ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാംഘട്ട വ്യാപനം ആരംഭിച്ചിരിക്കെ രോഗവ്യാപനത്തിന് മുഖ്യ കാരണമാകുന്നത് യുവാക്കളാണെന്ന് അഭിപ്രായപ്പെട്ട് എയിംസ് ഡൽഹി ഡയറക്‌ടർ ഡോ. രൺദീപ് ഗുലേരിയ. രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടെങ്കിലും അതൊന്നും മതിയായ ശ്രദ്ധ കൊടുക്കാതെ യുവജനങ്ങൾ പുറത്തിറങ്ങുകയും നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നു.
യുവാക്കൾക്ക് രോഗം തങ്ങളെ ലഘുവായേ ബാധിക്കൂ എന്ന അമിതമായ ആത്‌മവിശ്വാസമുണ്ട്. അതാണ് രോഗം വ്യാപിക്കാൻ കാരണമാകുന്നത്. ഭയമില്ലാത്തതിനാൽ അവർ കൊവിഡ് ചട്ടങ്ങളുടെ ലംഘനം നടത്തുന്നു. ഇതുമൂലം ഇവരിൽ നിന്നും മുതിർന്നവരിലേക്കും പ്രായം ഏറെയായവരിലേക്കും രോഗം അതിവേഗം പടരാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് മുതിർന്നവരും പ്രായമായവരും നിർബന്ധമായും കൊവിഡ് വാക്‌സിൻ സ്വീകരിക്കണമെന്നും രൺദീപ് ഗുലേരിയ ആവശ്യപ്പെട്ടു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ധവാന്റെയും നീതി അയോഗ് അംഗം ഡോ.വി.കെ പോളിന്റെയും അദ്ധ്യക്ഷതയിൽ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു. രോഗവ്യാപനം കുറയ്‌ക്കാൻ ബ്രേക്ക് ദി ചെയിൻ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ആർടി-പിസിആർ പരിശോധനകൾ വർദ്ധിപ്പിക്കുന്നതിനും, രോഗം സ്ഥിരീകരിച്ചവരുടെ അടുത്ത സമ്പർക്കം 25 മുതൽ 30 പേരെയെങ്കിലും കണ്ടെത്തുന്നതിനും കണ്ടെയിൻമെന്റ് സോണുകളിൽ നടപടി ശക്തിപ്പെടുത്താനും വാക്‌സിനേഷൻ വർദ്ധിപ്പിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുളള നടപടി ശക്തമാക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
രോഗം കുത്തനെ കൂടിയ പഞ്ചാബിലും ചണ്ഡിഗഡിലും സ്വീകരിച്ച പ്രതിരോധ നടപടികളും ചർച്ച ചെയ്‌തു. പ്രതിവാരം 21 ശതമാനം രോഗവർദ്ധനവാണ് പഞ്ചാബിലുണ്ടാകുന്നത്. പ്രതിദിനം 53 മരണമാണ് ശരാശരി സംസ്ഥാനത്തുണ്ടാകുന്നത്. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലും സമാന സാഹചര്യമാണ്. കഴിഞ്ഞ ആഴ്‌ചയിലേതിനെക്കാൾ 27 ശതമാനമാണ് രോഗവർദ്ധന. മരണനിരക്കിലാകട്ടെ 180 ശതമാനം വർദ്ധനവുണ്ട്.