നിയമസഭ തിരഞ്ഞെടുപ്പിൽ കടുത്തപോരാട്ടം നടക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം. ഇരുമുന്നണികളെയും മാറി മാറി സ്വീകരിക്കുന്ന ചരിത്രമുള്ള കഴക്കൂട്ടത്തിൽ ബി ജെ പിയും നിർണായക ശക്തിയായി വളരുകയാണ്. പ്രതീക്ഷിച്ചപോലെ മണ്ഡലത്തിലെ വോട്ടർമാരെ പേരെടുത്ത് വിളിക്കാവുന്ന പരിചയമുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്, യു ഡി എഫ് സ്ഥാനാർത്ഥിയാവട്ടെ ആരോഗ്യരംഗത്ത് ഏറെ സംഭാവനകൾ നൽകിയ എസ് എസ് ലാലും. ബി ജെ പി എപ്ലസ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള കഴക്കൂട്ടത്തിൽ ഏറെ വൈകിയാണ് അവരുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രേൻ മത്സരിക്കാനായി എത്തുന്നത്. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് സ്ഥാനാർത്ഥി നിർണയത്തിന് താമസം ഉണ്ടാക്കിയതെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
ബി ജെ പി പ്രചരണം തുടങ്ങിയപ്പോൾ ദേശീയനേതാക്കളെ മണ്ഡലത്തിൽ കാണാനില്ലെന്ന എതിർ സ്ഥാനാർത്ഥിയുടെ ആശങ്കയ്ക്ക് ഫേസ്ബുക്കിലൂടെ മറുപടി നൽകുകയാണ് എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. എതിർസ്ഥാനാർത്ഥിയുടെ സ്വന്തം നാടായ കടകംപള്ളിയിൽ യു പി മുഖ്യമന്ത്രിയെ എത്തിച്ചാണ് ബി ജെ പി ശക്തി കാട്ടുന്നത്. ഇന്ന് വൈകിട്ട് നാലിനാണ് ശോഭയ്ക്ക് വോട്ട് തേടി യോഗി എത്തുന്നത്. നാളെ ബി ജെ പിയുടെ മുഖമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴക്കൂട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. ഈ രണ്ട് പരിപാടിയ്ക്കും എതിർസ്ഥാനാർത്ഥിയെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ശോഭ സുരേന്ദ്രനിപ്പോൾ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട ദേവസ്വം സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനൊരു തുറന്ന ക്ഷണക്കത്ത്.
കഴക്കൂട്ടത്തേയ്ക്ക് ദേശീയ നേതാക്കൾ ആരും വരുന്നില്ല എന്നൊരു പരാതി അങ്ങുന്നയിച്ചിരുല്ലോ? കഴക്കൂട്ടത്തെ ഒരു വോട്ടർ എന്ന നിലയിൽ അങ്ങ് പ്രകടിപ്പിച്ച ആശങ്ക ഞാൻ സഗൗരവം പരിഗണിച്ചു. കഴക്കൂട്ടത്തെ ഒരു വോട്ടറായ ഏതൊരു പൗരനോ പൗരയോ എന്നോട് ഒരു ആവശ്യം ഉന്നയിച്ചാൽ അത് പരിഗണിക്കേണ്ട ഉത്തരവാദിത്ത്വമുണ്ടല്ലോ. ആയതിനാൽ നമ്മുടെ മണ്ഡലത്തിലേക്ക് ഉലകനായകനായ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയും, ഇന്ത്യയിൽ 30 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജിയും ഏപ്രിൽ 1, 2 ദിവസങ്ങളിൽ എത്തിച്ചേരുന്നുണ്ട്. രണ്ടു പരിപാടിയിലേക്കും ഞാൻ അങ്ങയെ ക്ഷണിക്കുന്നു.