തലശ്ശേരി: ആർ എസ് എസ് ശാഖയിൽ പോയിട്ടില്ലെന്ന് നടൻ ശ്രീനിവാസൻ. മട്ടന്നൂർ കോളേജിൽ പഠിക്കുന്ന കാലത്ത് താനടക്കമുള്ള ആർക്കും രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും, കൂട്ടുകാർ പറയുന്നതിനനുസരിച്ച് ചാടിക്കളിച്ച കാലമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിൽ പഠിക്കുന്ന കാലത്ത് ശ്രീനിവാസൻ ശാഖയിലേക്ക് പോയിരുന്നുവെന്ന് 'അംബേദ്കറൈറ്റ് മുസ്ലീം ജീവിതം പോരാട്ടം' എന്ന പുസ്തകത്തിൽ വി പ്രഭാകരൻ എഴുതിയിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു നടൻ.
'മട്ടന്നൂർ കോളേജിൽ പഠിക്കുന്ന കാലത്ത് ഞാനുൾപ്പടെ ആർക്കും രാഷ്ടീയത്തിനെക്കുറിച്ച് അറിയില്ലായിരുന്നു. അക്കാലത്ത് ഞാനൊരു മണ്ടനായിരുന്നു. കൂട്ടുകാർ പറയുന്നതിനനുസരിച്ച് ചാടികളിച്ച കാലമാണത്. ഇഷ്ടമുള്ളവർ കെ എസ് യുവിൽ ഉണ്ടായിരുന്നു. അപ്പോൾ അവരോടൊപ്പം കെഎസ്‌യുക്കാരനായി. അതുപോലെ എസ്എഫ്‌ഐ, എബിവിപി തുടങ്ങിയ വിദ്യാർത്ഥി സംഘടനകളിലും പോയി. അതെല്ലാം ഭയങ്കര രാഷ്ട്രീയമാണെന്ന് പറയുന്നവർക്ക് വട്ടാണ്.'- അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
ഒട്ടും ബുദ്ധിയില്ലാത്ത കാലത്ത് താൻ എസ് എഫ് ഐ ആയിരുന്നെന്നും, കുറച്ച് ബുദ്ധിവച്ചപ്പോൾ കെ എസ് യുവിലേക്കും എ ബി വി പിയിലേക്കും മാറിയെന്നും, ഇപ്പോൾ ട്വന്റി ട്വന്റിക്കാരനായെന്നും തോന്നിയാൽ ഇവിടെ നിന്നും മാറുമെന്നും ശ്രീനിവാസൻ നേരത്തെ പറഞ്ഞിരുന്നു.