തിരുവനന്തപുരം: ജനാധിപത്യ സംരക്ഷണത്തിന് ജനങ്ങൾ മുന്നോട്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ടവോട്ട് ഉണ്ടെങ്കിൽ പരാതി നൽകണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികയിൽ പേരുള്ളവരല്ല, ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വ്യാജ വോട്ടർമാരെ സൃഷ്ടിച്ചത് സി പി എമ്മാണെന്നും ചെന്നിത്തല ആരോപിച്ചു.എല്ലാവരും എല്ലാം അറിയാനാണ് വിവരങ്ങൾ പരസ്യപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മാർഗ നിർദേശവും കോടതി ഇടപെടലും കൊണ്ട് മാത്രം കാര്യമില്ല.സ്വതന്ത്രമായി വോട്ട് ചെയ്യിക്കാനുള്ള നടപടി വേണം. തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് 4.34 ലക്ഷം ഇരട്ട വോട്ടുകളുണ്ടെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. 140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഇന്നലെ ചെന്നിത്തല പുറത്തുവിട്ടിരുന്നു. 'ഓപ്പറേഷൻ ട്വിൻസ്' വെബ്സൈറ്റിലൂടെയായിരുന്നു രേഖകൾ പരസ്യമാക്കിയത്.