car

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്‌ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്. കളക്‌ട്രേറ്റ് വളപ്പിനുളളിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികമായി വെല്ലുവിളി നേരിടുന്നയാളാണ് കസ്റ്റഡിയിലായതെന്ന് പൊലീസ് അറിയിച്ചു.

എലത്തൂരിലെ പെട്രോൾ പമ്പിലും ഇയാൾ ഇതിനു മുമ്പ് ആക്രമണം നടത്തിയിരുന്നു. സംഭവം നടന്നപ്പോൾ കളക്‌ടർ കാറിൽ ഉണ്ടായിരുന്നില്ല. ബോധപൂർവ്വം വലിയൊരു കല്ലെടുത്ത് കാറിന്റെ മുന്നിലത്തെയും വശങ്ങളിലേയും ഗ്ലാസുകൾ ഇടിച്ച് പൊട്ടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ആദ്യം ഇയാൾ മാവോയിസ്റ്റാണെന്ന തരത്തിലുളള പ്രചാരണം ഉണ്ടായിരുന്നെങ്കിലും നേരത്തെ തന്നെ മാനസികാസ്വസ്ഥ്യം ഉളളയാളാണ് ആക്രമിയെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് സമയമായതിനാൽ തന്നെ കനത്ത സുരക്ഷയാണ് കളക്‌ട്രേറ്റിൽ ഒരുക്കിയിരിക്കുന്നത്. അതിനിടയിൽ നടന്ന സംഭവം അധികൃതരേയും ഞെട്ടിപ്പിച്ചിട്ടുണ്ട്.