നയൻതാരയും വിഘ്നേശ് ശിവനും തമ്മിലുള്ള പ്രണയം മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാലിപ്പോൾ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായിട്ടാണ് വാർത്തകൾ വരുന്നത്. കൈയിൽ മോതിരം ധരിച്ച്, വിഘ്നേശിന്റെ നെഞ്ചിൽ കൈവച്ചുനിൽക്കുന്ന നയൻതാരയുടെ ചിത്രം വിഘ്നേശ് ശിവൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വിരലോട് ഉയിർ കൂട കോർത്ത്, എന്ന മനോഹരമായ വരികളും വിഘ്നേശ് അതിൽ എഴുതിച്ചേർത്തിട്ടുണ്ട്. ഇതിന് മുമ്പും ഇരുവരുടെയും വിവാഹ വാർത്തയെ ചൊല്ലി പല ഗോസിപ്പുകളും പ്രചരിച്ചിരുന്നുവെങ്കിലും നയൻസോ, വിഘ്നേശോ ഈ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല.
'വിവാഹ വാർത്തകൾ ഒരുപാട് തവണയായി പ്രചരിക്കുന്നു. അത് സ്വാഭാവികമാണ്. ഞങ്ങൾ ഇരുവർക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. മാത്രമല്ല ഇപ്പോൾ എങ്ങനെയാണോ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് അതിൽ ഞങ്ങൾ സന്തുഷ്ടരാണ് ." ഇങ്ങനെയായിരുന്നു അടുത്തകാലത്ത് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിഘ്നേശ് പ്രതികരിച്ചത്.