ഒറ്റപ്പാലം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ടർമാരുടെ പട്ടികയിൽ പിശകെന്ന് പരാതി. ഒറ്റപ്പാലം മണ്ഡലത്തിലെ വോട്ടർമാരും ഇരട്ടകളുമായ അരുണും വരുണുമാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇരട്ട സഹോദരങ്ങളായ തങ്ങളെ ഇരട്ടവോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും പ്രതിപക്ഷനേതാവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വരുൺ വ്യക്തമാക്കി. മണ്ഡലത്തിലെ 135ാം ബൂത്തിലെ വോട്ടർമാരാണ് അരുണും വരുണും.
ഇന്നലെയാണ് വ്യാജ, ഇരട്ടവോട്ടുള്ളവരുടെ പട്ടിക പ്രതിപക്ഷ നേതാവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. മണിക്കൂറുകൾക്കുള്ളിൽ ഓപ്പറേഷൻ ട്വിൻസ് വെബ്‌സൈറ്റ് ലക്ഷക്കണക്കിന് വ്യാജ വോട്ടർമാരുടെ വിശദമായ ലിസ്റ്റുമായി വൈറലായി. മൂന്ന് തരത്തിലുള്ള വ്യാജന്മാരെയാണ് തരംതിരിച്ച് വെബ്‌സൈറ്റിൽ നിരത്തിയിരിക്കുന്നത്. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളിൽ വോട്ടർ പട്ടികയിലുള്ളവർ, ഒരേ വോട്ടർ രണ്ട് മണ്ഡലങ്ങളിലുള്ളവർ, ഒരേ മണ്ഡലത്തിൽ വ്യത്യസ്ത ബൂത്തുകളിലുള്ളവർ എന്നിങ്ങിനെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ലിസ്റ്റ്.
അതിനിടെ വോട്ടർ പട്ടിക പുറത്തുവിട്ട സംഭവത്തിൽ പ്രതിപക്ഷ നേതാവിനെതിരെ ഗുരുതര ആരോപണവുമായി സി പി എം രംഗത്തെത്തി. വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയെന്നാണ് സി പി എമ്മിന്റെ ആരോപണം. ഇരട്ടവോട്ട് സംബന്ധിച്ച വിരങ്ങൾ ചെന്നിത്തല പ്രസിദ്ധീകരിച്ചത് സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്തത് വെബ്സൈറ്റിലാണെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ആരോപിക്കുന്നത്. വ്യക്തികളുടെ അനുമതിയോടെയല്ല വിവരങ്ങൾ പ്രസിദ്ധീകരിച്ചതെന്നും ഇത് ഗൗരവമായ നിയമപ്രശ്നമാണന്നും ആദ്ദേഹം കുറ്റപ്പെടുത്തി.