മൂന്നുപതിറ്റാണ്ട് വാച്ച് കട നടത്തിവന്ന വേലപ്പൻ കാര്യമായി ഒന്നും സമ്പാദിച്ചില്ല. അകാലത്തിൽ ചേതനയറ്റ പലമുഖങ്ങളുള്ള നാഴികമണികൾ. എവിടെ നിന്ന് ഈ വിദ്യ പഠിച്ചെന്ന് അധികമാരോടും പറഞ്ഞിട്ടില്ല. കൃത്യസമയത്ത് നന്നാക്കിക്കൊടുക്കും. പ്രതിഫലമാകട്ടെ നിസാരവും. ആരുടെയും സമയത്തെ മറ്റാർക്കും നന്നാക്കിക്കൊടുക്കാൻ കഴിയില്ലെന്ന പക്ഷക്കാരനാണ്. ബാല്യത്തിലേ അച്ഛനൊപ്പം കടയിൽ പോകാറുള്ള ബിജു പഠിച്ച് സർക്കാർ ജോലിനേടി. എങ്കിലും അച്ഛന്റെ കാലശേഷം പഴയവാച്ച് കട മിനുക്കി. നല്ല സൗകര്യമുള്ള കട. അടുത്ത ഒരു ബന്ധു സഹായിയായുണ്ട്. ജോലിക്ക് പോയിവന്നശേഷം രണ്ടുമണിക്കൂർ കടയിൽ ചെലവഴിക്കും. ഏതുതരം വാച്ചും നന്നാക്കും. മൊബൈൽ വിൽപ്പനയും ഉണ്ട്. കടയിൽ പിതാവിന്റെ കണ്ണാടിചിത്രം.
കടയിൽ വരുന്ന ചില സുഹൃത്തുക്കളോട് സമയത്തിന്റെ വില ബിജു ഓർമ്മിപ്പിക്കാറുണ്ട്. തൊണ്ണൂറ് ശതമാനം ആളുകളും തങ്ങളുടെ മുന്നിലൂടെ പോകുന്ന സമയത്തെ തിരിച്ചറിയുന്നില്ല. സമയമെല്ലാം പാഴാക്കികളഞ്ഞശേഷം തന്റെ ഗ്രഹനില ശരിയല്ല, സമയം നന്നല്ല എന്നൊക്കെ പുലമ്പിക്കൊണ്ടിരിക്കും. എപ്പോഴാണ് സമയം ശരിയാകുന്നതെന്ന് അവർ സമീപിക്കുന്ന ജ്യോതിഷപണ്ഡിതർക്കും അവർക്കും തന്നെ നിശ്ചയമില്ല. പുത്തരിയിൽ കല്ലുണ്ടെന്ന് കരുതി കഞ്ഞിവയ്ക്കാതിരിക്കും പോലെയാണ് ചില സമയം നല്ലതല്ലെന്ന് തെറ്റിദ്ധരിച്ച് ഒന്നും ചെയ്യാതിരിക്കുന്നത്.
തന്റെ ഒരു ബന്ധുവിന്റെ കുടുംബത്തിൽ നല്ല സമയമെല്ലാം പാഴാക്കിക്കളഞ്ഞതിന്റെ ചിത്രം ബിജു സൂചിപ്പിക്കാറുണ്ട്. സമ്പന്നരാണ്. പക്ഷേ അതിനേക്കാൾ സമ്പന്നത അന്ധവിശ്വാസങ്ങളിലാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം രാഹുകാലവും ഗുളികകാലവും നോക്കും. പുസ്തകം വായിക്കുന്നതിന്, പഠിക്കുന്നതിന്, ബന്ധുവീട്ടിൽ പോകുന്നതിന്, ക്ഷേത്രത്തിൽ പോകുന്നതിന് അങ്ങനെ സർവതിനും. വലിയ ബിരുദങ്ങൾ നേടിയിട്ടും ഈ അന്ധവിശ്വാസങ്ങൾ കൂടെ നടന്നു. പലർക്കും അത് അലോസരമായി. ആശുപത്രികാര്യത്തിന് ആരെങ്കിലും കടം ചോദിച്ചു വന്നാലും നാളും പക്കവും നോക്കും. അങ്ങനെ ശത്രുക്കളായവർ നിരവധി. പുസ്തകം ആരെങ്കിലും വായിക്കാൻ ചോദിച്ചാലും നല്ല സമയമല്ലെന്ന് തോന്നിയാൽ കൊടുക്കില്ല. നല്ല സമയമല്ലെങ്കിൽ മിത്രവും ശത്രുവാകുമെന്ന പക്ഷക്കാരാണ് വീട്ടുകാർ. ഇത്രയൊക്കെ സമയത്തെ ശുഭമെന്നും അശുഭമെന്നും മുദ്രയടിച്ചിട്ടും പലരുടെയും പിൽക്കാല ജീവിതാനുഭവങ്ങൾ അത്രനന്നല്ലെന്ന് ബിജു നേർത്ത മന്ദഹാസത്തോടെ പറയാറുണ്ട്.
നൂറുകണക്കിന് വാച്ചുകളിലെ സമയം ശരിയാക്കിക്കൊടുത്തിട്ടുള്ള ബിജുവിനെ വാച്ചുകൾ പഠിപ്പിച്ച പാഠങ്ങളുണ്ട്. സ്വർണ വാച്ചിലെ സമയം, പൊട്ടവാച്ചിലെ സമയം ഇവ തമ്മിൽ എന്താണ് വ്യത്യാസം. ചില വാച്ചുകൾ നാലോ അഞ്ചോ മിനിട്ട് മന്ദഗതിയിലായിരിക്കും. സുഖാനുഭവങ്ങളും ചിലപ്പോൾ ക്ഷമയുടെ നെല്ലിപ്പലകകണ്ടിട്ടാകാം വരുന്നത്. ചില വാച്ചുകൾ അഞ്ചോ പത്തോ മിനിട്ട് മുന്നേ പോകുന്നതായിരിക്കും. അതുകണ്ട് തന്റെ സമയം ശരിയല്ലെന്ന് ദുഃഖിക്കുന്നത് വിഡ്ഢിത്തമാണ്. സമയം ദേവതയാണ്. അദൃശ്യമായ കരങ്ങൾ കൊണ്ട് സദാ അനുഗ്രഹിക്കുന്നു. ആ സമയം മുഴുവൻ ഉറങ്ങിയും പാഴാക്കിക്കളഞ്ഞും ജീവിച്ചാൽ സമയം ഒരിക്കലും നന്നാകില്ല. സകല വിഴുപ്പും ചുമക്കാനുള്ള കഴുതയല്ല സമയമെന്ന് തിരിച്ചറിയുകയെങ്കിലും വേണം.
(ഫോൺ: 9946108220)