ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 20 കൊല്ലത്തിന് ശേഷം ജർമ്മനിക്ക് തോൽവി
മുൻ ചാമ്പ്യന്മാരെ 2-1ന് അട്ടിമറിച്ചത് വടക്കൻ മാസിഡോണിയ
ഇംഗ്ളണ്ടിനും ഫ്രാൻസിനും ഇറ്റലിക്കും സ്പെയ്നിനും ജയം
മ്യൂണിക്ക്: യൂറോപ്യൻ മേഖലാ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ട് മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി. ദുർബലരായ വടക്കൻ മാസിഡോണിയയാണ് ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് സ്വന്തം നാട്ടിൽവച്ച് ജർമ്മനിയെ അട്ടിമറിച്ചത്. കഴിഞ്ഞ 20 വർഷത്തിനിടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ജർമനി നേരിടുന്ന ആദ്യ പരാജയമാണിത്.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിന്ന മാസിഡോണിയയെ രണ്ടാം പകുതിയിൽ ജർമ്മനി സമനിലയിൽ പിടിച്ചിരുന്നു. എന്നാൽ അവസാന സമയത്ത് ഒരു ഗോൾ കൂടി നേടി മാസിഡോണിയ വിജയം തട്ടിയെടുത്തു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഗോരാൻ പാണ്‍ഡേവിലൂടെയാണ് മാസിഡോണിയ മുന്നിലെത്തിയത്. 63-ാം മിനിട്ടിൽ ഇക്കേയ് ഗുണ്ടോഗന്റെ പെനാൽറ്റി ഗോളിൽ ജർമനി ഒപ്പമെത്തി. എന്നാൽ 85-ാം മിനിട്ടിൽ എൽജിഫ് എൽമാസിന്റെ മത്സരത്തിന്റെ വിധി നിർണയിച്ച മാസിഡോണിയയുടെ രണ്ടാം ഗോൾ നേടി. ഇതോടെ ഗ്രൂപ്പ് ജിയിൽ ജർമ്മനിയെ മറികടന്ന് മാസിഡോണിയ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.
മറ്റ് മത്സരങ്ങളിൽ മുൻനിരക്കാരായ ഫ്രാൻസ് ബോസ്‌നിയയേയും (1-0), സ്‌പെയ്ൻ കൊസോവോയേയും (3-1), ഇംഗ്ലണ്ട് പോളണ്ടിനെയും (2-1), ഇറ്റലി ലിത്വാനിയയേയും (2-0) തോൽപ്പിച്ചു. 60-ാം മിനിട്ടിൽ അന്റോയ്ൻ ഗ്രീസ്മാൻ നേടിയ ഗോളിനായിരുന്നു ഫ്രാൻസിന്റെ ജയം. പരിക്കേറ്റ സൂപ്പർ താരം റോബർട്ട് ലെവാൻഡോവ്സ്കിയെ കൂടാതെ ഇറങ്ങിയ പോളണ്ടിനെതിരെ 19-ാം മിനിട്ടിൽ നായകൻ ഹാരി കേനിലൂടെയാണ് ഇംഗളണ്ട് സകോറിംഗ് തുടങ്ങിയത്.58-ാം മിനിട്ടിൽ മോഡറിലൂടെ പോളണ്ട് സമനില പിടിച്ചെങ്കിലും 85-ാം മിനിട്ടിലെ ഹാരി മഗ്വെയ്റിലൂടെ ഗോളിലൂടെ ഇംഗ്ളണ്ട് വിജയം കുറിച്ചു.
47-ാം മിനിട്ടിൽ സെസൻസിയും അവസാന നിമിഷത്തിൽ സിറോ ഇമ്മൊബൈലും നേടിയ ഗോളുകൾക്കാണ് ഇറ്റലി ലിത്വാനിയയെ തോൽപ്പിച്ചത്. 34-ാം മിനിട്ടിൽ ഡാനിയേൽ ഓൽമോയും 36-ാം മിനിട്ടിൽ ഫെറാൻ ടോറസും 76-ാം മിനിട്ടിൽ ജെറാഡ് മൊറേനോയും നേടിയ ഗോളുകൾക്കാണ് സ്പെയ്ൻ കൊസോവോയെ തോൽപ്പിച്ചത്.70-ാം മിനിട്ടിൽ ഹാലിമിയിലൂടെ കൊസോവോ ആശ്വാസഗോൾ കണ്ടെത്തി.മറ്റ് മത്സരങ്ങളിൽ ഡെന്മാർക്ക് 4-0ത്തിന് ആസ്ട്രിയയെയും ഐസ്‌ലാൻഡ് 4-1ന് ലിച്ചെൻസ്റ്റീനിനെയും തോൽപ്പിച്ചു.
2001ൽ ഇംഗ്ളണ്ടിനെതിരെ മ്യൂണിക്കിൽ വച്ചാണ് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അവസാനമായി ജർമ്മനി തോറ്റത്. 5-1നായിരുന്നു ആ തോൽവി.
അതിന് ശേഷം കളിച്ച 35 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളിലും ജർമ്മനി തോൽവി അറിഞ്ഞിട്ടില്ല. ഇതിൽ 18 മത്സരങ്ങളിൽ തുടർവിജയം നേടി.
15 വർഷമായി ജർമ്മൻ പരിശീലകനായി തുടരുന്ന യൊവാക്വിം ലോയ്‌വിന് കീഴിൽ ആദ്യമായാണ് ജർമ്മനി ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ തോൽക്കുന്നത്.2014ൽ ജർമ്മനി ലോകചാമ്പ്യന്മാരായത് ലോയ്‌വിന് കീഴിലാണ്.
ലോയ്‌വിന് കീഴിൽ ജർമ്മനിയുടെ അവസാന ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും ഇത്.ഈ വർഷം യൂറോകപ്പിന് ശേഷം സ്ഥാനമാെഴിയുകയാണെന്ന് ലോയ്‌വ് അറിയിച്ചിട്ടുണ്ട്.
ഇതുവരെ ലോകകപ്പ് കളിച്ചിട്ടില്ലാത്ത മാസിഡോണിയ ചരിത്രത്തിലാദ്യമായി ഇത്തവണ യൂറോകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.