tea

മാള: പെട്ടി...പെട്ടി സിന്ദൂര പെട്ടി... പെട്ടി പൊട്ടിച്ചപ്പോൾ കരുണാകരൻ പൊട്ടി... കെ. കരുണാകരനെതിരെ മുദ്രാവാക്യം മുഴക്കി ജാഥ നയിച്ച അന്തോണിക്കും കൂട്ടർക്കും ജാഥയ്ക്കിടയിൽ കണ്ടം വഴി ഓടേണ്ടി വന്നു. കെ. കരുണാകരൻ മാളയിൽ തോറ്റതായി അറിയിപ്പ് വന്നതോടെയാണ് മാള പള്ളിപ്പുറം കുര്യാപ്പിള്ളി അന്തോണിയും കൂട്ടരും എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി ജയ് വിളിച്ച് പോയത്. കൊടികളൊക്കെ എടുത്തായിരുന്നു ജാഥ.
ജാഥ പൊയ്യ പഞ്ചായത്തിലെ ചെന്തുരുത്തിയിലെത്തിയപ്പോൾ ദാ എതിരെ വരുന്നു കെ. കരുണാകരന്റെ വിജയാഹ്ലാദ പ്രകടനം. വീണ്ടും തുടർച്ചയായി ആഹ്ലാദ പ്രകടനം എതിരായി വന്നപ്പോഴാണ് അന്തോണിയും കൂട്ടരും ചെന്തുരുത്തിയിൽ നിന്ന് കണ്ടം വഴി ഓടിയത്. സംഗതി തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ ആശയക്കുഴപ്പമാണ്.

വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്തേക്ക് വന്ന് ഒരു നേതാവ് ആരോടോ രണ്ട് ചായക്കായി കൈ ഉയർത്തി കാണിച്ചത് എൽ.ഡി.എഫ് വിജയിച്ചതായി വ്യാഖ്യാനിച്ചു. കൈ ഉയർത്തി രണ്ട് വിരൽ നിവർത്തിയത് കണ്ടപ്പോൾ തന്നെ വിജയ സൂചകമായി തെറ്റിദ്ധരിച്ച് കാറിൽ കയറി മാളയിലേക്ക് പുറപ്പെടുകയായിരുന്നു. യുവാക്കളായ 15 ഓളം പേരുടെ സംഘമാണ് കൂട്ടത്തിലുണ്ടായിരുന്നത്. കരുണാകരൻ തോറ്റുവെന്ന സന്ദേശം തെറ്റായിരുന്നുവെങ്കിലും എതിരെ മുദ്രാവാക്യം വിളിക്കാനുള്ള അവസരം അന്ന് നന്നായി പ്രയോജനപ്പെടുത്തിയെന്ന് അന്തോണി ഇന്നും ഓർക്കുന്നു.

മാളയിൽ കൊപ്ര മില്ലിൽ തൊഴിലാളിയായിരുന്ന അന്തോണി 1971 വരെ കോൺഗ്രസുകാരനായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളിയെ പിരിച്ചുവിട്ടതോടെ, അതിനെതിരെ നിലപാട് സ്വീകരിച്ചത് സി.പി.എം നേതാവായിരുന്ന എൻ.കെ വാസുവായിരുന്നു. ഇതേത്തുടർന്നാണ് അന്തോണി സി.പി.എമ്മിൽ ചേർന്നത്. 26 വർഷം മില്ലിൽ ജോലി ചെയ്ത അന്തോണി പിന്നീട് കർഷകരുടെ നേതാവായി. തുടർന്ന് ഏഴര വർഷം പൊയ്യ പഞ്ചായത്ത് അംഗമായി. 76 കാരനായ അന്തോണി ഈ തിരഞ്ഞെടുപ്പ് വേളയിലും അന്നത്തെ കണ്ടം വഴിയുള്ള ഓട്ടം ഓർത്തെടുക്കുന്നു.

ചെറുപ്പത്തിന്റെ ചോരത്തിളപ്പിലാണ് അന്ന് കെ. കരുണാകരന് എതിരെ തെറ്റായ സന്ദേശത്തിന്റെ പേരിൽ ജാഥ നയിച്ചത്. ഒരു പെട്ടി കൂടി എണ്ണാനുള്ളപ്പോൾ കെ. കരുണാകരൻ പിന്നിലായിരുന്നു. എന്നാൽ കുഴൂർ പഞ്ചായത്തിലെ ഐരാണിക്കുളം വാർഡ് വോട്ടെണ്ണിയപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്. കരുണാകരൻ സ്ഥിരമായി വിജയിച്ചതിനാൽ ഈ ജാഥ നയിച്ചത് ഏത് തിരഞ്ഞെടുപ്പിലാണെന്ന് കൃത്യമായി ഓർമ്മയില്ല.