കൊൽക്കത്ത: രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ പടിഞ്ഞാറൻ മിഡ്നാപൂരിലുണ്ടായ സംഘർത്തിൽ ഒരു തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു. സംഭവത്തിൽ എട്ടുപേർ അറസ്റ്റിലായി. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന തംലുക്, നന്ദിഗ്രാം എന്നിവിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടത്തെ പോളിംഗ് സ്റ്റേഷനിൽ കൂടുതൽ കമ്പനി കേന്ദ്രസേനയെ നിയാേഗിച്ചിട്ടുണ്ട്. നന്ദിഗ്രാമിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഹെലികോപ്ടറിൽ വ്യോമനിരീക്ഷണം നടത്തും.വോട്ടർമാർ അല്ലാത്തവർക്ക് നന്ദിഗ്രാമിൽ പ്രവേശനമില്ല.
അതേസമയം ബംഗാളിൽ നാല് ജില്ലകളിലെ 30 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജിയും,ബി ജെ പിയിൽ ചേർന്ന പഴയ അനുയായി സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലേയ്ക്കാണ് എല്ലാ കണ്ണുകളും. പലബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. ആദ്യഘട്ട തിരഞ്ഞെടുപ്പിലും ബംഗാളിൽ കനത്ത പോളിംഗാണ് നടന്നത്. ഒന്നാംഘട്ടത്തിൽ അരങ്ങേറിയതുപോലുള്ള അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഗുണ്ടകളെ ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസ് തങ്ങളുടെ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവുമായി ബി ജെ പി ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. പലബൂത്തുകളിലെയും തൃണമൂലിന്റെ തിരഞ്ഞെടുപ്പ് ഏജന്റുമാരായി എത്തിയിരിക്കുന്നത് കൊടും ക്രിമനലുകളാണെന്നും ബി ജെ പി ആരാേപിക്കുന്നു. വോട്ടുചെയ്യാനെത്തുന്നവർക്ക് പണം കൊടുത്ത് സ്വാധീനിക്കാൻ ബി ജെ പിക്കാർ ശ്രമിക്കുന്നു എന്ന ആരോപണവുമായി തൃണമൂലും രംഗത്തെത്തിയിട്ടുണ്ട്.