cm

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ റദ്ദാക്കിയില്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഎംസിസിയുമായി ഒരു കരാറിലും സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ ചീറ്റിപോയ നുണപ്രചരണം മാത്രമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്. കേരളത്തിലെ പ്രധാന മാദ്ധ്യമം തന്നെ ഈ നുണയുടെ പ്രചാരണം ഏറ്റെടുക്കുകയായിരുന്നു. തീരദേശത്തെ ജനങ്ങള്‍ക്ക് മുന്നിലുള്ള യഥാര്‍ത്ഥ കുറ്റവാളി കോണ്‍ഗ്രസാണ് ആഴക്കടല്‍ വിദേശകമ്പനികള്‍ക്ക് തുറന്ന് കൊടുത്തതും മത്സ്യത്തൊഴിലാളികളെ വെടിവച്ച വിദേശികളെ രക്ഷപ്പെടാന്‍ അവസരം ഒരുക്കിയത് കോണ്‍ഗ്രസാണ്. വിദേശികള്‍ ശിക്ഷ ലഭിക്കാതെ രാജ്യം വിടാന്‍ കാരണക്കാര്‍ ബി.ജെ.പിയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് പരിഹാസമായിരുന്നു മറുപടി. മുല്ലപ്പള്ളി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സഹമന്ത്രിയായിരുന്നുവെന്ന കാര്യം അറിയാം. എന്നാല്‍ അമിത്ഷായുടെ സഹമന്ത്രിയാണെന്ന കാര്യം അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പള്ളിക്ക് കഴിയുമെങ്കില്‍ ആരോപണങ്ങള്‍ തെളിയിക്കട്ടെ അല്ലാതെ ഓലപാമ്പ് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിനോദിനി ഐ ഫോണ്‍ വിലക്കൊടുത്ത് വാങ്ങിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിട്ടുണ്ട്. യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ നില്‍ക്കാതെ കേന്ദ്ര എജന്‍സികള്‍ ചോര്‍ത്തി നല്‍കുന്ന വാര്‍ത്ത നല്‍കുകയാണ് മാദ്ധ്യമങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുവരെ വന്ന വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് ബോധപൂര്‍വം കള്ളവോട്ട് ചേര്‍ത്തത് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇതുവരെ വന്ന വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് ബന്ധുകള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് ഇരട്ടവോട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിട്ടണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവരും കൃത്യമായി മാസ്‌ക് ധരിച്ചിട്ടുണ്ട്. അതേസമയം സാമൂഹിക അകലം പാലിക്കാന്‍ സാദ്ധിക്കുന്നില്ല എന്നത് വാസ്തവമാണെന്നും അദ്ദേഹം പറഞ്ഞു.