aritha-babu

കായംകുളം: കായംകുളത്തെ യു.ഡി.എഫ് പ്രചാരണത്തെ കഴിഞ്ഞദിവസം വഴി തിരിച്ചുവിട്ടത് പ്രിയങ്ക ഗാന്ധി സൃഷ്ടിച്ച ഓളമാണ്. കായംകുളം പട്ടണത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവിനോടൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിച്ച പ്രിയങ്ക ഗാന്ധിയെ പ്രവർത്തകരുടെ ആരവങ്ങൾ ആവേശം കൊള്ളിച്ചു. പ്രവർത്തകരുടെ പുഷ്പവൃഷ്ടി ആസ്വദിച്ചും ആവേശം പങ്കുവച്ചുമാണ് പ്രിയങ്ക അരിതയോടൊപ്പം കായംകുളത്ത് തുറന്ന ജീപ്പിൽ സഞ്ചരിച്ചത്. കായംകുളം എം.എസ്.എൻ കോളേജ് ജംഗ്ഷൻ പിന്നിട്ടപ്പോൾ, അരിതയോടവർ വീട്ടുകാരെപ്പറ്റി ചോദിച്ചു. വീട്ടിലെ പശുക്കളെപ്പറ്റിയും പാൽ വില്പനയെപ്പറ്റിയും അച്ഛനമ്മമാരെപ്പറ്റിയുമെല്ലാം അരിത വിവരിച്ചു.

അച്ഛൻ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതിനാൽ രാവിലത്തെ പശുപരിപാലനമൊക്കെ കഴിഞ്ഞാൽ അധികം പുറത്തേക്കിറങ്ങാറില്ല. അച്ഛന് പ്രിയങ്കയെ കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും കാണാനായി ടൗണിലേക്കിറങ്ങാനിരിക്കുകയാണെന്നും അരിത പ്രിയങ്കയോട് പറഞ്ഞു. 'ഇന്ദിരാഗാന്ധിയുടെ ട്രൂകോപ്പിയല്ലേ, അതാണ് അച്ഛന് ഇത്ര ആവേശം...' ഇന്നലെ രാവിലെ ആറ് മണിയോടെ വീട്ടിലെത്തിയ ഈ ലേഖകനോട് അരിത പറഞ്ഞു.

'പ്രിയങ്കയോട് കാര്യങ്ങൾ വിശദീകരിച്ചയുടൻ, വീട്ടിലേക്ക് പോകാമെന്നായി. എത്ര ദൂരമുണ്ടെന്ന് ചോദിച്ചു. രണ്ട് കിലോമീറ്റർ എന്ന് മറുപടി നൽകി. ടൗണിൽ നിന്ന് പുതുപ്പള്ളി ഭാഗത്തേക്ക് തിരിയേണ്ട ഭാഗം സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റുമറിയിച്ചു. വീട്ടിലേക്കുള്ള ഇടുങ്ങിയ റോഡിലേക്കെത്തിയതും പ്രിയങ്ക എന്നോട് ടൂവീലർ ഓടിക്കാമോ എന്ന് ചോദിച്ചു. ഓടിക്കാമെങ്കിൽ ഞാൻ പിറകിലിരിക്കാം, നമുക്കങ്ങനെ പോകാം, ഇത് കേട്ടുനിന്ന സുരക്ഷാ ഉദ്യോഗസ്ഥർ എന്നെ തോണ്ടി, സമ്മതിക്കരുതെന്ന് പറഞ്ഞു.

ആദ്യം ഓടിക്കാമെന്ന് പറഞ്ഞ ഞാൻ കൺഫ്യൂഷനിലായി. ഒന്നും പറയാനാവാത്ത അവസ്ഥ. എങ്ങനെയോ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ തന്നെ വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയുമില്ല. അവർ റോഡരികിൽ നിന്ന് പ്രിയങ്കയുടെ പര്യടനം കാണാനായി ടൗണിലാണ്. പ്രിയങ്ക വാതിൽ തുറക്കാൻ നോക്കി. ലോക്ക്ഡ്. പ്രിയങ്ക ഉമ്മറത്തുണ്ടായിരുന്ന കസേര വലിച്ചിട്ടിരുന്നു. ഞാൻ അച്ഛനെ വിളിച്ചു. അവർ എങ്ങനെയോ വേഗത്തിലെത്തി. വന്നപാടേ, അച്ഛനെയും അമ്മയെയും പ്രിയങ്ക കെട്ടിപ്പിടിച്ചു. പറയാൻ വാക്കുകളില്ലാതെ ഗദ്ഗദകണ്ഠനായി അച്ഛൻ... ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണ്. അധികം വൈകാരികമായാൽ പ്രശ്നമാകും. അതിനാൽ അച്ഛനോട് അധികം ഇമോഷണലാവാതിരിക്കാൻ ഞാൻ പറഞ്ഞു... അപ്പോൾ തന്നെ പ്രിയങ്ക ഇറങ്ങുകയും ചെയ്തു. ഞാനും പിന്നാലെ...വീട്ടിൽ നിന്ന് ഒന്നും കഴിച്ചില്ല. അതിന് സാവകാശം കിട്ടേണ്ടേ...' അരിത ആവേശത്തോടെ പറഞ്ഞു.