rajanikanth

ന്യൂഡൽഹി: ചലച്ചിത്രതാരം രജനീകാന്തിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം. അരനൂറ്റാണ്ടുകാലം ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം . ആശാ ഭോസ്‌ലെ, മോഹൻലാൽ, ശങ്കർമഹാദേവൻ, ,സുഭാഷ് ഗയ് എന്നി​വ ഉൾപ്പെട്ട ജൂറിയാണ് രജനീകാന്തിനെ സിനിമാമേഖലയിലെ പരമോന്നത പുരസ്കാരത്തിന് തിരഞ്ഞെട‌ുത്തത്.

കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ നൂറാം ജന്മവാർഷികമായ 1969 മുതൽക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപേ വന്ന പുരസ്കാര വാർത്ത രാഷ്ട്രീയലോകത്ത് പലതരത്തിലുള്ള ഊഹാപോഹങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. താരത്തിന്റെ ആരാധകരെ ഉണർത്തി അവരെ എൻ ഡി എ യ്ക്ക് അനുകൂലമാക്കാനുളള ശ്രമമാണ് ഇതിന് പിന്നിലെന്ന് ചില കോണുകളിൽ നിന്നും ആരോപണമുയരുന്നുണ്ട്. തന്റെ രാഷ്ട്രീയം വ്യക്തമായി പ്രഖ്യാപിച്ചില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ രജനി പലപ്പോഴും പ്രശംസിച്ചിരുന്നു.ദക്ഷിണേന്ത്യയിൽ ഏറെ സ്വാധീനമുള്ള ചലച്ചിത്ര താരങ്ങളിൽ പ്രധാനിയാണ് രജനീ കാന്ത്.

സ്വന്തം പാർട്ടിയുണ്ടാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് രജനി പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം പിൻമാറുകയായിരുന്നു. പാർട്ടി രൂപീകരണത്തിനായി തന്റെ ആരാധക കൂട്ടായ്മയായ രജനി രസികർ മൻട്രത്തെ പുനസംഘടിപ്പിക്കുകയും ചെയ്തിരുന്നു.ഇതിനായി പ്രവർത്തകരും ഒരുങ്ങി. എന്നാൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അവസാനനിമിഷം രാഷ്ട്രീയപ്രവേശനം അദ്ദേഹം ഉപേക്ഷിച്ചു.

കർണാടക - തമിഴ്നാട് അതിർത്തിയായ നാച്ചിക്കുപ്പത്തേക്ക് കുടിയേറിയ ഒരു മറാത്തി കുടുംബത്തിൽ 1950 ഡിസംബർ 12-നാണ് രജനീകാന്ത് ജനിക്കുന്നത്. ശിവജിറാവു ഗെയ്ക്ക്‌വാദ് എന്നായി​രുന്നു പേര്. കുറച്ചുനാൾ കഴി​ഞ്ഞപ്പോൾ കുടുംബം ബംഗളൂരുവി​ലേക്ക് താമസം മാറ്റി​.​കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി നോക്കിയ അദ്ദേഹം അഭിനയമോഹം കലശലായതോടെ ജോലി​ ഉപേക്ഷി​ച്ച് മദ്രാസി​ലെത്തി​. 1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ രംഗത്തേക്ക് പ്രവേശിച്ചു. ശിവാജി റാവു എന്ന പേര് രജനീകാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്.ഇതേ വർഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്.

ബാലചന്ദറിനെയാണ് രജനി ഗുരുവായി കരുതുന്നതെങ്കിലും നടൻ എന്നനിലയിലുള്ള രജനിയുടെ വളർച്ചക്ക് ഊർജം പകർന്ന സംവിധായകൻ എസ്.പി. മുത്തുരാമനാണ്. മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേൾവിക്കുറി എന്ന ചിത്രത്തിലെ വേഷമാണ് രജനിയെ സിനിമാരംഗത്ത് ഏറെ പ്രശസ്തനാക്കിയത്. 80-കളിൽ ബച്ചൻ ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിലൂടെയാണ് രജനി മുൻനിര താരമായി ഉയർന്നത്. മന്നൻ, മുത്തു, ബാഷ,പടയപ്പ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സിനിമാലോകത്തെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിക്കുകയായിരുന്നു.1988ൽ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്‌റ്റോണിലും വേഷമിട്ടു.


ലതയാണ് രജനിയുടെ ഭാര്യ.ഐശ്വര്യ, സൗന്ദര്യ എന്നിവരാണ് മക്കൾ.ആശ്രം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ പ്രിൻസിപ്പലാണ് ലത. നടൻ ധനുഷ് ആണ് മകൾ ഐശ്വര്യയെ വിവാഹം ചെയ്തിരിക്കുന്നത്.