covid19

ന്യൂഡൽഹി:കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ വാക്സിൻ വിതരണം ഊർജിതമാക്കണമെന്ന് കേന്ദ്രത്തിന്റെ കർശന നിർദേശം. സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ഈ മാസം ഒരുദിവസം പോലും വാക്സിൻ വിതരണം തടസപ്പെടരുതെന്നാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിരിക്കുന്ന നിർദേശം. രോഗബാധ ഉയരുന്ന സാഹചര്യത്തിൽ പരമാവധിപേർക്ക് അതിവേഗം വാക്സിൻ നൽകാനാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ഇതോടെ ദുഃഖ വെള്ളി, ഈസ്റ്റർ, വിഷു തുടങ്ങിയ ദിവസങ്ങളിലും വാക്സിൻ ലഭ്യമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

സംസ്ഥാനത്ത് 45 വയസിനു മുകളിലുള്ള എല്ലാവർക്കും ഇന്നുമുതൽ കൊവിഡ് വാക്സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്. ഓൺലൈൻ മുഖേനയും ആശുപത്രിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്സിൻ സ്വീകരിക്കാം.ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം.45 നു മുകളിൽ പ്രായമുള്ളവർക്ക് 45 ദിവസം കൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ ലഭ്യമാണ്.