drone

തിരുവനന്തപുരം:ലോക്കൽ ഏരിയ പ്ളാനിന്റെ ഭാഗമായി നഗരത്തിലെ സുപ്രധാന പ്രദേശങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഡ്രോൺ ഉപയോഗിച്ചുള്ള സർവേയ്ക്ക് ഒരുങ്ങി നഗരാസൂത്രണ വകുപ്പ്. വിവരങ്ങൾ ശേഖരിച്ച ശേഷം നഗരാസൂത്രണ പദ്ധതി പ്രകാരം ഭൂമിയുടെ ഭൂപടങ്ങളും മറ്റും തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയുള്ള ഭൂമിയുടെ അശാസ്ത്രീയമായ ഉപയോഗത്തെ തുടർന്ന് തിരക്കേറുന്ന നഗരപ്രദേശങ്ങളെ പുനർവികസിപ്പിക്കുന്നതിനായുള്ള പദ്ധതിയാണ് ലോക്കൽ ഏരിയ പ്ളാൻ.

ഇങ്ങനെയുള്ള പ്രദേശങ്ങളിൽ റോഡുകളുടെ അപര്യാപ്തത, പൊതുയിടങ്ങളുടെ ലഭ്യതക്കുറവ് എന്നിവ ഉണ്ടാകും. ഇവയെല്ലാം പരിഹരിക്കുന്നതിന് ലോക്കൽ ഏരിയ പ്ളാൻ സഹായകരമാണ്. ഇവയുടെ ഏരിയ 50 മുതൽ 500 ഹെക്ടർ വരെയാകാം. പാളയം,​ തൈക്കാട്,​ വഴുതക്കാട്,​ തമ്പാനൂർ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ലോക്കൽ ഏരിയ പ്ളാൻ നടപ്പാക്കുക. മുള്ളൂർ,​ വെങ്ങാനൂർ,​ കോട്ടപ്പുറം,​ വിഴിഞ്ഞം എന്നിവിടങ്ങളിലാണ് ടൗൺ പ്ളാനിംഗ് പദ്ധതികൾ നടപ്പാക്കുന്നത്.

ഏരിയൽ സർവേ നിരീക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തന്ത്രപ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് നഗരത്തിൽ തന്നെ ആയതിനാൽ ഇവിടങ്ങളിൽ ഡ്രോൺ പറത്തുന്നതിനും ചിത്രങ്ങളും വീഡിയോയും പകർത്തുന്നതിനും സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതിനായി നാലംഗ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. സമിതി, ഏജൻസിയുടെ സർവേ നിരന്തരം നിരീക്ഷിക്കും.

ചീഫ് ടൗൺ പ്ളാനർ ചെയർമാനായ സമിതിയിൽ അമൃത് മിഷൻ ഡയറക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, സ്‌പെഷ്യൽ ബ്രാഞ്ച് ഇന്റലിജൻസ് എ.ഡി.ജി.പി എന്നിവരാണ് അംഗങ്ങൾ. സർക്കാരിന്റെ ഉത്തരവ് അനുസരിച്ച് ഈ സമിതി ആയിരിക്കും നഗരത്തിൽ ഡ്രോൺ സർവേ നടത്തുന്നിനുള്ള ഏജൻസിയെ തീരുമാനിക്കുക. സർവേയിൽ നിന്ന് ലഭിക്കുന്ന സുരക്ഷിത, തന്ത്രപ്രധാന കേന്ദ്രങ്ങളുടെ വിവരങ്ങൾ ചോരാതെ സൂക്ഷിക്കുന്നതും സമിതി ആയിരിക്കും. കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലകളിലെ സർവേയ്ക്ക് പ്രത്യേകം സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കേണ്ടി വരും.

അമൃത് പദ്ധതിയുടെ ഭാഗമായി നടത്തുന്ന ലോക്കൽ ഏരിയ പ്ളാൻ അനുസരിച്ച് ഇന്ത്യയിലെ 25 വൻ നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരമാണ് ഉൾപ്പെട്ടിരിക്കുന്നത്. പൈലറ്റ് അടിസ്ഥാനത്തിൽ ആണ് ഇപ്പോഴത്തെ സർവേ. സർക്കാരിന്റെ ഉന്നതാധികാര സ്റ്റിയറിംഗ് സമിതി യോഗത്തിൽ ചീഫ് ടൗൺ പ്ളാനർ അവതരിപ്പിച്ച പ്രോജക്ട് നിർദ്ദേശം അവർ അംഗീകരിച്ചു. ഇതിനായി 2016ലെ കേരള ടൗൺ ആൻഡ് കൺട്രി പ്ളാനിംഗ് നിയമപ്രകാരം മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചിട്ടുണ്ട്. നഗരത്തിലെ ഭൂമി സർവേയിലൂടെ കണ്ടെത്തുന്ന രീതിയായ ലാൻഡ് പൂളിംഗിന് നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ, ഇത് നടപ്പാക്കുന്നതിന് നിയമത്തിൽ ചില ഭേദഗതികൾ ആവശ്യമുണ്ട്. അതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരികയാണ്.