ചലച്ചിത്ര കലാകാരന് രാജ്യം നൽകുന്ന പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡിന് നടൻ രജനികാന്തിനെ തിരഞ്ഞെടുത്തത് തമിഴ്നാട്ടുകാർക്കു മാത്രമല്ല മലയാളികൾക്കും ഒരുപോലെ ആഹ്ലാദം പകരുന്ന കാര്യമാണ്. തമിഴിലും മലയാളത്തിലും ദക്ഷിണേന്ത്യയിലെ ഇതര ഭാഷകളിലും ലക്ഷക്കണക്കിന് ആരാധകരുള്ള രജനികാന്തിന്റെ സിനിമകൾക്ക് ഹിന്ദിയിലും ഇന്ത്യയ്ക്കു പുറത്ത് ജപ്പാനിലും ചൈനയിലും സിംഗപ്പൂരിലും വരെ പ്രേക്ഷകരുണ്ട്. അർഹതയ്ക്കുള്ള അംഗീകാരമാണിത്.
താരപരിവേഷം ഒരു രീതിയിലും തന്റെ പൊതുജീവിതത്തിലും കുടുംബ ജീവിതത്തിലും പ്രതിഫലിക്കരുതെന്ന് നിഷ്കർഷയുള്ള അഭിനേതാവാണ് രജനി. ഷൂട്ടിംഗ് ലൊക്കേഷനിൽ മേക്കപ്പ് അഴിച്ചാൽ വിഗ് പോലും ഉപേക്ഷിച്ച് ജനങ്ങളിൽ ഒരാളായി അലിഞ്ഞു ചേരാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ഇന്ത്യയിൽ ഏറ്റവും വലിയ വിപണി മൂല്യമുള്ള നടൻമാരിൽ ഒരാളായിട്ടും രജനി കാണിക്കുന്ന ഈ സ്വഭാവലാളിത്യം ആ രീതിയിൽ അനുകരിക്കാൻ ഏതെങ്കിലും സൂപ്പർതാരങ്ങൾ തയ്യാറാകുമോയെന്ന് ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു.
ചോദ്യം ചെയ്യപ്പെടാനാകാത്ത ചലച്ചിത്ര താരമാണെങ്കിലും അതിന്റെ യാതൊരു അഹങ്കാരവും തൊട്ടുതീണ്ടാത്ത പച്ചമനുഷ്യനാണ് രജനി. ജീവിതത്തിൽ നിന്ന് നേടിയെടുത്ത അനുഭവ സമ്പത്താണ് രജനിയെ നടനാക്കിയത്. ബസ് കണ്ടക്ടറായി പ്രവർത്തിച്ച രജനി സിനിമയോടുള്ള അഭിനിവേശത്താലാണ് താൻ ആഗ്രഹിച്ച കർമ്മപഥം കീഴടക്കിയത്. എഴുപതാം വയസിലും തമിഴകത്തെ സൂപ്പർതാരം രജനി തന്നെ.
മലയാളിയായ എം.ജി.രാമചന്ദ്രനെ എം.ജി.ആർ എന്ന ചുരുക്കപ്പേരിൽ സ്വന്തം മകനെപോലെ സ്വീകരിച്ച തമിഴകം കർണാടകക്കാരനായ ശിവാജിറാവു ഗെയ്ക്ക് വാദിനെ രജനീകാന്തായും അതേ രീതിയിൽ നെഞ്ചിലേറ്റുകയായിരുന്നു. നടൻ കമലഹാസന്റെയും ഗുരുവായ പ്രശസ്ത സംവിധായകൻ കെ. ബാലചന്ദറാണ് രജനികാന്തിനെയും അവതരിപ്പിച്ചത്. ബാലചന്ദറിന്റെ അപൂർവരാഗങ്ങളിലായിരുന്നു രജനിയുടെ അരങ്ങേറ്റം. അരനൂറ്റാണ്ടാകാറായ ചലച്ചിത്ര ജീവിതത്തിൽ ഒരിക്കലും പിന്നീട് രജനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആദ്യമൊക്കെ വില്ലൻ കഥാപാത്രങ്ങളായിരുന്നെങ്കിലും ബാലചന്ദറിന്റെ തന്നെ നിനൈത്താലെ ഇനിക്കും, മൂൺട്രു മുടിച്ച്, എസ്.പി.മുത്തുരാമന്റെ ഭുവന ഒരു കേൾവി കുറി ,മുരട്ടുകാളെ തുടങ്ങിയ ചിത്രങ്ങളിലൂടെ സഹനടനായും പിന്നീട് സൂപ്പർ താരമായും ഉയരുകയായിരുന്നു. ബില്ല, അണ്ണാമലൈ, ബാഷയടക്കമുള്ള ചിത്രങ്ങൾ രജനിയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരമെന്ന് രജനികാന്തിനെ വിശേഷിപ്പിച്ചത് മറ്റാരുമല്ല സാക്ഷാൽ അമിതാഭ് ബച്ചനായിരുന്നു.
അതുല്യമായ അഭിനയസിദ്ധിയൊന്നും തനിക്കുണ്ടെന്ന് രജനി അവകാശപ്പെടാറില്ല. എന്നാൽ പ്രേക്ഷകരെ വശീകരിക്കുന്ന , അവരുടെ ഹൃദയത്തിൽ തൊടുന്ന മാസ്മരികമായ ഭാവചലനങ്ങൾ രജനിയിലെ നടന്റെ പ്രത്യേകതയാണ്. രജനി സ്റ്റൈൽ മന്നനായതും അങ്ങനെയാണ്. നല്ല നടൻ എന്ന പരമ്പരാഗത നിർവചനങ്ങൾക്കപ്പുറം പ്രേക്ഷകരെ സ്വാധീനിക്കുന്ന അഭിനയശൈലി രജനി സ്വയം കണ്ടെത്തിയെന്നു പറയുന്നതാകും ശരി.
രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞ രജനിക്ക് നൽകുന്ന ഈ ബഹുമതിക്ക് രാഷ്ട്രീയ മാനങ്ങൾ പകരാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും നൂറുശതമാനവും അർഹമായ പുരസ്കാരമെന്ന നടൻ കമലാഹാസന്റെ വാക്കുകൾ തന്നെ അതിനുള്ള മറുപടിയാണ്. രജനിക്ക് ഫാൽക്കേ പുരസ്കാരം നിശ്ചയിച്ച ജൂറിയിൽ നമ്മുടെ മോഹൻലാലുമുണ്ടായി എന്നത് സന്തോഷകരമാണ്.