ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടിയിലേക്ക്. ആറ് ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പിന്നിട്ടു. 28.27 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രണ്ട് കോടിയിലേറെപ്പേർ ചികിത്സയിലുണ്ട്.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം കടന്നു. അരലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. നിലവിൽ 5.52 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.62 ലക്ഷം പിന്നിട്ടു. രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 6.30 കോടിയിലധികം പേർ കുത്തിവയ്‌പെടുത്തു.
രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി പതിനൊന്ന് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.മരണസംഖ്യ 5.65 ലക്ഷമായി ഉയർന്നു.
ബ്രസീലിൽ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്.80,000ത്തിലധികം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 3.21 ലക്ഷം പേർ മരണമടഞ്ഞു. കഴിഞ്ഞ ദിവസം മൂവായിരത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.