നഖങ്ങളിലേക്ക് നോക്കിയാലറിയാം ആരോഗ്യം നല്ലതാണോ എന്ന്.നഖങ്ങളെ നന്നായി അറിയുകയും അവയ്ക്ക് അനുയോജ്യമായ പരിചരണം നൽകുകയും ചെയ്യണം. സൗന്ദര്യത്തിന്റെ പൂർണത തന്നെ നഖങ്ങളുടെ ഭംഗി കണ്ട് അറിയണമെന്ന് സാരം. നഖംകടിയാണ് പലപ്പോഴും അവയുടെ സൗന്ദര്യം കെടുത്തുന്നത്. പിന്നെ വെള്ളയും മഞ്ഞയും കലർന്ന നഖങ്ങളും. അവയോടൊപ്പം അഴുക്കും ആവരണമായി എത്തുമ്പോൾ കാണുന്നവരുടെ മുഖം ചുളിയാൻ ഇനി എന്തു വേണം?
* നഖം കടിക്കുന്നത് അനാരോഗ്യം വിളിച്ചു വരുത്തും. പലർക്കും നഖംകടി ഒഴിവാക്കാൻ പ്രയാസമാണ്. കടിക്കണമെന്ന് ആഗ്രഹം കലശലാണെങ്കിൽ ആന്റിബൈറ്റിംഗ് നെയ്ൽ പെയിന്റ് ഉപയോഗിക്കുക. ഒറ്റത്തവണയേ നഖം കടിക്കൂ. പെയിന്റിന്റെ അരുചി കാരണം പിന്നീടൊരിക്കലും നഖം കടിക്കില്ല.
* വീട്ടിൽ നാരങ്ങാ വെള്ളം തയ്യാറാക്കുകയാണെങ്കിൽ ഒരു സ്പൂൺ നീര് നഖങ്ങൾക്കായി മാറ്റിവെക്കുക. അതിൽ അരസ്പൂൺ പഞ്ചസാരയും അൽപ്പം വെള്ളവും ചേർത്ത ശേഷം നഖങ്ങൾ നന്നായി മസാജ് ചെയ്യുക. പിന്നീട് തണുത്തവെള്ളത്തിൽ കഴുകണം. ഒലിവ് ഓയിൽ ചൂടാക്കിയ ശേഷം നഖങ്ങൾ അൽപ്പനേരം അതിൽ മുക്കിവയ്ക്കുന്നതും നല്ലതാണ്.
* നഖങ്ങളിൽ വെള്ളപ്പെട്ടെങ്കിൽ വിശ്വാസവും അതിരുകടക്കും. അമിതമായി മധുരം ഉപയോഗിക്കുന്നതു കൊണ്ടോ ഭക്ഷണത്തിൽ സിങ്കിന്റെ അഭാവം കൊണ്ടോ ആയിരിക്കും ഇങ്ങനെ സംഭവിക്കുന്നതെന്നും അറിയണം. ധാന്യങ്ങളും ഇലക്കറികളും നന്നായി കഴിക്കണം.
* കാൽപാദങ്ങളിൽ നനവ് തട്ടുന്നത് ഫംഗസ് ബാധയ്ക്ക് കാരണമാകാം. പാദങ്ങൾ നനയുകയാണെങ്കിൽ വൃത്തിയാക്കിയ ശേഷം നല്ല ടവൽ കൊണ്ട് തുടയ്ക്കണം.
* നെയിൽ പോളീഷിന്റെ പൊട്ടിപ്പൊളിഞ്ഞ അംശങ്ങൾ നഖങ്ങളിൽ പറ്റിച്ചു നടക്കരുത്. പോളീഷ് ഇളകാൻ തുടങ്ങുമ്പോൾ തന്നെ നെയിൽപോളീഷ് റിമൂവർ ഉപയോഗിച്ച് ഭംഗിയായി തുടച്ചു നീക്കണം. നീട്ടി വളർത്തുന്ന നഖങ്ങളും ആകൃതി വരുത്തണം. ഇരുവശങ്ങളിൽ നിന്നും മദ്ധ്യത്തിലേക്കാണ് നഖങ്ങൾ ആകൃതി വരുത്തേണ്ടതെന്നും ഓർക്കുക.
നിറമിടും മുമ്പ്
കാറ്റും വെളിച്ചവുമുള്ള സ്ഥലങ്ങളിൽ മാത്രമിരുന്ന് നെയിൽപോളിഷ് ഇടുക. നെയിൽ പോളിഷ് രണ്ടു കോട്ടിൽ കൂടുതൽ വേണ്ട. ഉപയോഗിക്കുന്നതിന് മുമ്പ് ബോട്ടിൽ നന്നായി കുലുക്കണം. നെയിൽ പോളീഷുകൾ സൂര്യപ്രകാശം തട്ടാതെ ഉപയോഗിക്കണം. നെയിൽ പോളീഷ് പെട്ടെന്ന് കട്ടിയാകാതിരിക്കാൻ ഫ്രിഡ്ജിൽ വയ്ക്കണം. നഖങ്ങളിൽ തേക്കുന്നതിന് അരമണിക്കൂർ മുമ്പ് മാത്രം പുറത്തെടുത്താൽ മതി. പിന്നീട് വീണ്ടും ഫ്രിഡ്ജിലേക്ക് മാറ്റുക. നെയിൽ പോളീഷ് ഇട്ട ഉടൻ വിരൽ തണുത്ത വെള്ളത്തിൽ മുക്കിപിടിക്കുന്നതും നല്ലതാണ്.