കഥാകൃത്തും ബാലസാഹിത്യക്കാരിയുമായ കുസുമം ആർ. പുന്നപ്ര കൊച്ചുകുട്ടികൾക്കായി ഇംഗ്ളീഷിൽ രചിച്ച ഗുണപാഠകഥയാണ് 'ജോജോയും സാന്താക്ലോസും". ക്രിസ്മസ് കാലത്ത് സാന്താക്ലോസിനെ സ്വപ്നം കണ്ടിരുന്ന ജോജോ എന്ന കൊച്ചുകുട്ടിയുടെ ഇച്ഛാഭംഗത്തിന്റെ കഥയാണിത്. ക്രിസ്മസിന് ഏതാനും നാൾ മുമ്പ് ജോജോ സ്വപ്നത്തിൽ സാന്താക്ലോസിനെ കണ്ടു. ക്രിസ്മസിന് എന്റെ വീട്ടിലേക്ക് വരില്ലേ എന്ന ചോദ്യത്തിന് തീർച്ചയായും എത്തും എന്ന് സാന്താക്ലോസ് മറുപടി നൽകി. ഇക്കാര്യം അവൻ അച്ഛനമ്മമാരോട് പറഞ്ഞു. എല്ലാവർക്കും സന്തോഷമായി. മമ്മിയും ഡാഡിയും കൂടി വാങ്ങിക്കൊണ്ടുവന്ന ക്രിസ്മസ് മരം ജോജോകൂടി ചേർന്ന് മനോഹരമായി അണിയിച്ചൊരുക്കി. അമ്മയുടെ സഹായത്തോടെ സാന്തായ്ക്കുള്ള ലഘുഭക്ഷണവും ജോജോ തയ്യാറാക്കി.
ഇതിനിടെ ഒരു വൃദ്ധൻ ഭക്ഷണം യാചിച്ച് ജോജോയുടെ അടുത്തെത്തി. ഒന്നുമില്ലെന്ന് പറഞ്ഞ് ജോജോ അയാളെ തിരിച്ചയച്ചു. അടുത്തദിവസം ദരിദ്രനായ ഒരു ബാലൻ അവിടെയെത്തി. തന്റെ ക്രിസ്മസ്മരം അലങ്കരിക്കാൻ കൈയിലൊന്നുമില്ലെന്നും അതിനായി എന്തെങ്കിലും സഹായം ചെയ്യണമെന്നും ആ ബാലൻ അപേക്ഷിച്ചു. അവനെയും ജോജോ പരിഗണിച്ചില്ല. അടുത്തദിവസം സഹായാഭ്യർത്ഥനയുമായി തവിട്ടുനിറത്തിലുള്ള ഒരു കുരുവി ജോജോയെ കാണാനെത്തി. അതിശൈത്യം കൊണ്ട് താൻ വല്ലാതെ വിറയ്ക്കുകയാണെന്നും ആ രാത്രി ജോജോ ഒരുക്കിയ ക്രിസ്മസ് മരത്തിൽ അഭയം തേടാൻ അനുവദിക്കണമെന്നുമായിരുന്നു കുരുവിയുടെ അഭ്യർത്ഥന. ഈ മരം സാന്തായ്ക്കുവേണ്ടി തയ്യാറാക്കിയതാണെന്നും അത് അശുദ്ധമാക്കാൻ സമ്മതിക്കില്ലെന്നും പറഞ്ഞ് ജോജോ ആ പറവയേയും ആട്ടിയകറ്റി.
ക്രിസ്മസ് ദിനമായി. സ്വപ്നത്തിൽ കണ്ടതുപോലെ സാന്താക്ലോസ് എത്താത്തതിൽ ജോജോ ദുഃഖിതനാകുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് കഥയുടെ പ്രമേയം.
'അണ്ണാൻ കുഞ്ഞും തന്നാലായത്" എന്നു പറഞ്ഞപോലെ കുട്ടികളായിരിക്കുമ്പോഴും ചെറിയ ചെറിയ സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്യാൻ മനസുണ്ടാവണം. ഇവിടെ സാന്താക്ലോസ് എന്ന ദൈവസങ്കല്പം പല വേഷങ്ങളിലെത്തി ജോജോയെ പരീക്ഷിക്കുകയായിരുന്നു. എല്ലാവരിലും ദൈവമുണ്ട്. അതറിഞ്ഞ് ജീവജാലങ്ങളെ മുഴുവൻ സ്നേഹിക്കാൻ നമുക്ക് കഴിയണം. അതാണ് ഈ കഥ നൽകുന്ന സാരോപദേശം. അതീവ ലളിതവും ആകർഷകവുമാണ് ഭാഷ. മനോഹരമായ ചിത്രങ്ങൾ കഥയെ കൂടുതൽ ആസ്വാദ്യമാക്കുന്നു. കമനീയമായ കവറും അച്ചടിയും. കുട്ടികൾക്ക് ഈ പുസ്തകം ഏറെ ഇഷ്ടപ്പെടും. കഥാകൃത്തായ കുസുമം ആർ. പുന്നപ്രയെ ഹൃദയപൂർവം അഭിനന്ദിക്കുന്നു.
പ്രസാദകർ: WNP (P)Ltd,
വില: ₹ 400