ന്യൂഡൽഹി: പ്രതീക്ഷിക്കാത്തത് കൈയിൽ കിട്ടുമ്പോൾ ആരായാലും ഞെട്ടിപ്പോകും. ഒരുപക്ഷേ, ഈ ഞെട്ടൽ അവരെ ആശുപത്രിക്കിടക്കയിൽ എത്തിച്ചെന്നും വരാം. ഉത്തർപ്രദേശിലെ ബിജ്നോറിലും അത്തരത്തിലൊരു സംഭവം ഉണ്ടായി. കള്ളനായ യുവാവാണ് ആശുപത്രിയിലായത്. മോഷണത്തിനിടെ പ്രതീക്ഷിക്കാത്തത്ര വലിയ തുക ലഭിച്ചതാണ് പ്രശ്നമായത്. പണം കണ്ടതിന്റെ അമിത സന്തോഷത്തിൽ കടുത്ത ഹൃദയാഘാതമുണ്ടായതോടെയാണ് കള്ളനെ ആശുപത്രിയിലാക്കിയത്. ചികിത്സ കഴിഞ്ഞപ്പോൾ ആശുപത്രി അധികൃതർ നൽകിയ വൻതുകയുടെ ബിൽ കണ്ടതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായി.
സംഭവിച്ചത് ഇങ്ങനെ:
നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് അജ എന്ന യുവാവ്. മോഷണത്തിന് ഇയാൾക്ക് കൂട്ടായി മറ്റൊരു യുവാവുമുണ്ട്. അടുത്തിടെ വീടിനുത്തുള്ള ഒരു ജനസേവന കേന്ദ്രത്തിൽ മോഷണം നടത്താൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടു. ചെറിയ തുകയെന്തെങ്കിലും കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പൂട്ടുപൊളിച്ച് ഉള്ളിൽ കയറിയപ്പോൾ ഇരുവരും അമ്പരന്നുപോയി. അലമാരയിലുണ്ടായിരുന്നത് എഴുലക്ഷത്തോളം രൂപ. ഒപ്പം വിലപിടിപ്പുള്ള വസ്തുക്കളും. പണം ആദ്യം ബാഗിലാക്കി. തുടർന്ന് മറ്റുവസ്തുക്കളും. സങ്കേതത്തിലെത്തി എല്ലാം തുല്യമായി വീതിച്ചു.
സ്വപ്നത്തിൽപ്പോലും കാണാത്തത്ര പണം ലഭിച്ചതോടെ അജ വലിയ സന്തോഷത്തിലായി. എന്നാൽ അല്പസമയം കഴിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടു. കടുത്ത നെഞ്ചുവേദനയിൽ കുഴഞ്ഞുവീണ അജയെ കൂട്ടാളിയും മറ്റുംചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൃത്യ സമയത്ത് എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി. ചികിത്സയ്ക്കിടെ അജ തന്നെയാണ് ഹൃദയാഘാതമുണ്ടാകാനുള്ള കാരണം ഡോക്ടർമാരോട് പറഞ്ഞത്. അവർ പൊലീസിനെ വിവരമറിയിച്ചു. ചോദ്യംചെയ്യലിൽ ഇരുവരും എല്ലാം തുറന്നുസമ്മതിച്ചു. അതിനിടെയാണ് വൻ തുകയുടെ ബില്ലുമായി ആശുപത്രി അധികൃതർ എത്തിയത്. ഇതുകണ്ടതോടെ അജയുടെ ആരോഗ്യനില മോശമായി. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയശേഷം മതി അറസ്റ്റ് എന്നാണ് പൊലീസ് നിലപാട്.