വാഷിംഗ്ടൺ:അമേരിക്കയിൽ കാലിഫോർണിയയിലെ ഓറഞ്ച് പട്ടണത്തിലെ വ്യാപാര സമുച്ചയത്തിൽ അക്രമി നടത്തിയ വെടിവയ്പ്പിൽ നാലുപേർ മരിച്ചു. ഒരു കുട്ടിയുൾപ്പടെ മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. അക്രമിക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. വെസ്റ്റ് ലിങ്കൺ അപ്പാർട്ടുമെന്റിൽ പ്രാദേശികസമയം വൈകിട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്.
നിറതോക്കുമായി എത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അക്രമിക്കൊപ്പം മറ്റുചിലരും ഉണ്ടായിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്തിന്റെ പൂർണനിയന്ത്രണം പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. അക്രമത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല.