കണ്ണൂർ : അടുത്തിടെ അന്തരിച്ച സി പി എം നേതാവ് പി കെ കുഞ്ഞനന്തന്റെ പേര് തിരഞ്ഞെടുപ്പ് പട്ടികയിൽ. കൂത്തുപറമ്പ് മണ്ഡലത്തിലെ 75ാം ബൂത്തിലാണ് അദ്ദേഹത്തിന്റെ പേരുളളത്. കുഞ്ഞനന്തന്റെ പേര് ഇപ്പോഴും തുടരുന്നത് അങ്ങനെയൊരാൾ ജീവിച്ചിരിക്കുന്നതായി ഫീൽഡ് വെരിഫിക്കേഷൻ റിപ്പോർട്ട് ലഭിച്ചതുകൊണ്ടാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ വോട്ടർ പട്ടികയെ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്. ഇരട്ട വോട്ടുകളെ സംബന്ധിച്ച് വോട്ടർ പട്ടികയിലെ പിശകുകളെ കുറിച്ച് തെളിവുകൾ സഹിതം പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. ലക്ഷക്കണക്കിന് ഇരട്ട വോട്ടുകളാണ് ചേർത്തിട്ടുള്ളതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. തിരഞ്ഞെടുപ്പ് സംശുദ്ധമായി നടപ്പിലാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയും നിർദ്ദേശം നൽകിയിട്ടുണ്ട്.