തിരുവനന്തപുരം: വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ ജില്ലയിൽ മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും നെഞ്ചിടിപ്പ് ഏറുന്നു. പ്രചാരണത്തിന്റെ തുടക്കത്തിൽ ഉണ്ടായ മേൽക്കൈ ഇപ്പോൾ ഒരു മുന്നണിക്കും ഇല്ല. ജില്ലയിലെ 14 മണ്ഡലങ്ങളിലും മുന്നണികളൊന്നും തന്നെ ഈസി വാക്ക് ഓവർ പ്രതീക്ഷിക്കുന്നുമില്ല.
വികസനപ്രവർത്തനങ്ങൾ വോട്ടാകുമെന്ന് ഇടതുമുന്നണി ഉറച്ച് വിശ്വസിക്കുന്നു. സാധാരണക്കാരായ പാർട്ടി അണികൾക്ക് ഇന്നു യു.ഡി.എഫിനോടാണ് താത്പര്യമെന്നും ഇത് വോട്ടാകുമെന്നുമാണ് യു.ഡി.എഫ്. നേതാക്കളുടെ അവകാശവാദം. എന്നാൽ, മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് കൂടുതൽ അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. കഴിഞ്ഞ തവണ നേമത്ത് മാത്രം ജയിക്കാനായ ബി.ജെ.പി ഇത്തവണ കടുത്ത പോരാട്ടത്തിനാണ് ഇറങ്ങിയിരിക്കുന്നത്.
പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ സ്ഥാനാർത്ഥികൾ വിശ്രമമില്ലാതെ വീടുകൾ തോറും കയറിയിറങ്ങി അവസാനവട്ടം വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്. മൈക്ക് അനൗൺസ‌്‌മെന്റിന് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും അവസാന ഘട്ടത്തിൽ മാത്രമാണ് അത് ചൂട് പിടിച്ചത്. ഉച്ചവെയിലിനെക്കാൾ പൊള്ളുന്ന തിരഞ്ഞെടുപ്പ് ചൂടാണ് ഗ്രാമങ്ങളിലും നഗരങ്ങളിലും. ഓടിയോടി ക്ഷീണിച്ചെങ്കിലും അതെല്ലാം മറന്ന് വോട്ട് ചോരാതിരിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ പ്രവർത്തകരും ആവേശത്തിലാണ്. സ്ഥാനാർത്ഥി ഇല്ലെങ്കിൽ കൂടി ബൈക്ക് റാലിയും മറ്റും സംഘടിപ്പിച്ച് പ്രവർത്തകരും അണികളും പ്രചാരണത്തിന്റെ ആവേശം തെല്ലും ചോരാതെ നിലനിറുത്തുന്നുണ്ട്. ഇതിനൊപ്പം യുവാക്കൾ പല സംഘങ്ങളായി തിരിഞ്ഞ് മൂന്ന് മുന്നണികൾക്കും വേണ്ടി സ്‌ക്വാഡ് വർക്കുകളും നടത്തുന്നു.
മുന്നണികൾ എല്ലാം തന്നെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തുന്ന തിരക്കിലാണ്. ഇനിയുള്ള മൂന്ന് ദിവസം റോഡ് ഷോകളുടെ പൂരമായിരിക്കും. ദേശീയ നേതാക്കളെ കൊണ്ടുവന്ന് തിരഞ്ഞെടുപ്പ് കളം കൊഴുപ്പിക്കുകയാണ് മുന്നണികൾ. ആദ്യ ഘട്ടങ്ങളിലെ ആലസ്യം മാറ്റിവച്ച് മൂന്ന് മുന്നണികളും രംഗത്ത് സജീവമായതോടെ മത്സരം തീപാറുമെന്ന് ഉറപ്പായിരിക്കുകയാണ്. മുന്നണി സ്ഥാനാർത്ഥികൾ ഓരോരുത്തരും അതത് മേഖലകളിൽ അംഗീകാരമുള്ളവരായതിനാൽ ആർക്ക് ഭൂരിപക്ഷം കിട്ടുമെന്ന കാര്യം പ്രവചനാതീതമാണ്. പരിചയ സമ്പന്നർക്കൊപ്പം യുവതയ്ക്ക് ഇതുവരെ ഉണ്ടായിരുന്നതിനെക്കാൾ വലിയ പ്രാധാന്യവും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കിട്ടിക്കഴിഞ്ഞു. അതിനാൽ തന്നെ പോരാട്ടം പരിചയ സമ്പന്നരും ന്യൂജെന്നും തമ്മിലാണെന്നത് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നു.
തലസ്ഥാന നഗരത്തിൽ ഉൾപ്പെടുന്ന മണ്ഡലങ്ങളായ കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലെ ഫലം എന്താകുമെന്ന ആശങ്ക മുന്നണികൾക്കെല്ലാം തന്നെയുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മത്സരിക്കുന്ന കഴക്കൂട്ടത്തും രണ്ട് തവണ തുടർച്ചയായി എം.എൽ.എയായ വി.എസ്. ശിവകുമാർ മത്സരിക്കുന്ന തിരുവനന്തപുരം സെൻട്രലിലും ഫലം പ്രവചനാതീതമായിരിക്കുകയാണ്. സെൻട്രലിൽ നിർണായകമാകുന്നത് തീരദേശത്തെ ജനങ്ങളുടെ വോട്ടാണ്. ശിവകുമാറിനെ പരമ്പരാഗതമായി പിന്തുണച്ചു പോരുന്ന ഇവിടം പക്ഷേ, ഇപ്പോൾ മനസ് തുറന്നിട്ടില്ല. നേമത്ത് കെ.മുരളീധരന്റെ വിജയം ഉറപ്പാണെന്ന് യു.ഡി.എഫ് കരുതുമ്പോഴും അട്ടിമറി വിജയമാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. കോവളം മണ്ഡലത്തിൽ യു.ഡി.എഫിന് കാര്യമായ വെല്ലുവിളി ഇല്ലെന്നാണ് നിലവിലെ സൂചന. കഴക്കൂട്ടത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മന്ത്രി കടകംപള്ളിയും യു.ഡി.എഫിന്റെ ഡോ.എസ്.എസ്.ലാലും ബി.ജെ.പിയുടെ ഝാൻസിറാണി എന്നറിയപ്പെടുന്ന ശോഭാ സുരേന്ദ്രനും പോരടിക്കുമ്പോൾ ഫലം എന്താകുമെന്ന് ആർക്കും ഉറപ്പിക്കാനാകുന്നില്ല. വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം പറയപ്പെടുന്നുണ്ട്. എന്നാൽ, യു.ഡി.എഫ് ഇതിനെയൊക്കെ തള്ളുന്നു.