സാത്താൻ ഷൂ, പേരു പോലെ തന്നെ വിചിത്രമായൊരു ഷൂസാണിത്. മനുഷ്യന്റെ രക്തം ചേർത്താണ് ഈ വെറൈറ്റി ഷൂസ് നിർമ്മിച്ചിരിക്കുന്നത്. മാത്രവുമല്ല ലിമിറ്റഡ് എഡിഷൻ ആയി അവതരിപ്പിച്ച ഷൂ വിറ്റഴിഞ്ഞത് വെറും ഒരു മണിക്കൂറിനുള്ളിലാണ്. ഇതൊരു ഏപ്രിൽ ഫൂൾ വാർത്തയാണെന്ന് പറഞ്ഞ് നിഷേധിക്കാൻ വരട്ടെ. ഈ ഷൂക്കഥ സത്യമാണ്.
അമേരിക്കൻ റാപ്പർ ആയ ലിൽ നാസ് എക്സും ബ്രൂക്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാങ്ക് കമ്പനി എം.എസ്.സി.എച്ച്.എഫും ചേർന്നാണ് സാത്താൻ ഷൂ നിർമ്മിച്ചത്. മനുഷ്യന്റെ ഒരു തുള്ളി രക്തം ഈ ഷൂവിൽ ചേർത്തിട്ടുണ്ട് എന്നാണ് അവകാശവാദം.
പ്രശസ്ത ഷൂ ബ്രാൻഡായ നൈക്കിയുടെ എയർ മാക്സ് 97 ഷൂ കസ്റ്റമൈസ് ചെയ്താണ് യഥാർത്ഥത്തിൽ സാത്താൻ ഷൂ തയ്യാറാക്കിയിരിക്കുന്നത്. 666 യൂണിറ്റ് സാത്താൻ ഷൂ മാത്രമാണ് നിർമ്മിക്കുക. ബൈബിളിൽ തിന്മയുടെ പ്രതീകമായി കാണുന്ന സംഖ്യയാണ് 666. കറുപ്പ് നിറത്തിലുള്ള ഷൂവിൽ ചുവപ്പ് നിറത്തിലുള്ള ഹൈലൈറ്റ്സ് കാണാം. 666 യൂണിറ്റ് സാത്താൻ ഷൂകളിൽ ഓരോന്നിലും നമ്പർ നൽകിയിട്ടുണ്ട്. മുൻഭാഗത്ത് ലൂക്ക് 10:18 എന്നും എഴുതിട്ടുണ്ട്. 'അപ്പോൾ യേശു അവരോടു പറഞ്ഞു, സാത്താൻ മിന്നൽപോലെ ആകാശത്തുനിന്ന് വീണുകഴിഞ്ഞതായി ഞാൻ കാണുന്നു' എന്ന ലൂക്കയുടെ സുവിശേഷം 10ാം ആദ്ധ്യായം 18ാം വാക്യം ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഷൂവിന്റെ ഒരു വശത്ത് MSCHF എന്നും ഒരു വശത്ത് Lil Nas X എന്നും എഴുതിയിട്ടുണ്ട്.
1,018 ഡോളർ (ഏകദേശം 74,463 രൂപ) ആണ് ഒരു ജോഡി സാത്താൻ ഷൂവിന്റെ വില. വില്പന ആരംഭിച്ചു ഒരു മണിക്കൂറിനുള്ളിൽ 666 യൂണിറ്റുകളും വിറ്റഴിഞ്ഞു. #മെമേിവെീല െഎന്ന ഹാഷ്ടാഗോടെ തന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തവരിൽ നിന്ന് ഒരാളെ 666-ാമത്തെ സാത്താൻ ഷൂ ഉടമയായി താൻ തിരഞ്ഞെടുക്കും എന്നും ലിൽ നാസ് എക്സ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, നൈക്കി കമ്പനി സാത്താൻ ഷൂ നിർമ്മാതാവിനെതിരെ കേസ് കൊടുത്തിട്ടുണ്ട്. എം.എസ്.സി.എച്ച്.എഫ് തങ്ങളുടെ എയർ മാക്സ് 97 ഷൂ കസ്റ്റമൈസ് ചെയ്ത് സാത്താൻ ഷൂ ആക്കിയത് നിയമലംഘനം ആണെന്ന് വ്യക്തമാക്കിയാണ് നൈക്കിയുടെ കേസ് എന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ നൈക്കിയുടെ അംഗീകാരമില്ലാതെയാണ് എം.എസ്.സി.എച്ച്.എഫ് സാത്താൻ ഷൂ നിർമ്മിച്ചതെന്നും നൈക്കിയ്ക് ഈ പ്രോജക്റ്റുമായി യാതൊരു ബന്ധവുമില്ല എന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ കേസിൽ പ്രതിഭാഗത്ത് ലിൽ നാസ് എക്സിന്റെ പേര് പരാമർശിച്ചിട്ടില്ല എന്നതാണ് രസകരമായ കാര്യം.