മൂന്നു വർഷം മുമ്പ് ആ ഫീച്ചർ വായിച്ചപ്പോൾ ഡോക്യുമെന്ററിയെപ്പറ്റി ആലോചിക്കാവുന്നതാണെന്ന് മകൾ ഗീതാഞ്ജലി അച്ഛൻ ഹരികുമാറിനോട് പറഞ്ഞു . ഡോക്യുമെന്ററിയുടെ സാദ്ധ്യത അപ്പോൾത്തന്നെ ഹരികുമാർ തള്ളി. അതിൽ സിനിമയുടെ സാദ്ധ്യതയുണ്ടെന്ന് കുറെനാൾ കഴിഞ്ഞു ഗീതാഞ്ജലി പറഞ്ഞു. സിനിമയുടെ ട്രീറ്റ് മെന്റിൽ കഥ പറയാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞപ്പോൾ ജ്വാലാമുഖി രൂപപ്പെട്ടു. മകൾ ഗീതാഞ്ജലിയുടെ കഥയിലാണ് ഹരികുമാറിന്റെ പുതിയ ചിത്രം 'ജ്വാലാമുഖി" ഒരുങ്ങുന്നത്. സുരഭി ലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അച്ഛന്റെ ശിഷ്യയായി കാമറയുടെ പിന്നിലും ഗീതാഞ്ജലി പ്രവർത്തിക്കുന്നു. ഇംഗ്ളീഷ് സാഹിത്യത്തിലും വിഷ്വൽ കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദം നേടിയ ഗീതാഞ്ജലി ഹരികുമാറിന്റെ ഇളയ മകളാണ്. കമലിനൊപ്പം ആമിയിലും പ്രണയ മീനുകളുടെ കടലിലും പ്രവർത്തിച്ചു. '' അഗ്നിപർവതം പോലെ പുകയുന്ന മനസുമായി കഴിയുന്ന എയ്ഞ്ചൽ എന്ന സ്ത്രീയുടെ ജീവിതമാണ് ജ്വാലാമുഖി. തീയാണ് അവരുടെ അകത്തും പുറത്തും. മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നതാണ് എയ്ഞ്ചലിന്റെ ജോലി. സുരഭി ലക്ഷ്മിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരുപാട് താരങ്ങളെ ആലോചിച്ചശേഷമാണ് സുരഭി ലക്ഷ്മിയിൽ എത്തിയത്. യഥാർത്ഥ ജീവിതവുമായി അടുത്തു നിൽക്കുന്നതും മുഴുവൻ സമയവും കഥാപാത്രമായി മാറാൻ കഴിയുകയും വേണം."" ഹരികുമാർ പറഞ്ഞു.
യഥാർത്ഥ ജീവിതത്തിൽനിന്നാണ് കഥയിലെ കേന്ദ്രകഥാപാത്രമായ എയ്ഞ്ചലിനെ കണ്ടെത്തിയത്. പ്ലസ് വണ്ണിന് പഠിക്കുന്ന ടീനയും എട്ടാം ക്ലാസിൽ പഠിക്കുന്ന ട്രീസയുമാണ് എയ്ഞ്ചലിന്റെ മക്കൾ, പ്രായമായ അമ്മ വീട്ടിലുണ്ട്. ലണ്ടനിൽ സിനിമാ പഠനം പൂർത്തിയാക്കിയ രശ്മി എയ്ഞ്ചലിന്റെ ജീവിതത്തെപ്പറ്റി ഡോക്യുമെന്ററി ചെയ്യാൻ എത്തുന്നു. ഡോക്യുമെന്ററിയുടെ ജോലിയുമായി മുമ്പോട്ടുപോവുമ്പാൾ അത് ഉപേക്ഷിച്ച് സിനിമയായി മാറണമെന്ന് രശ്മി ആഗ്രഹിക്കുന്നു. രശ്മിയുടെ സുഹൃത്താണ് സന്ദേശ്. സിനിമാ സ്വപ്നം പൊലിഞ്ഞ സന്ദേശ് ഇപ്പോൾ സീരിയലിൽ അഭിനയിക്കുന്നു. എയ്ഞ്ചലിന്റെ ജീവിതത്തിന്റെ ഓരം ചേരുകയാണ് ഒരു ഘട്ടത്തിൽ രശ്മി. രശ്മിയുടെ ചിന്താധാരകൾക്ക് അപ്പുറമാണ് എയ്ഞ്ചലിന്റെ ജീവിതം. സിനിമയുടെ ഏടും കോണും ഒത്തുചേരുന്ന ചുറ്റുവട്ടത്ത് ആ ജീവിതം ഒതുങ്ങുന്നില്ലെന്ന് രശ്മി തിരിച്ചറിയുന്നു.
''ജീവിതത്തിന്റെ മുഖ്യധാരയിൽ എത്തപ്പെടാത്തവരെ അധികം ആരും അറിയില്ല. അവർ സിനിമയിലും അധികം കാണാറില്ല. അതിന്റെ പ്രതിബിംബമായിരിക്കും എയ്ഞ്ചൽ."" ഗീതാഞ്ജലി പറഞ്ഞു. രശ്മിയെ വിനീത കോശിയും സന്ദേശിനെ ഷഹിൻ സിദ്ധിഖും അവതരിപ്പിക്കുന്നു. തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ ഇന്ദ്രൻസ്, ജനാർദ്ദനൻ, അനിയപ്പൻ, മനുരാജ്, മാല പാർവതി, വത്സല മേനോൻ, കെ.പി.എ.സി ലീല, വിദ്യ വിശ്വനാഥ് എന്നിവരാണ് മറ്റുതാരങ്ങൾ. സിംഹവാനി ക്രിയേഷൻസിന്റെ ബാനറിൽ വിശ്വനാഥ്. ബി നിർമ്മിക്കുന്ന ചിത്രത്തിന് പി.എൻ. ഗോപികൃഷ്ണനും ഹരികുമാറും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. നൗഷാദ് ഷെറീഫാണ് ഛായാഗ്രഹണം, എഡിറ്റർ: സന്ദീപ് നന്ദകുമാർ. പൂനെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ 'ജ്വാലാമുഖി" തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.