electricity

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 35 വർഷത്തിനിടെ ആദ്യമായി വാർഷിക വൈദ്യുതി ഉപഭോഗം കുറഞ്ഞു. മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വാർഷിക ഉപഭോഗം 0.2 ശതമാനമാണ് കുറഞ്ഞത്. കാരണമായത് കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ശക്തമായ ലോക്ഡൗണാണ്. മാർച്ച് അവസാനം മുതൽ ഓഗസ്‌റ്റ് മാസം വരെയായിരുന്നു ലോക്ഡൗൺ. മേയ് മാസത്തിൽ ഇളവുകൾ വരുത്തി തുടങ്ങിയെങ്കിലും വ്യവസായങ്ങൾക്കും മ‌റ്റും ഇളവ് നൽകിയത് ഓഗസ്‌റ്റ് മാസത്തോടെയാണ്.

2020 ഏപ്രിലിൽ പ്രതിമാസ വൈദ്യുതി ഉപഭോഗത്തിൽ 24 ശതമാനത്തിന്റെ റെക്കോർഡ് കുറവാണുണ്ടായത്. രാജ്യത്തെ വ്യവസായ കാർഷിക രംഗങ്ങൾ കൊവിഡ് ലോക്‌ഡൗണിൽ നിശ്ചലമായിരുന്നു. ഏ‌റ്റവുമധികം വൈദ്യുതി ഉപഭോഗമുള‌ളത് വ്യവസായ വാണിജ്യ രംഗത്താണ്. അതുകഴിഞ്ഞാൽ കാർഷിക രംഗത്തുള‌ളവരും ഗാർഹിക ഉപഭോക്താക്കളുമാണ്.

നിലവിൽ രാജ്യത്തെ വൈദ്യുതി ഉപഭോഗം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിനെക്കാൾ 23.3 ശതമാനമാണ് ഇത്തവണ വർദ്ധന. 2010 മാർച്ചിന് ശേഷം തുടർച്ചയായി ഏഴ് മാസം വൈദ്യുതി ഉപഭോഗം വർദ്ധനയുണ്ടാകുന്നത് ഈ വർഷമാണ്. രണ്ടാംഘട്ട കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുറയാനുള‌ള സാദ്ധ്യതയാണ് ഇപ്പോഴുള‌ളത്. ഏ‌റ്റവും വലിയ വൈദ്യുതി ഉപഭോക്താവായ മഹാരാഷ്‌ട്രയിൽ ഭാഗിക ലോക്‌ഡൗൺ ഭീഷണിയിലാണിപ്പോൾ. ഏ‌റ്റവുമധികം കൊവിഡ് രോഗികളുള‌ള മൂന്നാമത് രാജ്യമാണ് ഇന്ത്യ.