തിരുവനന്തപുരം: വട്ടിയൂർക്കാവിൽ യു ഡി എഫിന് അനുകൂലമായ ട്രെൻഡ് ആണെന്ന് യു ഡി എഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് നേതാവുമായ വീണ എസ് നായർ. സ്ഥാനാർത്ഥിയാകുമെന്ന് ഭയങ്കര പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ എ ഐ സി സി തന്റെ പേരും പരിഗണിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. വി കെ പ്രശാന്തിന് അനുകൂലമായ ട്രെൻഡ് മണ്ഡലത്തിൽ ഉണ്ടോയെന്ന ചോദ്യത്തിന് അതിൽ കമന്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും യു ഡി എഫിന് അനുകൂലമായ തരംഗം കേരളത്തിലുടനീളം ഉണ്ടെന്നും വീണ പറഞ്ഞു. കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസവും വികസനവും ചർച്ചയാകുന്ന തിരഞ്ഞെടുപ്പാണിത്. ശബരിമല യുവതി പ്രവേശന സമയത്ത് ഏറ്റവും കൂടുതൽ പ്രാർത്ഥന ഘോഷയാത്രകൾ നടന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. ബിന്ദു അമ്മിണിയേയും കനക ദുർഗയേയും ശബരിമലയിൽ കയറ്റുക വഴി ഭക്തരുടെ ഹൃദയമാണ് തകർത്തത്. ഇതിനുശേഷം വിജയഭേരി മുഴക്കി വനിതാമതിൽ തീർത്ത പാർട്ടിയാണ് സി പി എമ്മെന്നും വീണ എസ് നായർ വിമർശിച്ചു.
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പും പൊതു തിരഞ്ഞെടുപ്പും തമ്മിൽ താരതമ്യം ചെയ്യുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ഉപതിരഞ്ഞെടുപ്പിൽ പ്രശാന്തിന് അനുകൂലമായ ട്രെൻഡ് സെറ്റ് ചെയ്‌ത് സർക്കാർ മിഷണറി മുഴുവൻ വട്ടിയൂർക്കാവിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. കെ.മുരളീധരൻ പേപ്പർ വർക്ക് നടത്തിവച്ച കാര്യങ്ങളാണ് പ്രശാന്ത് നടത്തിയ വികസനങ്ങളെല്ലാം. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനവും കിളളിയാർ ബണ്ട് നിർമ്മാണവുമൊന്നും ഒന്നുമായിട്ടില്ലെന്നും വീണ ചൂണ്ടിക്കാട്ടി.
എൽ ഡി എഫും യു ഡി എഫും തമ്മിലാണ് മണ്ഡലത്തിൽ മത്സരം നടക്കുന്നത്. ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കിയതിന് പിന്നിൽ ബി ജെ പിക്കാരാണ്. അതിനുശേഷം അവർ നാട്ടിൽ കലാപത്തിന് ശ്രമിച്ചു. സി പി എമ്മിന് ഈശ്വര വിശ്വാസവും ഭക്തിയുമില്ല. ശബരിമല വിഷയത്തിൽ ഭക്തർക്ക് വേണ്ടി എന്തെങ്കിലും ചെയ്‌തത് കോൺഗ്രസാണ്. കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്‌ത് വിശ്വാസി പക്ഷത്തിനൊപ്പം നിന്നത് യു ഡി എഫാണെന്നും വീണ അവകാശപ്പെട്ടു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലാണ്. യു ഡി എഫിന്റെ മേയർ സ്ഥാനാർത്ഥിയാകുമെന്നുളള വാർത്ത മാദ്ധ്യമങ്ങളിലൂടെയാണ് താൻ കണ്ടത്. ഇതുസംബന്ധിച്ച് പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി യാതൊരു അറിയിപ്പും കിട്ടിയിരുന്നില്ലെന്നും വീണ എസ് നായർ പറഞ്ഞു. പ്രീയങ്ക ഗാന്ധിയുമൊത്തുളള ആറ്റുകാൽ ക്ഷേത്രദർശനം, വട്ടിയൂർക്കാവിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന ഭാവി പദ്ധതികൾ തുടങ്ങിയവും വീണ കേരളകൗമുദി ഓൺലൈനുമായി പങ്കുവച്ചു.