narendra-modi-

തിരുവനന്തപുരം : തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മുപ്പത് കിലോയോളം സ്വർണം പിടിച്ചു. 2020 ജൂൺ 30ന് ഉച്ചസമയത്ത് മാദ്ധ്യമങ്ങളിലൂടെ ജനം അറിഞ്ഞ ഈ വാർത്തയിൽ മുഴച്ച് നിന്നത് മുപ്പത് കിലോ എന്ന കണക്കായിരുന്നു. ദിവസവും ഒന്നും രണ്ടും സ്വർണക്കടത്ത് കേസുകൾ വിമാനത്താവളങ്ങളിൽ നിന്നും വാർത്തയായി എത്തുന്ന കേരളത്തിൽ ഇതിൽ കവിഞ്ഞ പുതുമയൊന്നും അതിനുണ്ടായിരുന്നില്ല. എന്നാൽ ദിവസങ്ങൾ കഴിയുന്നതോടെ വാർത്തയിൽ ഒരു സ്ത്രീയുടെ മുഖം പ്രത്യക്ഷപ്പെട്ടു, സ്വപ്നയെന്ന ഉദ്യോഗസ്ഥയായിരുന്നു അത്. സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരി ആരെന്ന് പോലും അറിയില്ലെന്ന മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുടെ മറുപടി, പിന്നീട് പലകുറി മാറി മറിഞ്ഞു. തെളിവായി ഫോട്ടോകൾ എത്തി, കേരളത്തെ മാസങ്ങളോളം ഇപ്പോഴും ദുരൂഹതയുടെ കൊടുമുടികയറ്റിയ സ്വർണക്കടത്ത് ഇനി എന്ത് എന്ന ചോദ്യം അവശേഷിച്ച് നിൽക്കുകയാണ്.

എന്നാൽ സ്വർണക്കടത്ത് പിടികൂടിയതിന്റെ തുടക്കത്തിനെ കുറിച്ചുള്ള ചില നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കോൺസുലേറ്റിന്റെ പേരിൽ എത്തുന്ന നയതനന്ത്ര പാഴ്സലിൽ കൈയ്യിടാൻ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനും ധൈര്യം കാട്ടില്ലെന്ന് മാത്രമല്ല, യു എ ഇ പോലൊരു സൗഹൃദ രാജ്യമായതിനാൽ ചിന്തിക്കുകകൂടിയില്ല. അപ്പോൾ ഇങ്ങനെയൊരു കള്ളക്കടത്തിന്റെ കണ്ണിമുറിയ്ക്കാൻ കസ്റ്റംസിന് എങ്ങനെ സാധിച്ചു എന്നതിന് ചില തെളിവുകൾ പുറത്ത് വന്നിരിക്കുകയാണ്

മോദിയുടെ പേരിലെത്തിയ കത്ത്

തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോൺസലേറ്റിലേക്കു വരുന്ന നയതന്ത്രപാഴ്സലിൽ സ്വർണം കടത്തുന്നുണ്ട് എന്ന വിവരം കേന്ദ്ര ഏജൻസികൾക്ക് ആദ്യം ലഭിച്ചത് പ്രധാനമന്ത്രിയുടെ ഓഫിസിൽ ലഭിച്ച കത്തിൽനിന്നുമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊച്ചിയിലെ റിട്ടയർ ചെയ്ത ഒരു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ പേരിലാണ് മോദിയുടെ ഓഫീസിൽ ഈ രഹസ്യവിവരമടങ്ങിയ കത്ത് എത്തിയത്. അർഹിച്ച പരിഗണനയോടെ കത്ത് പരിഗണിച്ച ഡൽഹിയിലെ ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. കത്തയച്ച ഉദ്യോഗസ്ഥന്റെ ട്രാക്ക് പരിശോധിച്ചപ്പോൾ അദ്ദേഹം സർവീസ് കാലയളവിൽ സത്യസന്ധമായി രാജ്യസേവനം നടത്തിയിരുന്നയാളാണെന്ന് മനസിലാക്കി. ഇതോടെ കത്തിന് പ്രത്യേക പരിഗണന നൽകി. 2020 ജനുവരിയിലായിരുന്നു ഈ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ ലഭിച്ചത്.


കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചത് ശിവശങ്കറിന്

തിരുവനന്തപുരം വഴി സ്വർണം കടത്തുന്നതിനെ കുറിച്ച് സംസ്ഥാന സർക്കാരിനെ അറിയിച്ചുകൊണ്ടുള്ള ഐ ബി റിപ്പോർട്ട് 2020 ഏപ്രിലിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വന്നു. എന്നാൽ ഇത് കിട്ടിയത് സാക്ഷാൽ ശിവശങ്കറിന്റെ കൈയ്യിലായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇക്കാര്യം കൈയ്യോടെ സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്നയെയും സരിത്തിനെയും അറിയിച്ചു. ഇതോടെ സ്വർണക്കടത്തിന് ഇവർ പുതുവഴികൾ തേടാൻ ആരംഭിച്ചു.

എന്നാൽ തലസ്ഥാനത്തെ സ്വർണക്കടത്തിലേക്കുള്ള തുമ്പ് കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചത് കൊച്ചിയിലെ ഒരു നടിയെ സ്വർണക്കടത്ത് സംഘം ബ്ളാക്ക് മെയിൽ ചെയ്ത സംഭവത്തെ തുടർന്നാണ്. ഈ കേസിൽ നിന്നുമാണ് സ്വപ്നയിലേക്കുള്ള വഴി അന്വേഷണ സംഘം കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം പ്രധാനമന്ത്രിക്ക് ലഭിച്ച കത്ത് അയച്ചതെന്ന് കരുതുന്ന ഉദ്യോഗസ്ഥനെ മൂന്ന് മാസത്തിന് ശേഷം കേന്ദ്ര ഏജൻസികൾ നേരിട്ട് കണ്ടപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന മറ്റൊരു മറുപടിയായിരുന്നു. താൻ അങ്ങനെ ഒരു കത്തയച്ചില്ല എന്നതായിരുന്നു അത്. ഇതോടെ രഹസ്യ കത്തിന്റെ ഉറവിടം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.