bengal

ന്യൂഡൽഹി: പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ഒൻപത് മണിക്കൂർ പിന്നിടുമ്പോൾ ബംഗാളിൽ പോളിംഗ് 71.07 ശതമാനമെത്തി. ആസാമിൽ 63.04 ശതമാനമാണ് പോളിംഗ്. ബംഗാളിൽ 30 നിയോജകമണ്ഡലങ്ങളിലും ആസാമിൽ 39 നിയോജക മണ്ഡലങ്ങളിലുമാണ് ജനം വിധിയെഴുതുന്നത്.

മുഖ്യമന്ത്രി മമതാ ബാനർജി ജനവിധി തേടുന്ന നന്ദിഗ്രാം സീ‌റ്റിലും ഇന്നാണ് വോട്ടെടുപ്പ്. മമതയുടെ മുൻ സഹപ്രവർത്തകനും ബിജെപി നേതാവുമായ സുവേന്ദു അധികാരിയാണ് ഇവിടെ മമതയ്‌ക്ക് എതിരെ മത്സരിക്കുന്നത്. നന്ദിഗ്രാമിലെ പോളിംഗ് ബൂത്തിലെത്തിയ മമതയ്‌ക്കെതിരെ ജനങ്ങൾ മുദ്രാവാക്യം വിളിച്ചു. തുടർന്ന് പ്രദേശവാസികളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഗവർണർ ജഗ്‌ദീപ് ധൻകറിനെ വിളിച്ച് പരാതിപ്പെട്ടു. പരാതി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതായി ഗവർണർ പ്രതികരിച്ചു.

അതേസമയം പരാജയഭീതികൊണ്ടാണ് തൃണമൂൽ കോൺഗ്രസും മുഖ്യമന്ത്രി മമതാ ബാനർജിയും പരാതിപ്പെടുന്നതെന്ന് സുവേന്ദു അധികാരി അഭിപ്രായപ്പെട്ടു. 'വ്യാജ തിരിച്ചറിയൽ കാർഡുമായി തൃണമൂൽ പ്രവർത്തകർ വോട്ട് ചെയ്യാനെത്തി. മൂന്ന് പേരെ പിടികൂടി. രണ്ട് ബൂത്തുകൾ തൃണമൂലുകാർ പിടിച്ചെടുക്കാൻ നോക്കി അതും പൊലീസ് നിരീക്ഷകൻ പിടികൂടി.' സുവേന്ദു പറഞ്ഞു.

രാവിലെ മിഡ്നാ‌പൂരിലുണ്ടായ സംഘർഷത്തിൽ ഒരു തൃണമൂൽ പ്രവർ‌ത്തകൻ മരണമടഞ്ഞിരുന്നു. പ്രശ്‌നത്തിൽ എട്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന തംലുക്, നന്ദിഗ്രാം എന്നിവിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടത്തെ പോളിംഗ് സ്റ്റേഷനിൽ കൂടുതൽ കമ്പനി കേന്ദ്രസേനയെ നിയാേഗിച്ചിട്ടുണ്ട്. നന്ദിഗ്രാമിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഹെലികോപ്ടറിൽ വ്യോമനിരീക്ഷണം നടത്തും.വോട്ടർമാർ അല്ലാത്തവർക്ക് നന്ദിഗ്രാമിൽ പ്രവേശനമില്ല.

പലയിടത്തും ഗുണ്ടകളെ ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസുകാർ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി ബിജെപി പ്രവർത്തകർ‌ പരാതിപ്പെട്ടിരുന്നു. ബിജെപിക്കാർ വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.