ്. ജോലിയെ ബാധിക്കാതെ നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് മനസിൽ.
ദൃശ്യം-2 വിലെ അവസാനരംഗത്തെ അഡ്വ. രേണുകയുടെ 'ഞെട്ടൽ" ശ്രദ്ധിക്കപ്പെട്ടല്ലോ?
ജീത്തുസാർ എല്ലാ സീനും വളരെ വിശദമായി പറഞ്ഞു തരുന്ന സംവിധായകനാണ്. നമുക്കൊരു കൺഫ്യൂഷൻ ഉണ്ടാകില്ല. ദൃശ്യം-2 വിലെ അവസാനരംഗത്തെ ട്വിസ്റ്റ് വരുമ്പോൾ ഇങ്ങനെ ഞെട്ടണമെന്ന് ഞാൻ മനസിൽ പ്ളാൻ ചെയ്തിരുന്നില്ല. ആദ്യമെടുത്ത സീൻ എന്തോ സാങ്കേതിക പ്രശ്നം കാരണം ശരിയായില്ല. രണ്ടാമത്തെ ഷോട്ടിലാണ് വായ തുറക്കുന്ന അമ്പരപ്പായി മാറിയത്. വീണ്ടുമെടുക്കണോ എന്ന് ഞാൻ ചോദിച്ചപ്പോൾ വേണ്ട, നാച്വറലാണെന്ന് സാറും പറഞ്ഞു. ദൃശ്യം-2 ഷൂട്ടിംഗ് വളരെ നല്ല അനുഭവമായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാതെ വന്ന വേഷമാണ്. സിനിമ ഹിറ്റാകുമെന്ന് നന്നായി അറിയാമായിരുന്നു. അതോടൊപ്പം എന്റെ കഥാപാത്രം കൂടി ശ്രദ്ധിക്കപ്പെട്ടപ്പോൾ ഡബിൾ ഹാപ്പിയായി. കോടതി കഴിഞ്ഞ് ഞാനും ലാലേട്ടനും നടന്നുവരുന്ന സീനുണ്ട്, ഞാനും കൂടെ നടന്നു തുടങ്ങുമ്പോൾ ലാലേട്ടനാണ് പറഞ്ഞത് അത് ഫ്രെയിം ഔട്ട് ആകും, ഒരു മീറ്റർ പുറകിൽ നിന്നും നടന്നു നോക്കി ചെയ്യാമെന്ന്. അങ്ങനെ ചില ചില ടിപ്പ്സുകൾ അദ്ദേഹം തന്നു. ഇടയ്ക്ക് ലാലേട്ടൻ പറയുമായിരുന്നു, വക്കീലിന്റെ മിടുക്കൊന്നുമല്ല, ജോർജ് കുട്ടിയുടെ ബുദ്ധി കാരണമാണ് രക്ഷപ്പെട്ടതെന്ന്, വക്കീലിനെ ഞാൻ വെറുതെ കൊണ്ടുവന്നു നിറുത്തിയിരിക്കുകയാണെന്ന്.
വീട്ടുകാരുടെ വിശേഷങ്ങൾ?
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് ഞാൻ. പേരൂർക്കട ലോ അക്കാഡമിയിലായിരുന്നു എൽ.എൽ.ബി പഠനം, ഇപ്പോൾ കൊച്ചിയിൽ എളമക്കരയിലാണ് താമസിക്കുന്നത്. ഭർത്താവ് ഷിജു രാജശേഖരൻ, ബാങ്കിലാണ് ജോലി ചെയ്യുന്നത്. നാലരവയസുള്ള മോളുണ്ട്, ആരാധ്യ റിഷിക പൗർണമി, ആരുമണി എന്നാണ് ഞങ്ങൾ വിളിക്കുന്നത്. ഞാൻ അഭിനയിച്ചതിൽ വീട്ടിലെല്ലാവർക്കും വലിയ സന്തോഷമാണ്. മോൾ എന്റെ ഫാൻ ഗേളാണ്. സിനിമ കാണാൻ പോയപ്പോൾ നല്ല രസമായിരുന്നു. അമ്മ ഇപ്പോൾ വരും, ലാലേട്ടനെ രക്ഷിക്കും എന്നായിരുന്നു മോളുടെ വർത്തമാനം. ജോലിയിൽ നല്ല തിരക്കുണ്ട്, എങ്കിലും കഴിയുന്നിടത്തെല്ലാം എല്ലായിടത്തും ഓടിയെത്താറുണ്ട്. പരമാവധി മാനേജ് ചെയ്യും. വീട്ടിലെ പിന്തുണ വലിയ അനുഗ്രഹമാണ്.