പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ രജനികാന്തിന്റെ അപൂർവ വിശേഷങ്ങൾ
താരങ്ങൾക്ക് ആരാധകരുണ്ട്. പക്ഷേ താരങ്ങളും ആരാധിക്കുന്ന താരം, ഇന്ത്യൻ സിനിമയിൽ അന്നും ഇന്നും അങ്ങനെ ഒരാളേയുള്ളൂ... ഒരേയൊരു രജനികാന്ത്. സൂപ്പർ സ്റ്റാറുകളുടെ സൂപ്പർ സ്റ്റാർ... തമിഴകത്തിന്റെ തങ്കത്തലൈവർ.
ചലച്ചിത്ര മേഖലയ്ക്ക് രാജ്യം നൽകുന്ന പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് രജനികാന്തിന് സമ്മാനിക്കുന്നതിലൂടെആദരിക്കപ്പെടുന്നത് ഇന്ത്യൻ സിനിമ തന്നെയാണ്. ഒരു നാടിന്റെ ചലച്ചിത്ര സംസ്കാരവും ബോക്സോഫീസ് സമവാക്യങ്ങളും മാറ്റി മറിച്ച പകരം വയ്ക്കാനില്ലാത്ത പ്രതിഭയ്ക്ക് ഇത് അർഹതയ്ക്കുള്ള അംഗീകാരം. കന്നഡിഗനായ ശിവാജിറാവ് ഗെയ്ക്ക് വാദ് എഴുപതുകളുടെ പകുതിയിലാണ് രജനീകാന്തായി തമിഴ് സിനിമയിൽ അരങ്ങേറുന്നത്.
'ഇയക്കുനർ ശിഖര"മെന്ന് വാഴ്ത്തപ്പെടുന്ന മഹാ സംവിധായകൻ കെ. ബാലചന്ദറിന്റെ അപൂർവരാഗങ്ങളിലെ പാണ്ഡ്യനായി 1975-ൽ വെള്ളിത്തിരയിലെത്തിയ രജനിക്ക് വരുന്ന ഡിസംബർ 12ന് എഴുപത്തിയൊന്ന് തികയും. ഒടുവിലിറങ്ങിയ ദർബാറിൽ രജനിയുടെ ഹിറ്റ് ഡയലോഗുകളിലൊന്നായ 'ഏജ് ഈസ് ജസ്റ്റ് എ നമ്പർ" രജനിയുടെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാണ്.
ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും പ്രായഭേദമില്ലാതെ രജനി ചിത്രങ്ങൾ ആഘോഷമാക്കി ആബാലവൃദ്ധം സിനിമാപ്രേമികളും പറയാതെ പറയുന്ന ഒരു പഞ്ച് ഡയലോഗുണ്ട്: 'രജനി രജനി താൻ..."
സിനിമ വിടാൻ ആലോചിച്ചിരുന്നു
എഴുപതുകളുടെ അവസാനം സിനിമയിൽ കത്തിക്കയറി തുടങ്ങിയ കാലത്ത് തന്നെ അഭിനയം അവസാനിക്കാൻ രജനികാന്ത് ആലോചിച്ചിരുന്നുവെന്നത് കടുത്ത 'രജനി രസിക"ർക്ക് പോലും അറിയാത്ത രഹസ്യമാണ്. സിനിമാരംഗത്തെ പലർക്കും രജനികാന്തിന്റെ ആ അപ്രതീക്ഷിത തീരുമാനം ഒരു അദ്ഭുതമായിരുന്നു. ഗുരുക്കന്മാരായ സംവിധായകർ കെ. ബാലചന്ദറും എസ്.പി. മുത്തുരാമനും നൽകിയ ഉപദേശമനുസരിച്ചാണ് സിനിമയിൽത്തന്നെ തുടരാനുള്ള പുതിയ തീരുമാനം രജനികാന്ത് കൈക്കൊണ്ടത്.
ബോളിവുഡിൽ സൂപ്പർ ഹിറ്റായ അമിതാഭ് ബച്ചൻ ചിത്രം ഡോണിന്റെ തമിഴ് റീമേക്കായ ബില്ലയിലാണ് രജനി തുടർന്നഭിനയിച്ചത്. തമിഴിൽ പല പുതിയ വിജയചരിത്രങ്ങളുമെഴുതിച്ചേർത്ത ബില്ല രജനികാന്തിനെ ബോക്സോഫീസ് ഹീറോയാക്കി; 'വസൂൽ" സൂപ്പർ സ്റ്റാറാക്കി. ധർമ്മയുദ്ധം, നെട്രിക്കൺ, മുരട്ടുകാളൈ, മുൻട്ര് മുഖം, പോക്കിരിരാജ, തനിക്കാട്ട് രാജ, പായും പുലി, പൊല്ലാതവൻ... തമിഴകം രജനിയെ ആഘോഷിക്കാൻ തുടങ്ങിയ കാലം പിറക്കു കയായിരുന്നു പിന്നീട്.
രജനിയെ രക്ഷിച്ച കമൽഹാസൻ
രജനികാന്ത്നായകനായഭിനയിച്ച ആദ്യ ചിത്രമാണ് മുള്ളും മലരും. നിർമ്മാതാവിന്റെ പിടിവാശികളാൽ പാതിവഴിക്ക് മുടങ്ങിയ ആ ചിത്രം പൂർത്തിയാക്കി തിയേറ്ററുകളിലെത്തിച്ചത് കമൽഹാസനാണെന്നുള്ളത് മറ്റൊരു കൗതുകം. മികച്ച സംഭാഷണ രചയിതാവായി അറിയപ്പെട്ടിരുന്ന മഹേന്ദ്രൻ ആദ്യമായായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മുള്ളും മലരും. ബാലുമഹേന്ദ്രയായിരുന്നു ആ സിനിമയുടെ ഛായാഗ്രാഹകൻ. സംഗീത സംവിധായകൻ ഇളയരാജയും. പിൽക്കാലത്ത് തമിഴ് സിനിമയ്ക്ക് പുതിയ മേൽവിലാസം നൽകിയ മഹാപ്രതിഭകൾ സിനിമയിൽ പിച്ചവച്ച് തുടങ്ങിയിരുന്നതേയുള്ളൂ അപ്പോൾ.
മികച്ച സംഭാഷണങ്ങളെഴുതുന്നയാൾ എന്നതായിരുന്നു ആ കാലത്ത് മഹേന്ദ്രന്റെ പ്രശസ്തി. മഹേന്ദ്രൻ സംവിധായകനായി അരങ്ങേറുന്ന സിനിമയായ മുള്ളും മലരും സംഭാഷണത്തിന്ഏറെ പ്രാധാന്യമില്ലാത്ത വിഷ്വലുകൾക്ക് പ്രാമുഖ്യം കൊടുക്കുന്ന സിനിമയാകുന്നത് നിർമ്മാതാവിന് അത്ര പിടിച്ചില്ല. സിനിമയുടെ നിർമ്മാണത്തിൽ നിന്ന് താൻ പിന്മാറുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മേക്കിംഗിന്റെയും പെർഫോർമൻസിന്റെയും പേരിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന മുള്ളും മലരും എന്ന സിനിമയ്ക്ക് പ്രതിസന്ധി ഘട്ടത്തിൽ രക്ഷകനായത് കമൽഹാസനാണ്. നായകനെ ഇഷ്ടമായില്ല, സിനിമയിൽ സംഭാഷണം കുറവാണ് എന്നൊക്കെയുള്ള കാരണം പറഞ്ഞ് അവസാന ഘട്ട ചിത്രീകരണത്തിന് പണം നൽകാതെ നിർമ്മാതാവ് പിന്നോട്ടടിച്ചപ്പോൾ സിനിമ പൂർത്തിയാക്കാനും റിലീസ്ചെയ്യാനുമുള്ള പണം നൽകിയത് കമൽഹാസനാണ്. രജനിയും കമലും തമ്മിലുള്ള ഇണയും ഇഴയും പിരിയാത്ത ഗാഢ സൗഹൃദത്തിന്റെ തുടക്കം അവിടെയാണ്.
സൂപ്പർ സ്റ്റാറാക്കിയത്
ഭൈരവി
1978-ൽ റിലീസായ ഭൈരവിയാണ് രജനികാന്തിനെ സൂപ്പർ സ്റ്റാറായി അവരോധിച്ചത്. എം. ഭാസ്ക്കർ സംവിധാനം ചെയ്ത ആ ചിത്രത്തിൽ മൂക്കയ്യ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്.
പുരസ്കാരങ്ങൾ
തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ആറ് തവണ നേടിയിട്ടുള്ള രജനികാന്തിനെ 2000-ൽ പത്മഭൂഷണും 2016ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. ഗോവയിൽ നടന്ന നാല്പത്തിയഞ്ചാം രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ സെന്റിനറി അവാർഡും നേടി. 1984-ൽ നല്ലവനുക്ക് നല്ലവൻ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ രജനികാന്തിന് രണ്ട് തവണ ഫിലിം ഫയർ അവാർഡ് നോമിനേഷനും ലഭിച്ചിട്ടുണ്ട്.