toys

ആരുടെയും മനസിനെ ആളി കത്തിക്കുന്ന രീതിയിലാണ് മെക്സിക്കോയിലെ പാവകളുടെ ദ്വീപിൽ അംഗവൈകല്യം വന്ന പാവകളെ മരങ്ങളിൽ തൂക്കിയിട്ടിരിക്കുന്നത്. ഒരേ സമയം അതിശയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഇടമാണ് ഈ ദ്വീപ്. എവിടെ തിരിഞ്ഞാലും വിചിത്രമായ രൂപത്തിൽ മരത്തിൽ തൂക്കിയിട്ടിരിക്കുന്ന പാവകളെ കാണാൻ സാധിക്കും.

സാധാരണ പാവകളെ കാണുമ്പോൾ എല്ലാവർക്കും ഓമനത്വമാണ് മനസ്സിൽ വരുന്നത്. എന്നാൽ എത്ര ധൈര്യശാലിയും ഇവിടെ എത്തിയാൽ ഭയപ്പെടുമെന്ന കാര്യത്തിൽ സംശയിക്കുകയേ വേണ്ട. മഞ്ഞും മഴയുമേറ്റ്, നിറം മങ്ങിയതും, കണ്ണുകളിൽ ഭീകര ഭാവമുള്ളതും, പൊട്ടി കിടക്കുന്ന കയ്യും കാലും ഒക്കെയായാണ് ഇവിടെ പാവകളുള്ളത്. കണ്ണുകൾ പുറത്തു വന്നും മുടിയിൽ തൂങ്ങിയും ശ്വാസംമുട്ടിക്കുന്ന രീതിയിലുള്ള പാവകളാണ് ഇവിടെ കൂടുതലായും ഉള്ളത്.

ജൂലിയൻ സന്റാന ബരാന എന്ന കലാകാരൻ കാമുകിയുമായി തെറ്റിപ്പിരിഞ്ഞ് തനിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തിലാണ് 1970കളിൽ ഈ ദ്വീപിലെത്തിയത്. ഒരിക്കൽ ഈ ദ്വീപിലെ വെള്ളത്തിലൂടെ എവിടെനിന്നോ ഒരു പെൺകുട്ടിയുടെ മൃതദേഹവും, അതിനോടൊപ്പം ഒരു പാവയും ഉണ്ടായിരുന്നു. ഇതാണ് ദ്വീപിലെത്തിയ ആദ്യ പാവ എന്നാണ് വിശ്വാസം.

ആ കുട്ടിയുടെ ആത്മാവ് പാവയോടൊപ്പമുണ്ടെന്ന് ബരാന വിശ്വസിച്ചു തുടങ്ങി അതിനെ സന്തോഷിപ്പിക്കുന്നതിനായി അയാൾ കൂടുതൽ പാവകളെ ദ്വീപലേക്ക് കൊണ്ടുവന്നു. ഇക്കാര്യമറിഞ്ഞ് കൂടുതൽ ആളുകൾ പാവകളെ ഇവടേയ്ക്ക് കൊണ്ടുവരാൻ തുടങ്ങി. അങ്ങനെ വളരെ കുറച്ചു നാളുകൾ കൊണ്ട് ദ്വീപ് മുഴുവൻ പാവകളായി. രാത്രിയിൽ പാവകൾ തമ്മിൽ സംസാരിക്കുമെന്നും അവയിൽ ആത്മാക്കൾ ഉണ്ടെന്നും പറയപ്പെടുന്നു. പാവകളിലേക്ക് നോക്കുമ്പോൾ അവ പരസ്പരം സംസാരിക്കുന്നതായും കണ്ണിലേക്ക് തുറിച്ചു നോക്കുന്നതായും തലയാട്ടുന്നതുമായെല്ലാം തോന്നുന്നതായി അനുഭവസ്ഥർ പറയുന്നു. എന്തായാലും ഇവിടെയെത്തിയ സഞ്ചാരികളൊന്നും സന്തോഷത്തോടെ മടങ്ങിയിട്ടില്ല.