തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ പ്രചാരണ രംഗത്തെ പണക്കൊഴുപ്പ് കണ്ട് കണ്ണുതള്ളി ഇതിനുള്ള പണം എവിടെ നിന്നെന്ന് ചോദിക്കുകയാണ് നാട്ടുകാർ. . 30. 8 ലക്ഷം രൂപ വരെയേ ഒരു നിയമസഭാ മണ്ഡലത്തിൽ ചെലവഴിക്കാൻ പാടുള്ളൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. " കമ്മിഷന് അങ്ങനെയൊക്കെ പറയാം, എട്ടും പത്തും പഞ്ചായത്തുകൾ വരുന്ന ഒരു നിയമസഭാ മണ്ഡലം ഇളക്കി മറിക്കുന്ന പ്രചാരണം വേണമെങ്കിൽ രണ്ടുകോടി രൂപ വരെ വേണമെന്നാണ് " മുന്നണി സ്ഥാനാർത്ഥികൾ പറയുന്നത്. ഈ പണം എവിടെ നിന്നെന്ന് ഒന്നും ചോദിക്കരുത്. ഭരണമുന്നണി സ്ഥാനാർത്ഥികളെ, ഭരണകാലത്ത് കാര്യസാദ്ധ്യം നേടിയ പലരും സഹായിക്കും. ഭരണത്തിൽ വരാൻ സാദ്ധ്യതയുണ്ടെന്ന് കരുതുന്നവരെ ഭാവിയിൽ കാര്യം കാണാൻ നോക്കുന്നവരും സഹായിക്കും. മണ്ണ്, പാറമട, മദ്യം തുടങ്ങി പലതരം മാഫിയകൾ സഹായിക്കും. പിന്നെ രസീതുകുറ്റി വഴിയുള്ള പിരിവ് . ഭരണകക്ഷിയെങ്കിൽ വിരട്ടി പിരിക്കും. പ്രതിപക്ഷമെങ്കിൽ ഞങ്ങൾ ഭരണത്തിൽ വരുമ്പോൾ കാണിച്ചു തരാമെന്നു വെല്ലുവിളിച്ച് പിരിക്കും. കേന്ദ്രം ഭരിക്കുന്ന കക്ഷിയെന്ന് പറഞ്ഞും പിരിക്കും. പ്രധാന സമുദായവുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥികളെങ്കിൽ വിദേശത്തു നിന്നും സ്വദേശത്തു നിന്നും ആവശ്യത്തിന് ഫണ്ടെത്തും. കേന്ദ്രം ഭരിക്കുന്ന പാർട്ടിയെങ്കിൽ ഫണ്ട് വരും. കൃത്യമായ് സ്ഥാനാർത്ഥികൾക്ക് ലഭിക്കുമോ മറ്റു പലരുടെയും അക്കൗണ്ടിലേക്ക് പോകുമോ എന്നൊന്നും ചോദിക്കരുത് . ചില നേതാക്കൾ പഴയ കടം വീട്ടാൻ വരെ പാർട്ടി ഫണ്ട് പ്രയോജനപ്പെടുത്താറുണ്ട്. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത കക്ഷികളുടെ സ്ഥാനാർത്ഥികൾക്കാണ് കാശില്ലാത്തതിന്റെ ബുദ്ധിമുട്ട്. 140 മണ്ഡലങ്ങളിൽ ശരാശരി ഒന്നരക്കോടി രൂപ വെച്ച് കണക്കു കൂട്ടിയാലും 600 കോടി രൂപയോളം മറിയുമെന്നാണ് ഏകദേശ കണക്ക്. പുതുമുഖത്തിന് 75 ലക്ഷം, ഇടത്തരം നേതാവിന് ഒരു കോടി, പിടിച്ചു വാങ്ങിയ സ്ഥാനാർത്ഥിത്വത്തിന് ഒന്നര മുതൽ രണ്ടു കോടി വരെ ചെലവാകുമെന്നാണ് ഏകദേശ കണക്ക്. തോൽക്കുമെന്ന് ഉറപ്പുള്ള ചില സ്ഥിരം സ്ഥാനാർത്ഥികൾ പാർട്ടിയിൽ നിന്ന് കിട്ടുന്ന ഫണ്ട് കാര്യമായി ചെലവഴിക്കാതെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോൽക്കുന്നതും പത്തു പുത്തൻ ഉണ്ടാക്കാനുള്ള ഏർപ്പാടാക്കി സ്ഥാനാർത്ഥിത്വം മാറ്റുന്നതും പുതിയ കഥയല്ല. ചില പാർട്ടികളുടെ സീറ്റ് തന്നെ പേമെന്റാണ് . ലക്ഷങ്ങൾ വാങ്ങി സീറ്റ് നൽകിയ ശേഷം പത്തുപൈസ കൊടുക്കില്ല . എങ്ങനെയും കാശിറക്കി ജയിച്ചോളണം എന്നാണ് കണ്ടീഷൻ . ഇങ്ങനെയുള്ളവരെങ്ങാനും ജയിച്ചാൽ പിന്നെ ചെലവാക്കിയ പണം ഈടാക്കാൻ നടത്തുന്ന കച്ചവടത്തെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. ഇത്തരം സ്ഥാനാർത്ഥികൾക്കിടയിലാണ് സീറ്റ് കിട്ടാത്തതിന് തല മുണ്ഡനം ചെയ്തു വാശിക്ക് മത്സരിക്കുന്ന ലതികാ സുഭാഷിനെ പോലുള്ളവർ അക്കൗണ്ട് നമ്പർ സഹിതം ഫേസ് ബുക്ക് പോസ്റ്റിട്ട് വോട്ടർമാരിൽ നിന്ന് സംഭാവന സ്വീകരിച്ച് മുന്നോട്ടു പോകുന്നത്. വാഹനവ്യൂഹമൊന്നുമില്ലാതെയുള്ള പ്രചാരണം നടത്തുന്നത്. പ്രചാരണ ചെലവിൽ അമ്പതു ശതമാനത്തോളം വിവിധയിനം പോസ്റ്ററിനും നോട്ടീസിനും ഫ്ലക്സിനുമാണ് . പ്രധാനമന്ത്രി മോദിയോ കേന്ദ്രമന്ത്രിമാരോ രാഹുലോ പ്രിയങ്കയോ യച്ചൂരിയോ വന്നാലും ചെലവ് സ്ഥാനാർത്ഥിയുടെ അക്കൗണ്ടിലാണ്. കൂടുതൽ സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തിയാൽ ചെലവ് വീതിക്കും. കുറഞ്ഞത് 1000 രൂപ തച്ചും ആവശ്യത്തിന് ഭക്ഷണവും വൈകുന്നേരം ഡ്രിങ്ക്സും കൊടുക്കാതെ പ്രചാരണത്തിന് ബംഗാളികളെപ്പോലും കിട്ടില്ല. പോസ്റ്ററൊട്ടീരും ബോർഡ് വയ്പ്പും ചുവരെഴുത്തും കഴിഞ്ഞ് മൂന്നും നാലും തവണ വീടു കയറ്റം . പിന്നെ ബൂത്തുണ്ടാക്കൽ, പോളിംഗ് ബൂത്തിനകത്തും പുറത്തും ഇരിക്കൽ തുടങ്ങി സകലതിനും കാശിറക്കണം . കൊവിഡ് നിയന്ത്രണമായിട്ടും ഇത്തരം ചെലവുകളിൽ കുറവുണ്ടായിട്ടില്ല കൂടിയിട്ടേയുള്ളൂ എന്നാണ് സ്ഥാനാർത്ഥികൾ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന് കണക്കു കൊടുക്കണം . വിവിധതരം പോസ്റ്റർ ആയിരക്കണക്കിന് അടിച്ചാൽ പത്തിലൊന്നിന്റെ കണക്കാണ് നൽകുക. മറ്റു പരസ്യോപാധികളുടെ കാര്യവും ഇങ്ങനെ തന്നെ . കോടികൾ ചെലവഴിച്ചതിന്റെ സത്യസന്ധമായ കണക്ക് നൽകാൻ കഴിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കുറ്റം കൊണ്ടാണ് തട്ടിക്കൂട്ട് കണക്കു നൽകാൻ തങ്ങൾ നിർബന്ധിതരാവുന്നതെന്നാണ് പാവപ്പെട്ട കോടിശ്വരൻ എന്നതു പോലെ പാവം സ്ഥാനാർത്ഥികളുടെ പരിദേവനം !