പാട്ടിന്റെ ആഴക്കടൽ,മലയാളികളുടെ ഹൃദയത്തിലെ സംഗീതത്തിന്റെ കയ്യൊപ്പ് ഔസേപ്പച്ചൻ ജീവിതത്തിലെ മറക്കാനാവാത്ത ഓസ്കാർ അനുഭവം പങ്കിടുന്നു
ഔസേപ്പച്ചനും ഞാനും തമ്മിൽ ഒരു ദിവസം മുഴുവൻ സംഗീതം സംസാരിച്ചാൽ, ഒന്നുകിൽ അദ്ദേഹത്തിന് ശരിക്കും ബോറടിച്ചേക്കാം, അല്ലെങ്കിൽ അദ്ദേഹത്തിന്റെ പാട്ടുകൾ ജനപ്രിയമാകുന്നതിന്റെ രഹസ്യം അൽപ്പമെങ്കിലും എനിക്കു മനസിലായേക്കാം. രണ്ടാമത്തേതിനാണ് സാദ്ധ്യത കൂടുതലെങ്കിലും, ഔസേപ്പച്ചന്റെ ഇടത്തും വലത്തുമിരുന്നു ആഴത്തിൽ സംഗീതം പഠിച്ച എ. ആർ. റഹിമാനെപ്പോലെയോ, വിദ്യാസാഗറിനെപ്പോലെയോ ഞാൻ ആവുകയേയില്ല!
''കണ്ണാന്തുമ്പീ പോരാമോ,
എന്നോടിഷ്ടം കൂടാമോ...
നിന്നെക്കൂടാതില്ലല്ലോ ഇന്നെന്നുള്ളിൽ
പൂക്കാലം..""
ബാല്യകാല ഓർമകളെ തട്ടിയുണർത്തുന്ന ഈ തേനൂറും ഗാനം ഞാൻ ആദ്യം കേട്ടത് എൺപതുകളുടെ അവസാനത്തിലാണ്. അന്നുമുതലുള്ള മോഹമായിരുന്നു ഈ ഗീതത്തിനു സംഗീതം നൽകിയ ഔസേപ്പച്ചനെ കണ്ടൊന്ന് സംവദിക്കണമെന്ന്. വിഭിന്നമായ കാരണങ്ങളാൽ നടക്കാതെപോയ ആ അഭിമുഖം കുറച്ചു ദിവസങ്ങൾക്കു മുന്നെയാണ് സാദ്ധ്യമായത്.
സംസാരശേഷിയില്ലാത്ത തന്റെ ഒരു കഥാപാത്രത്തിന്റെ സകല വികാര വിചാരങ്ങളും ഒരു സംഗീത ഉപകരണം ഉപയോഗിച്ചു പ്രകടിപ്പിക്കാൻ, വയലിനിൽ വിസ്മയം സൃഷ്ടിക്കുന്ന ഔസേപ്പച്ചനെ ചലചിത്ര സംവിധായകൻ ഭരതൻ ഏൽപിച്ചത് സ്വാഭാവികം. നിലവാരമുള്ളൊരു മലയാളപടമെന്ന് കണ്ടവരെല്ലാവരും വിലയിരുത്തിയ 'ആരവ" ത്തിന്റെ വിജയം (1978), അതിന്റെ സംവിധായകന്റേതു മാത്രമല്ല, ഔസേപ്പച്ചന്റെ കൂടിയാണെന്ന് പ്രേക്ഷകലോകം ശ്രദ്ധിച്ചിരുന്നു! ഔസേപ്പച്ചൻ സ്വതന്ത്രമായി സംഗീതം നൽകിയ, ഭരതന്റെ 'കാതോട് കാതോര"ത്തിനുമുന്നെത്തന്നെ, ഒരു സംഗീതപ്രതിഭയെ മലയാള സിനിമ കണ്ടെത്തിയിരുന്നുവെന്നു പറയുന്നതായിരിക്കാം, അതിനാൽ കൂടുതൽ ശരി!
സംസ്ഥാന പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയത്, 'ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാങ്കുഴലിൻ കഥ പറയാം..." എന്ന ഗാനത്തിലൂടെയാണ് (1987). ഒരുപക്ഷേ, വയലിന്റെ റേഞ്ച് എന്താണെന്ന് മലയാളികൾ മനസിലാക്കിയതും ഈ ഗാനത്തിലൂടെത്തന്നെയാണ്.
പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും
മേച്ചിൽപ്പുറം തന്നിലും...
ആകാശക്കൂടാരക്കീഴിലെ
ആശാമരച്ചോട്ടിലും...
ഈപ്പാഴ്മുളം തണ്ടുപൊട്ടും വരെ,
ഈഗാനമില്ലാതെയാകും വരെ,
ഈ മധുരഗാനം ആലപിച്ചത് ദാസേട്ടൻ. നേടിയത് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം!
ദാസേട്ടന്റെ ശബ്ദം കയറിയിറങ്ങുന്ന അതിലോലമായ സകല ശ്രുതി മന്ദിരങ്ങളിലും ഔസേപ്പച്ചന്റെ മാന്ത്രിക സംഗീത ഉപകരണവും വഴിയാംവണ്ണം എത്തിയിരുന്നു. പിന്നെ താമസമുണ്ടായില്ല, ഔസേപ്പച്ചന്റെ സംഗീതമെന്നാൽ അത് വയലിൻ സൃഷ്ടിക്കുന്ന അത്ഭുതമാണെന്ന് ജനം തിരിച്ചറിഞ്ഞു. ശ്രോതാക്കളതിന് 'ഔസേപ്പച്ചൻ ടച്ച്" എന്ന് പേരിട്ടു!
വന്ദനത്തിലെ 'അന്തിപ്പൊൻവെട്ടം", ചിലമ്പിലെ 'താരും തളിരും", ഹരികൃഷ്ണൻസിലെ 'സമയമിതപൂർവ സായാഹ്നം", ആകാശദൂതിലെ 'രാപ്പാടീ കേഴുന്നുവോ", ഉള്ളടക്കത്തിലെ 'അന്തിവെയിൽ പൊന്നുതിരും" എന്നതും മുതൽ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവുമായെത്തിയ ഒരേ കടൽ. ഓരോ ചിത്രങ്ങളും വിലയിരുത്തിയാൽ ഒരുകാര്യം വ്യക്തം. നാടനായാലും ക്ലാസിക്കലായാലും, മെലഡിയായാലും, ശോകമായാലും അദ്ദേഹത്തിന്റെ ഗാനങ്ങൾക്കൊരു വേറിട്ട സ്വത്വം നൽകുന്നത് മേൽപറഞ്ഞ ആ ഔസേപ്പച്ചൻ ടച്ച് തന്നെയാണ്!
ഫ്രീക്കി ചക്ര, ആക്രോശ് , ഖട്ട മീട്ട, ബംബംബോലേ മുതലായ ഹിന്ദി ചലച്ചിത്രങ്ങളുൾപ്പെടെ, നൂറ്റിയിരുപത്തഞ്ച് പടങ്ങളിലായി അറുനൂറിലധികം മനോഹര ഗാനങ്ങൾക്ക് ഈണം നൽകിയ ഔസേപ്പച്ചൻ, ഈയിടെയിറങ്ങിയ സിനിമകളിലും ജനപ്രിയ സംഗീത സംവിധായകനായി തുടരാനുള്ള കാരണം, അന്നും ഇന്നും അദ്ദേഹം സൃഷ്ടിക്കുന്ന സ്വരമാധുരിയുടെ പൊതുഅടിത്തറ നിത്യഹരിതമായതുകൊണ്ടാണ്.
ഔസേപ്പച്ചന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീതോപകരണം വയലിൻ ആകുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരിഷ്ടം?
സംഗീതജ്ഞന്റെ കർശനമായ നിയന്ത്രണ പരിധിയിൽ കൊണ്ടുവരാൻ കഴിയുന്നൊരു ഉപകരണമാണ് വയലിൻ. സായിപ്പൻമാർ അതിന്റെ മികവ് കുറെ വർദ്ധിപ്പിച്ചിട്ടുമുണ്ട്. സംഗീതത്തിൽ ഒരു കോംപ്രമൈസും ഞാൻ ചെയ്യില്ല. മാത്രവുമല്ല, ശ്രോതാക്കളുടെ അജ്ഞത ഒരു സൗകര്യമായെടുക്കാൻ താത്പര്യവുമില്ല. ആയതിനാൽ കൃത്യതയും, സൂക്ഷ്മതയും വേണ്ടവോളം പാലിക്കാൻ വയലിനിലാണ് എനിക്ക് സാധിക്കുന്നത്. മറ്റൊരു കാരണം കൂടിയുണ്ട്. ഞാൻ സംഗീതം പഠിക്കാൻ തുടങ്ങിയത് വയലിൻ വായിച്ചാണ്. ജനിച്ചു വളർന്ന ഒല്ലൂരിലെ (തൃശൂർ ജില്ല) ഞങ്ങളുടെ ഇടവകയിലെ അച്ചൻ എനിക്കൊരു വയലിൻ സമ്മാനമായി തന്നു. അങ്ങിനെ പള്ളിയിലെ മ്യൂസിക് ട്രൂപ്പിൽ അംഗമായി. പിന്നീട്, ഒല്ലൂരിലും തൃശൂരിലുമുള്ള പല ഗായക സംഘങ്ങളിലും വയലിനിസ്റ്റായി പ്രവർത്തിച്ചു. ചിന്തയിലൊക്ക സംഗീതമായതിനാൽ, വയലിനുമായി ഈ മേഖലയിൽ അങ്ങനെ മുന്നോട്ടു പോയി.
എങ്ങനെയാണ് സിനിമാലോകത്തെത്തുന്നത്?
തൃശൂരിൽ (സംഗീത സംവിധായകനായിരുന്ന) ജോൺസൺ ഒരു മികച്ച മ്യൂസിക് ട്രൂപ്പ് നടത്തിയിരുന്നു. ഈ ട്രൂപ്പിൽ ഞാൻ വയലിനിസ്റ്റായി ചേർന്നു. ഓർക്കസ്ട്രാ ഡയറക്ടർ എന്ന നിലക്ക് ജോൺസൺ എന്റെ വയലിനിലെ പെർഫോർമൻസ് ശ്രദ്ധിക്കുമായിരുന്നു. ആയിടക്ക് അദ്ദേഹം മുഖാന്തിരം സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററെ പരിചയപ്പെടുകയും ചെയ്തു. അദ്ദേഹം എന്നെ ചെന്നൈയിലേക്ക് വിളിച്ചു. അങ്ങനെ ഞാൻ ദേവരാജൻ മാസ്റ്ററുടെ കീഴിൽ വയലിനിസ്റ്റായി പ്രവർത്തിച്ചു തുടങ്ങി. ദേവരാജൻ മാസ്റ്റർ സിനിമാരംഗത്ത് വളരെ തിരക്കേറിയൊരു സംഗീത സംവിധായകനായിരുന്നു അന്ന്. ഈ സമ്പർക്കത്തിലൂടെയാണ് സ്വന്തമായി സംഗീത സംവിധായകനാകാനുള്ള ആത്മവിശ്വാസം വളർന്നു വന്നത്.
സംഗീത സപര്യയിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങൾ ഒന്നു പങ്കിടാമോ?
അങ്ങനെ പല മുഹൂർത്തങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും 'ഡാം 999" എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ഞാൻ ഈണം നൽകിയ മൂന്നു ഗാനങ്ങളും മികച്ച ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടപ്പോൾ. 'I was feeling elated..." ആ സമയത്ത് ഞാൻ ഹോളിവുഡിൽ ഉണ്ടായിരുന്നു. ഒാസ്കാർ നോമിനേഷൻ ഡിസ്പ്ളേ ബോർഡിൽ ലോകോത്തര സംഗീതജ്ഞന്മാരുടെ ഇടയിൽ എന്റെ പേരു കണ്ടപ്പോൾ വല്ലാത്തൊരു നിർവൃതിയായിരുന്നു.
ആ ഓസ്കാർ എങ്ങനെയാണ് നഷ്ടമായത്?
ചില വിദഗ്ദ്ധരുടെ നിർദ്ദേശ പ്രകാരം, നേച്ചർ ഫിലിം കാറ്റഗറിയിലാണ് 'ഡാം 999" സബ്മിറ്റ് ചെയ്തിരുന്നത്. ഈ വിഭാഗത്തിൽ അധികം പടങ്ങൾ വരാൻ സാദ്ധ്യതയില്ലാത്തതിനാൽ വിജയം ഉറപ്പാണെന്നാണ് അവർ പറഞ്ഞത്.
ഇംഗ്ലീഷ് ചിത്രം ആയതിനാൽ ഓപ്പൺ കാറ്റഗറിയിൽ ആയിരുന്നല്ലോ. മോഷൻ പിക്ചർ അക്കാഡമി അവസാന നിമിഷത്തിൽ നേച്ചർ ഫിലിം കാറ്റഗറി കാൻസൽ ചെയ്തു. മിനിമം മൂന്നു പടങ്ങളെങ്കിലും വേണമായിരുന്നു. ആകെ 'ഡാം 999" മാത്രമേ മത്സരത്തിന് എത്തിയിരുന്നുള്ളൂ. ഓർക്കാൻ കഴിയുന്നില്ല, ആ ഓസ്കാർ കൈവിട്ടുപോയത്. ഓർക്കുമ്പോൾ വിഷമം തോന്നുന്നു.