ആരോയൊരിളം തെന്നലായ് വന്നെൻ
സവിധത്തിലൊരായിരം പൂക്കൾ വർഷിച്ചതും
ഹർഷാദ്രമായെന്റെ കാതിലൊരു-
നേർത്ത മുരളീരവം പോലെ മന്ത്രിച്ചതും
കേട്ടു, കേട്ടിലെന്ന മട്ടിലാണെങ്കിലും
എന്നെ മറന്നു ഞാൻ നിർനിദ്രയായതു-
മൊക്കെയുമൊരു പാഴ്കിനാവെന്നറികിലും
ആ തപ്ത നിശ്വാസമെന്നെ മദിച്ചുവോ?
ഓർമ്മകൾ ദല മർമ്മരങ്ങളായ്
കൗമാരസ്വപ്ന വസന്തോത്സവങ്ങളിൽ
മുഗ്ധം ഇന്നുമോർക്കുന്നു ഞാൻ.
ഒരു പൂവ് ചോദിക്കവേ വസന്ത-
മൊന്നായ് തന്ന നിന്റെ നിൾ മിഴികളും
അവിടെ പൂക്കും കുസൃതിപ്പൂവിൻ
പേലവ സുഗന്ധവും മറക്കാനാരാലാവും?
എങ്ങനെ എവിടെനിന്നെത്തി
യെന്നറിവില യെനിക്കായ്
ഓർമ്മതൻ നികുഞ്ജത്തിൽ
ഇന്ദ്രിയ സ്പർശിയാമൊരു മൃദുസ്വനം?