ss

പൂജാമുറിയിൽ, ഹൃദയത്തിലേക്കെന്നും പ്രകാശം വർഷിക്കുന്ന മൂകാംബികാമ്മയ്‌ക്കും ശിവപെരുമാളിനും കൃഷ്‌ണഭഗവാനും മഹാഗണപതിക്കുമൊപ്പം, വെള്ളി ഫ്രെയിമിൽ തിളങ്ങുന്ന ഒരു കൊച്ചു ഫോട്ടോയുമുണ്ട്. പുഞ്ചിരി തൂകി അനുഗ്രഹിക്കുന്ന യേശുക്രിസ്‌തു! വർഷങ്ങൾക്കു മുമ്പെപ്പോഴോ ആണ് ഞങ്ങളുടെ അപ്പാർട്ട്‌മെന്റിലേക്ക് യേശുദേവൻ കയറി വന്നത്; മകൾ വർഷയുടെ കോൺവെന്റ് കാലത്തെപ്പോഴോ... കിന്റർഗാർഡൻ മുതൽ പ്ലസ്ടു വരെ നീണ്ട പതിനാല് വർഷങ്ങൾ അവൾ തിരുവനന്തപുരത്തെ പുരാതന ക്രിസ്‌തീയവിദ്യാലയമായ ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളിനകത്തെ ചാപ്പലിൽ ആദ്യ ദിവസം തന്നെ അവൾ സഹപാഠികൾക്കൊപ്പം മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. പിന്നീട് ഓരോ ക്ലാസ് പരീക്ഷയ്‌ക്കു മുമ്പും, എല്ലാ പരീക്ഷണഘട്ടങ്ങളിലും നിരവധി മെഴുകുതിരികൾ കത്തിച്ചു. ഒരു നാൾ വൈകുന്നേരം സ്‌കൂൾബാഗിനകത്താക്കി ഭദ്രമായി കൂട്ടിക്കൊണ്ടുവന്ന യേശുദേവന്റെ കൊച്ചുഫോട്ടോയ്‌ക്കു മുമ്പിലും അവൾ കുരിശു വരച്ചു. എന്നും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, അമ്പലങ്ങളിൽ ശ്രീകോവിലിനു മുമ്പിൽ പ്രാർത്ഥിച്ചു നിൽക്കുമ്പോൾ പോലും, അറിയാതെ അവൾ കുരിശു വരയ്‌ക്കുന്നത്...

തിരുവനന്തപുരത്തെ വെട്ടുകാട് പള്ളിയിലേക്ക് അവളാണ് പണ്ടൊരിക്കൽ എന്നേയും അവളുടെ അമ്മയേയും കൂട്ടിക്കൊണ്ടുപോയത്; ഒരു ഈസ്റ്റർ ഞായറാഴ്ച വൈകുന്നേരം. കടലിന് മുഖാമുഖം നിൽക്കുന്ന, അഞ്ഞൂറുവർഷത്തിലേറെ പഴക്കമുള്ള ആ പ്രാക്തനദേവാലയം, ആദ്യ കാഴ്‌ചയിൽത്തന്നെ എന്റെ മനസിൽ കൂടുകൂട്ടി. (ഈയിടെ അത് പുതുക്കിപ്പണിതിട്ടുണ്ട്). കടലിൽ നിന്നുള്ള ചുവന്ന പ്രകാശം, പള്ളിയുടെ ഗോപുരങ്ങളിൽ തട്ടി പ്രതിഫലിച്ചുകൊണ്ടിരുന്നു. കടൽക്കാറ്റ് ഹൃദ്യമായി ചുറ്റിലും വീശിക്കൊണ്ടിരുന്ന തുടുതുടുത്ത ആ സന്ധ്യാനേരത്ത്, വർഷ മൂന്നു മെഴുകുതിരികൾ തിരുരൂപത്തിനുമുന്നിൽ, അണയാതെ കത്തിച്ചുവെച്ചു...

രണ്ട്
ചെമ്പേരിപ്പള്ളി ഉയരത്തിലാണ്. നിറയെ പടിക്കെട്ടുകൾ കയറി വേണം പള്ളിമുറ്റത്തെത്താൻ. ഒരു ഈസ്റ്റർപകലിന്റെ വെണ്മയിൽ, ഞാൻ പല കാര്യങ്ങളുമോർത്ത് ആ പടിക്കെട്ടുകളിലിരിക്കയായിരുന്നു. കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരപ്രദേശമായ ശ്രീകണ്ഠപുരത്ത് ബാങ്കിൽ ജോലിക്കെത്തിയശേഷമാണ് തൊട്ടടുത്തുള്ള ഗ്രാമമായ ചെമ്പേരിയെക്കുറിച്ച് ഞാനറിഞ്ഞത്. വർഷം 1985. ബാങ്കിൽ ഇടപാടുകാരിയായി വന്ന ആൻസിയാണ്, ഞാൻ വല്ലതുമൊക്കെ പത്രങ്ങളിൽ കുത്തിക്കുറിക്കാറുണ്ടെന്ന അറിവിൽ, ക്യാഷ് കൗണ്ടറിലിരിക്കയായിരുന്ന എന്നോട് അവളുടെ അമ്മവീടുള്ള ചെമ്പേരിയെക്കുറിച്ച് വലിയ ആവേശത്തിൽ പറഞ്ഞത്: ''കാക്കനാടൻ എന്ന ഒരു എഴുത്തുകാരനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങേര്‌ടെ ഒറോത എന്ന നോവൽ ചെമ്പേരിക്കാരെക്കുറിച്ചാണ്.""

cc

ഒറോത ഞാൻ വായിച്ചിരുന്നു. കുടിയേറ്റക്കാരുടെ ജീവിതതീക്ഷ്ണതകളെ ഒറ്റയാൾപട്ടാളമായി ചെറുത്ത ധീരവനിതയായ ഒറോതയെക്കുറിച്ച് ഒരു സാഹിത്യക്യാമ്പിൽവെച്ച്, ബേബിച്ചായൻ എന്ന് ഞാൻ പിന്നീട് വിളിച്ചു തുടങ്ങിയ കാക്കനാടൻ സംസാരിക്കുന്നത് കേട്ടിട്ടുമുണ്ട്... അങ്ങനെയാണ് എൺപത്താറിലെ ഈസ്റ്ററിന് ഞാൻ ഒറോതച്ചേച്ചിയുടെ ചെമ്പേരിയിൽ, ആൻസിയുടെ ക്ഷണമനുസരിച്ചെത്തിയത്. കുർബാന കഴിഞ്ഞ് ആളുകൾ പടിക്കെട്ടുകളിലൂടെ സോല്ലാസം ഇറങ്ങി വന്നു കൊണ്ടിരുന്നു...
''ഇവിടിരിക്കുവാന്നോ?""ആൻസി എന്റെ അരികിലേക്കു പുഞ്ചിരിയോടെ നടന്നു വന്നു. അവളോടൊത്ത് ഞാൻ നാടുകാണുവാനിറങ്ങി. റബ്ബർ മരങ്ങൾക്കിടയിലൂടെയും ചെമ്പേരി പുഴയ്‌ക്കരികിലൂടെയും ഞങ്ങൾ നടന്നു. ഉച്ചയായപ്പോൾ, അവളുടെ അമ്മച്ചിയുടെ ചൂടു പാറുന്ന സ്‌നേഹവിഭവങ്ങൾക്കു മുന്നിൽ, ഒരിത്തിരി നാണം പൂണ്ടിരുന്നപ്പോൾ, ഒരു അലുമിനിയം തട്ട് ആൻസി മുന്നിലേക്കു നീക്കിവെച്ചു: ''അരീം പഞ്ചസാരേം ഈസ്റ്റുമൊക്കെ കിറുകൃത്യം ചേർത്ത് ഇയാൾക്കുവേണ്ടി ഞാനുണ്ടാക്കീതാ ഈ സ്‌പെഷ്യൽ ഈസ്റ്റർ വട്ടയപ്പം. കഴിച്ചുനോക്ക് രുചിയെങ്ങനുണ്ടെന്ന്...""

മൂന്ന്
അക്കാലത്തു തന്നെയാണ് ഞാൻ ഞായറാഴ്‌ചകളെ സ്‌നേഹിച്ചുതുടങ്ങിയതും സമീപസ്ഥങ്ങളായ പള്ളികളിലെ കുർബ്ബാനകളിൽ പങ്കെടുത്തു തുടങ്ങിയതും. വെള്ളാരങ്കല്ലുകൾക്കു മേൽ തെളിനീരൊഴുകുന്ന പുഴയും അതിനുമേലേയുള്ള ആടുന്ന കമ്പിപ്പാലവും പടികൾ കയറി ചെന്നെത്താവുന്ന പഴയ പള്ളിയും ധൂമഗന്ധമുള്ള അൾത്താരയും വെള്ളിക്കമ്പിയുള്ള കണ്ണടക്കിടയിലൂടെ സ്‌നേഹച്ചിരി ചിരിക്കുന്ന വൃദ്ധപുരോഹിതനും പല വർണ്ണച്ചിറകുകളിൽ ഉല്ലസിച്ചു പറക്കുന്ന പൂമ്പാറ്റകളും...! യൗവ്വന തീക്ഷ്ണമായ ആ ദിനങ്ങളിലാണ് ബൈബിളിന്റെ അഭൗമലോകത്തേക്ക് ഞാൻ ഊളിയിട്ടത്. 'വിലാപവൃക്ഷത്തിലെ കാറ്റ്" എന്ന ബിബ്ളിക്കൽ നോവൽ എഴുതിയതും അത് ഡി.സി. ബുക്‌സ് അത് പുസ്‌തകമാക്കിയതും അക്കാലത്താണ്. ഇപ്പോൾ സുജിലി പബ്ലിക്കേഷൻസിലൂടെ ആ നോവലിന്റെ നാലാംപതിപ്പ് പുറത്തു വരുന്നു എന്ന സന്തോഷം ഈസ്റ്ററിന്റെ നറുവെളിച്ചമായി മനസിൽ നിറയുന്നു...

നാല്
വേൾഡ് ടു വേൾഡ് എന്ന ക്രിസ്‌തീയ ടെലിവിഷൻ ചാനലിനായി കഴിഞ്ഞ ദിവസം 'ബൈബിളും ഞാനും' എന്ന വിഷയത്തിലുള്ള ഈസ്റ്റർ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേ, പ്രോഗ്രാം പ്രൊഡ്യൂസറും കവിയുമായ ദീപു കോന്നി എന്നോട് ചോദിച്ചു:''താങ്കൾക്ക് ആരാണ് ക്രിസ്‌തു?""
ക്യാമറയിൽ നോക്കി ഞാൻ പതിയെ പറഞ്ഞു: ''സ്‌നേഹവാനായ ഏട്ടൻ. എന്റെ അമ്മയ്‌ക്ക് പിറക്കാതെ പോയ ജ്യേഷ്‌ഠസഹോദരനാണ് എനിക്ക് എന്റെ യേശു.""