drugs

ന്യൂയോർക്ക്: പൊതുവിടങ്ങളിൽ നിയമാനുസൃതമായി കഞ്ചാവ് ഉപയോഗിക്കാനുള‌ള ബില്ലിന് അമേരിക്കയിൽ ന്യൂയോർക്ക് സംസ്ഥാനത്ത് അംഗീകാരം. ഗവർണർ ആൻഡ്രൂ കുമോ ബില്ലിൽ ഒപ്പുവച്ചതോടെയാണ് കഞ്ചാവ് ന്യൂയോർക്കിൽ നിയമാനുസൃതമായത്. എന്നാൽ 21 വയസിന് താഴെയുള‌ളവർ കഞ്ചാവ് ഉപയോഗിച്ചാൽ ശിക്ഷാർഹമാണെന്നും ബില്ലിൽ പറയുന്നു.

അടുത്ത കാലത്ത് കാലിഫോർണിയയും വിനോദ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയിരുന്നു. സൗത്ത് ഡക്കോട്ട സംസ്ഥാനത്ത് ബിൽ പാസാക്കാനാകാതെ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ന്യൂയോർക്ക് സംസ്ഥാനം ബിൽ പാസാക്കിയതോടെ അമേരിക്കയിൽ കഞ്ചാവ് ഉപയോഗത്തിന് നിയമ സംരക്ഷണം നൽകുന്ന പതിനാറാമത് സംസ്ഥാനമായി ന്യൂയോർക്ക് മാറി. ഇതോടെ ജോലിസ്ഥലത്തോ,വീട്ടിലോ,കോടതിയിലോ,വിദ്യാലയങ്ങളിലോ,സർ‌വകലാശാലകളിലോ കഞ്ചാവ് ഇനി ഉപയോഗിക്കാനാകും. കഞ്ചാവിന്റെ പേരിലുള‌ള വീട്, വാഹന പരിശോധനകളും ഇതോടെ നിയന്ത്രിക്കപ്പെടും. എന്നാൽ റിപബ്ളിക്കൻ പ്രതിനിധികളും നാട്ടിലെ രക്ഷകർത്താക്കളുടെ സംഘടനയും ഈ നിയമത്തിനെ ശക്തമായി എതിർക്കുന്നു.

കുട്ടികളിൽ കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ഈ നിയമം കാരണമാകുമെന്ന് രക്ഷകർത്താക്കളും ജനപ്രതിനിധികളും വാദിക്കുന്നു. എന്നാൽ നിലവിൽ പുകവലി നിരോധനം ഏർപ്പെടുത്തിയ ഇടങ്ങളിൽ കഞ്ചാവ് ഉപയോഗത്തിനും നിരോധനമുണ്ട്. രാജ്യത്തെ പടിഞ്ഞാറൻ തീരത്തെ ഏ‌റ്റവും വലിയ കഞ്ചാവ് മാർക്ക‌റ്റായി ന്യൂയോർക്ക് മാറുമെന്നാണ് വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്. സംസ്ഥാനത്ത് ചെറിയ അളവിൽ കഞ്ചാവ് കൈവശം വച്ചതിന് അറസ്‌റ്റിലായവർ ഇതോടെ ഉടൻ ജയിൽ മോചിതരാകും.