nitin-menon

മുംബയ് : ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയിലെ മത്സരങ്ങൾ നിയന്ത്രിച്ച മറുനാടൻ മലയാളി അമ്പയർ നിധിൻ മേനോന്റെ പ്രകടനത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് വിദഗ്ധർ. അമ്പയർമാരുടെ പല തെറ്റായ തീരുമാനങ്ങളും വിവാദമായ പരമ്പരയിലാണ് നിധിൻ വേറിട്ടുനിൽക്കുന്നത്. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ എലീറ്റ് പാനലിൽ അംഗമാണ് നിധിൻ.

‘നിധിൻ മേനോൻ ഒരു തീരുമാനമെടുത്താൽ പിന്നെ നിങ്ങൾ റിവ്യൂവിനു പോകരുത്’– മുൻ താരം ആകാശ് ചോപ്രയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ചോപ്രയ്ക്ക് പുറമെ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്, ഓസീസിന്റെ മുൻ വനിതാ താരം ലിസ സ്തലേക്കർ എന്നിവരും നിധിൻ മേനോന്റെ കൃത്യതയെ അഭിനന്ദിച്ച് രംഗത്തെത്തി. ഈ വർഷത്തെ മികച്ച അംപയറിനുള്ള പുരസ്കാരം നിധിൻ മേനോന് ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസവും കാർത്തിക് പ്രകടിപ്പിച്ചു.

പരമ്പരയിലുടനീളം തെറ്റാത്ത തീരുമാനങ്ങളുമായാണ് നിധിൻ കളം നിറഞ്ഞത്. അദ്ദേഹത്തിന്റെ തീരുമാനം ചോദ്യം ചെയ്ത് റിവ്യൂവിനു പോയ ക്യാപ്ടൻമാർക്കാവട്ടെ നിരാശപ്പെടേണ്ടി വരികയും ചെയ്തു. ടെസ്റ്റ് പരമ്പരയിലെ നാലു മത്സരങ്ങളിലും ട്വന്റി20, ഏകദിന പരമ്പരകളിലെ എട്ടിൽ ആറു മത്സരങ്ങളിലുമാണ് നിധിൻ മേനോൻ അമ്പയറിംഗ് പാനലിൽ ഉണ്ടായിരുന്നത്. ഇത്രയും മത്സരങ്ങളിലായി അദ്ദേഹം കൈക്കൊണ്ട 40 തീരുമാനങ്ങളിലാണ് ക്യാപ്ടൻമാർ ഡി.ആർ.എസ് ആവശ്യപ്പെട്ടത്. അതിൽ തിരുത്തൽ വരുത്തേണ്ടി വന്നത് വെറും അഞ്ച് തീരുമാനങ്ങളിൽ മാത്രം!

ബാക്കിയുള്ളവയിൽ 23 തീരുമാനങ്ങളിൽ നിതിൻ മേനോന്റെ വിധികൾ കിറുകൃത്യമായിരുന്നു. 12 വിധികൾ അമ്പയേഴ്സ് കാളിന്റെ അനുകൂല്യത്തിലും തിരുത്തപ്പെടാതെ നിന്നു. എപ്പോഴും തർക്കവിഷയമാകാറുള്ള എൽ.ബി.ഡബ്ല്യുവിൽ അദ്ദേഹത്തിന്റെ 35 തീരുമാനങ്ങൾ പരിശോധിച്ച തേഡ് അമ്പയർമാർക്ക് തിരുത്തേണ്ടി വന്നത് രണ്ടെണ്ണം മാത്രം!

പരമ്പര മുന്നോട്ടു പോകുന്തോറും നിധിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ ടീമുകൾ മടിക്കുന്നത് വ്യക്തമായിരുന്നു. ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയും ഇംഗ്ലണ്ട് നായകൻമാരായ ജോ റൂട്ട്, ഇയോൻ‌ മോർഗൻ, ജോസ് ബട്‌ലർ എന്നിവരും നിധിൻ മേനോന്റെ തീരുമാനങ്ങൾ റിവ്യൂ ചെയ്യാൻ സഹതാരങ്ങളുമായി നീണ്ട ചർച്ചകൾ നടത്തി.

ഞായറാഴ്ച നടന്ന നിർണായകമായ മൂന്നാം ഏകദിനത്തിലും മേനോന്റെ തീരുമാനങ്ങളുടെ കൃത്യത തെളിഞ്ഞുകണ്ടു. ഇംഗ്ലണ്ട് താരം ഡേവിഡ് മലാനെതിരെ ക്രുനാൽ പാണ്ഡ്യ എറിഞ്ഞ 19–ാം ഓവറിൽ ഇന്ത്യൻ താരങ്ങളുടെ ഔട്ടിനായുള്ള അപ്പീൽ മേനോൻ തള്ളിയിരുന്നു. കൊഹ്‌ലി ഈ തീരുമാനം റിവ്യൂ ചെയ്തെങ്കിലും റീപ്ലേയിൽ പന്ത് സ്റ്റംപിൽ തൊടുന്നില്ല എന്ന് വ്യക്തമായി. ഇന്ത്യയ്ക്ക് റിവ്യൂ നഷ്ടമാകുകയും ചെയ്തു. പിന്നീട് ഭുവനേശ്വർ കുമാറിന്റെ 39–ാം ഓവറിൽ മേനോന്റെ തീരുമാനം ചോദ്യം ചെയ്ത് വീണ്ടും റിവ്യൂ ആവശ്യപ്പെട്ടെങ്കിലും അതും നഷ്ടമായി

മുപ്പത്തിയേഴുകാരനായ നിധിൻ മേനോൻ എലീറ്റ് പാനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അമ്പയറാണ്. അച്ഛനും അമ്മയും മലയാളികളാണെങ്കിലും ഇൻഡോറിലാണ് നിധിൻ മേനോൻ ജനിച്ചു വളർന്നത്.