തിരുവനന്തപുരം: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 40,771 ബൂത്തുകളാണുള്ളത്. ഈ ബൂത്തുകളിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കാന്‍ കോടികള്‍ ഒഴുക്കിയെ മതിയാകു. എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചിലവഴിക്കാന്‍ സാധിക്കുന്നത് 30.8 ലക്ഷം രൂപ മാത്രമാണ്. ഈ തുകകൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് സ്ഥാനാര്‍ത്ഥിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും അറിയാം. അതുകൊണ്ടു തന്നെ സ്ഥാനാര്‍ത്ഥികള്‍ നല്‍കുന്ന കണക്കുകള്‍ അംഗീകരിച്ച് കണ്ണടക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. എന്നാല്‍ എത്ര കോടി രൂപയാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ചിലവഴിക്കുന്നത് എന്നറിഞ്ഞാൽ തലയില്‍ കൈവച്ചു പോകും.
140 മണ്ഡലങ്ങളിലായി 2.67 കോടിയിലേറെ വോട്ടര്‍മാരാണ് സംസ്ഥാനത്ത് ഇത്തവണ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഈ വോട്ടുകളെ സ്വാധീനിക്കാന്‍ ഓരോ സ്ഥാനാര്‍ത്ഥിയും വിവിധ പ്രചാരണ മാര്‍ഗങ്ങള്‍ ഉപയോഗിക്കും. പോസ്റ്ററുകള്‍, ചുവരെഴുത്ത്, വാഹന പ്രചരണം, മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും നല്‍കുന്ന പരസ്യങ്ങള്‍ എല്ലാത്തിനും വന്‍ തുകയാണ് ചിലവാകുന്നത്. ഇതിനൊന്നും കൃത്യമായ കണക്ക് ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷന് കിട്ടില്ല എന്നത് വസ്തുതയാണ്. ഓരോ മണ്ഡലത്തിലും ഏകദേശം 10 കോടി രൂപ വരെ ചെലവഴിക്കപ്പെടുമെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
മൂന്നു പ്രമുഖ മുന്നണിസ്ഥാനാര്‍ത്ഥികള്‍ രണ്ടു കോടി രൂപ വീതം ചെലവാക്കുന്നതായി കണക്കാക്കിയാല്‍ അത് തന്നെ 840 കോടി രൂപ വരും. അങ്ങനെ എങ്കില്‍ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തില്‍ 1000 കോടിയില്‍ അധികം തുക ചിലവഴിക്കപ്പെടും. കണക്ക് കാണിക്കാന്‍ സാധിക്കാത്ത തുകയാണ് ഇതില്‍ നല്ലൊരു ശതമാനമെങ്കിലും സാധാരണക്കാരിലേക്ക് ഈ തുക നേരിട്ട് എത്തുന്നുവെന്നത് വിപണിക്ക് ഉണര്‍വേകുമെന്നാണ് കരുതപ്പെടുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിപണിയില്‍ പണലഭ്യത കുറഞ്ഞിരുന്നു. ഇതിന് മാറ്റമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പിന് സാധിക്കുന്നുണ്ട്.
അതേസമയം മുമ്പത്തെ പോലെ തിരഞ്ഞെടുപ്പ് കമ്മീഷനെ പൂര്‍ണമായി പറ്റിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിക്കില്ല എന്നതാണ് മറ്റൊരു വസ്തുത. സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റുകള്‍ 100,000 കോപ്പി പ്രിന്റ് ചെയ്ത് 10000മാണെന്ന് കാണിച്ച് നിരീക്ഷകരുടെ കണ്ണില്‍പ്പൊടിയിടുന്ന പണി ഇപ്പോള്‍ ഫേസ്ബുക്കിലും ഗൂഗിളിലും നടക്കില്ലെന്നതാണ് പ്രശ്‌നം. ഫേസ്ബുക് ആഡ് ലൈബ്രറി, ഗൂഗിള്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് എന്നിവ പരിശോധിച്ചാല്‍ എത്ര തുക മുടക്കിയെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. 90 ദിവസത്തിനിടെ എല്‍.ഡി.എഫ് കേരള എന്ന പേജ് ഫേസ്ബുക്കിന് നല്‍കിയത് 8,16,794 രൂപയാണ്. ഇതില്‍ 6,29,982 രൂപയും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ്. സ്ഥാനാര്‍ത്ഥികള്‍ ഫേസ്ബുക് വഴി എത്ര രൂപയുടെ പരസ്യം നല്‍കിയെന്ന് ഇതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന് കൃത്യമായി തന്നെ അറിയാന്‍ സാധിക്കും.
27 ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കായി കിഫ്ബി ഫേസ്ബുക്കിനു നല്‍കിയത് 4,56,150 രൂപയാണ്. സര്‍ക്കാരിന്റെ മറ്റ് ഏജന്‍സികളും വകുപ്പുകളും മുടക്കിയ തുകയും ആഡ് ലൈബ്രറിയില്‍ ലഭ്യമാണ്. ലഭ്യമായ കണക്കനുസരിച്ച് കേരളത്തില്‍ മൂന്നു മുന്നണികളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും നേതാക്കളുമെല്ലാം ചേര്‍ന്ന് ഒരാഴ്ചയ്ക്കിടെ മുടക്കിയത് 20 ലക്ഷത്തോളം രൂപയാണ്. വരും ദിവസങ്ങളില്‍ ഈ തുക കുതിച്ചുയരും. കൃത്യമായ കണക്കുകളെ മറികടക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ ഫേക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഐ.ടി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാര്‍ത്ഥിയുടെ അക്കൗണ്ടില്‍ നിന്നാണ് ഈ പണം പോകുന്നത് എന്ന് സ്ഥാപിക്കാന്‍ കഴിയില്ല.