ഫോട്ടോഗ്രാഫിയിൽ പല മേഖലകളുണ്ട്. വെഡ്ഡിംഗ്, മോഡലിംഗ്, ആക്ഷൻ, വൈൽഡ് ലൈഫ്, സ്പോർട്സ് തുടങ്ങി പലതും. ആദ്യം തന്നെ ഇതിൽ ഏതെങ്കിലും ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇന്ന് മിക്ക ഫോട്ടോഗ്രാഫേഴ്സും. വെളിച്ചംകൊണ്ടുള്ള ചിത്ര രചനയാണ് ഫോട്ടോഗ്രാഫി. അപ്പോൾ പ്രകാശത്തെക്കുറിച്ചുള്ള സാമാന്യ അറിവല്ല, നല്ല പരിജ്ഞാനം തന്നെ ഫോട്ടോഗ്രാഫർമാർക്ക് ആവശ്യമാണ്. ഇന്നത്തെ കാമറകൾ മിക്കതും സ്വയം പ്രകാശനിയന്ത്രണം നടത്താൻ പ്രാപ്തമായവയാണ്. എങ്കിലും അത് കൈകാര്യം ചെയ്യുന്നവർ വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകൾ തീർച്ചയായും അറിഞ്ഞിരിക്കണം. ക്ലച്ചും ഗിയറും ആക്സലേറ്ററും വാഹനത്തിൽ ഉണ്ടെങ്കിലും വേഗത ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കേണ്ടത് അത് ഉപയോഗിക്കുന്ന ആളാണ്. അതുപോലെയാണ് കാമറയിലെ പ്രകാശനിയന്ത്രണവും.
പാറ്റ, പുഴു, ഈച്ച തുടങ്ങിയവ മുതൽ വന്യസസ്യലതാദികളും വന്യജീവിവർഗങ്ങളും ഉൾപ്പെടുന്നതാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി. എല്ലാ ശാഖകളെയും കുറിച്ച് ഒരു സാമാന്യജ്ഞാനം തുടക്കത്തിൽ തന്നെ ഉണ്ടായിരിക്കുന്നത് നല്ലതാണ്. അതിനുശേഷം അവരവർക്ക് കൂടുതൽ താത്പര്യമുള്ള വിഷയം തിരഞ്ഞെടുത്ത് അതിലേക്കു മാറാം. വൈൽഡ് ലൈഫിലെ ഒരു ഉപഘടകമാണ് ബേർഡിംഗ്. അതായത് പക്ഷികളെ മാത്രം പകർത്തുന്നത്.
രസകരവും എന്നാൽ അവിശ്വസനീയവുമായ ഒരു ഫോട്ടോയാണ് ഇത്. ഒരു പക്ഷി പറക്കുന്നു അതിന്റെ നിഴൽ അല്ലെങ്കിൽ പ്രതിബിംബം അതിന്റെ നേരെ അടിയിൽ കാണാം. വെള്ളത്തിനു മുകളിലാണോ എന്ന സംശയം സ്വാഭാവികമായി ഉണ്ടാകാം അഥവാ തറയോട് ചേർന്ന് പറക്കുകയാണോ എന്നും തോന്നാം. വളരെ അപൂർവ്വമായ ഈ ദൃശ്യം തികച്ചും ഭാഗ്യം കൊണ്ടുമാത്രം കിട്ടിയതാണ്. പക്ഷികളുടെ പടം എടുക്കാനായി പോയ കൂട്ടത്തിൽ കിട്ടിയതാണ് ഇത്. പറക്കുന്ന ഒരു പക്ഷിയുടെ ഫോട്ടോ എടുക്കുകയായിരുന്നു. ക്ലിക്കടിച്ചു കഴിഞ്ഞപ്പോൾ മറ്റൊരെണ്ണം കൂടി അതിൽ പെട്ടോ എന്നൊരു സംശയം. കമ്പ്യൂട്ടറിൽ ഡൗൺ ലോഡ് ചെയ്തുകാണുമ്പോഴാണ് വിചിത്രമായ ചിത്രമാണെന്ന് മനസിലായത്. വേഗത്തിൽ പറക്കുന്ന പക്ഷിയുടെ ചിറക് സ്പീഡിൽ മുകളിലേക്ക് ഉയന്നർപ്പോൾ അതിനു സമാന്തരമായി നേരെ അടിയിൽത്തന്നെ വന്നു പറന്ന പക്ഷിയുടെ ചിറക് അതേപോലെ താഴേക്കു വരുന്നു. ഒറ്റനോട്ടത്തിൽ മുകളിലെ പക്ഷിയുടെ ചിറകിന്റെ നിഴലോ പ്രതിബിംബമോ ആണെന്ന് തോന്നിക്കുന്നു എന്നതാണ് സത്യം. ഇത്തരം ചിത്രങ്ങൾ പലതും ഓർക്കാപ്പുറത്ത് വന്നു പെടുന്നവയാണ്. ഞാനെടുത്തിട്ടുള്ള പടങ്ങളിൽ ഏറെ ശ്രദ്ധേയമായവ പലതും ഈ ഗണത്തിൽ പെട്ടതാണെന്ന് കാണാം. അതിൽ ചിലതാകട്ടെ വീണ്ടുമൊരിക്കൽ എനിക്കുതന്നെയോ മറ്റാർക്കെങ്കിലുമോ എടുക്കാൻ പറ്റാത്തതും.