
പാല: ജോസ് കെ മാണിക്കെതിരെ പാലായിൽ വ്യാപക പോസ്റ്ററുകൾ. ജോസ് കെ മാണി കുലംകുത്തിയാണെന്നും പോളിംഗ്ബൂത്തിൽ ചെല്ലുമ്പോൾ ഇക്കാര്യം ഓർമിക്കണമെന്നുമാണ് സേവ് സി പി എം ഫോറത്തിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നത്. പാലാ നഗരസഭയിൽ ഇന്നലെ സി.പി.എം-കേരള കോൺഗ്രസ്(എം) കൗൺസിലർമാർ തമ്മിലുള്ള കയ്യാങ്കളിക്ക് ശേഷമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ശക്തമായ മത്സരം നടക്കുന്ന പാലായിലെ വിജയം ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇടയാക്കുമോ എന്ന ഭയം അവർക്കുണ്ട്. പാലായിലെ വിജയം സി പി എമ്മിനും അഭിമാന പ്രശ്നം തന്നെയാണ്. അതിനാൽ എല്ലാം ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ സി പി എം ശക്തമാക്കിയിട്ടുണ്ട്.
അടിപിടിക്ക് തൊട്ടുപിന്നാലെ കൗൺസിലർമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗം ഇരുപാർട്ടികളും വിളിച്ചുചേർത്തിരുന്നു. യാതൊരു പ്രകോപനത്തിലേക്കും പോകരുതെന്ന് കർശന നിർദേശവും നൽകിയിരുന്നു. അതിനിടയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് സി പി എം കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഇന്നലെ രാവിലെ 11ന് തുടങ്ങിയ കൗൺസിൽ യോഗത്തിൽ സി.പി.എം കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടവും കേരള കോൺഗ്രസ് (എം) കൗൺസിലറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബൈജു കൊല്ലംപറമ്പിലും തമ്മിലാണ് ഏറ്റുമുട്ടിയത്. തന്നെ പങ്കെടുപ്പിക്കാതെ ചേർന്ന സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിനെതിരെ ഒരാൾ പരാതിപ്പെട്ടാൽ ആ യോഗത്തിന്റെ തീരുമാനത്തിന് നിയമസാധുത ഉണ്ടോയെന്ന ബിനുവിന്റെ ചോദ്യമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ചോദ്യത്തിന് ചെയർമാനും സെക്രട്ടറിയും ഒഴുക്കൻ മറുപടി പറഞ്ഞു. കൃത്യമായ മറുപടി പറഞ്ഞശേഷം യോഗം തുടർന്നാൽ മതിയെന്ന് ബിനു ശഠിച്ചു. യോഗം ആദ്യം നടക്കട്ടെ ചോദ്യത്തിന് ഉത്തരം പിന്നെ മതിയെന്നായി ബൈജു. തർക്കം മുറുകിയപ്പോൾ ഇരുവരും കസേരയിൽ നിന്ന് എഴുന്നേറ്റ് വാക്‌പോരായി. പൊടുന്നനെ ഇരുവരും തമ്മിൽ അടിയായി. വനിതാ കൗൺസിലർമാർ ഉൾപ്പടെയുള്ളവർ ഇരുവരെയും പിടിച്ചുമാറ്റി സീറ്റിലിരുത്തി. തർക്കത്തിനിടയിൽ അജണ്ട ഒരുവിധം വായിച്ച് ചെയർമാൻ യോഗം അവസാനിപ്പിക്കുകയായിരുന്നു.